'ആദ്യമായി വെബ് സീരീസിന്റെ ഭാഗമാകുന്നു, ഇത് പ്രതീക്ഷകളുടെ വര്‍ഷം'; ജഗദീഷ്, വെള്ളിത്തിരയിലെ നാല് പതിറ്റാണ്ട്
ഫാലിമിയിലെ ചന്ദ്രന്‍ എന്ന അലസനായ അച്ഛന്‍, പുരുഷ പ്രേതത്തിലെ സിപിഒ ദിലീപ്, പൂക്കാലത്തില്‍ കൊച്ചൗസേപ്പ്, നേരിലെ മുഹമ്മദ്- ജഗദീഷ് എന്ന നടന്റെ വ്യത്യസ്ഥ അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2023. പുറത്തിറങ്ങിയ പത്ത് സിനിമകളിലും പരസ്പരം സാദൃശ്യം തോന്നാത്ത പത്ത് കഥാപാത്രങ്ങള്‍. സിനിമാ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പുര്‍ത്തിയാക്കുന്ന ജഗദീഷിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് തിളക്കം കൂടുകമാത്രമാണ് ചെയ്തിട്ടുള്ളത്.
കൈനിറയെ ചിത്രങ്ങളുമായി 2024 ലും മലയാളികളെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന താരം പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുതിയ വര്‍ഷത്തിലെ സിനിമകളെ കുറിച്ചും ആദ്യമായി ചെയ്യാന്‍ ഭാഗമാകുന്ന വെബ് സീരീസിനെ കുറിച്ചും ജഗദീഷ് ദ ഫോര്‍ത്തിനോട് പ്രതികരിക്കുകയായിരുന്നു. ഈ പുതുവർഷത്തിൽ എല്ലാ മനുഷ്യര്‍ക്കും അവരവർ ആഗ്രഹിക്കുന്ന, അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള നല്ല കാര്യങ്ങൾ നടക്കുന്ന വർഷമായി മാറട്ടെയെന്നും ഊഷ്മളമായ ബന്ധങ്ങളുടെ വർഷമാകട്ടെയെന്നും ജഗദീഷ് ആശംസിച്ചു.
2024 ലെ പ്രൊജക്റ്റുകള്‍?
'2023 പോലെ തന്നെ 2024 ഉം ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. ഫാലിമിയും നേരും ഉണ്ടാക്കിയ അലകൾ 2024 ലും തുടരുമെന്നാണ് പ്രതീക്ഷകൾ. 2024 ൽ എബ്രഹാം ഓസ്‌ലർ ആണ് ആദ്യ ചിത്രം. ശ്രദ്ധേയമായേക്കാവുന്ന ഒരു കഥാപാത്രമാണ് അതിൽ ചെയ്തിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പം അജയന്റെ രണ്ടാം മോഷണവും പ്രതീക്ഷയുള്ള ചിത്രമാണ്. മൂന്ന് കാലഘട്ടങ്ങളിൽ മൂന്ന് കഥാപാത്രമായി ടൊവിനോ എത്തുന്ന ചിത്രത്തിൽ ഒരു കാലഘട്ടത്തിൽ ടൊവിനോയ്ക്ക ഒപ്പം സന്തതസഹചാരിയായി എത്തുന്ന കൊല്ലപ്പണിക്കാരൻ നാണുവായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
ആസിഫ് അലിക്കൊപ്പമുള്ള കിഷ്‌കിന്ധകാണ്ഡം, ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജിന്റെ അച്ഛൻ കഥാപാത്രം, പുതുമുഖമായ വൈശാഖ് സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രം. പിന്നെ മറ്റു ചില ചിത്രങ്ങളും സംസാരം നടക്കുന്നുണ്ട്.
പുതുവര്‍ഷത്തിലെ പുതുമ?
ആദ്യമായി ഞാൻ ഒരു വെബ് സീരിസ് ചെയ്യാൻ പോകുന്ന വർഷമാണ് 2024. കൃഷാന്താണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.
പുതുവര്‍ഷത്തില്‍ പ്രേക്ഷകരോട്
പുതുവർഷത്തിൽ പൊതുവേ ക്ലീഷേയായി ശാന്തിയും സമാധാനവും നേരാറുണ്ട്. പക്ഷെ എനിക്ക് പറയാനുള്ളത് അവരവർ ആഗ്രഹിക്കുന്ന, അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള നല്ല കാര്യങ്ങൾ നടക്കുന്ന വർഷമായി 2024 മാറട്ടെ, അതിലൂടെ സമാധാനവും സന്തോഷവും നമ്മൾക്കിടയിൽ ഉണ്ടാവട്ടെ. നമ്മുടെ നാട്ടിൽ ഇപ്പോൾ പലരും പ്രശ്‌നമായി പറയാറുള്ള ബന്ധങ്ങളുടെ നഷ്ടം ഇല്ലാത്ത ഒരു വർഷമായി 2024 മാറട്ടെ. ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും പ്രസക്തി വരട്ടെ. അച്ഛനും അമ്മയും മക്കളും ഭാര്യയും ഭർത്താവും തുടങ്ങി എല്ലാ തരം ബന്ധങ്ങളിലും പരസ്പര ബഹുമാനത്തോടെ കഴിയുന്ന, ഊഷ്മളമായ ബന്ധങ്ങളുടെ വർഷമാകട്ടെ 2024. ദ ഫോർത്തിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ'