ജോണി ഡെപ്പ്
ജോണി ഡെപ്പ്

'എനിക്ക് ഹോളിവുഡിന്റെ ആവശ്യമില്ല'; ബഹിഷ്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് ജോണി ഡെപ്പ്

മുന്‍ ഭാര്യ ആംബര്‍ ഹെര്‍ഡുമായുള്ള കേസിനെ തുടര്‍ന്ന് ഹോളിവുഡില്‍ ഡെപ്പിന് അപ്രഖ്യാപിത മാറ്റിനിര്‍ത്തല്‍ ഉണ്ടായിരുന്നു
Updated on
1 min read

''ഹോളിവുഡ് എന്നെ ബഹിഷ്കരിച്ചുവെന്ന് തോന്നുന്നില്ല. ഹോളിവുഡിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. കാരണം ഹോളിവുഡ് എനിക്ക് ആവശ്യമില്ല'' - വൈറലാവുകയാണ് നടന്‍ ജോണി ഡെപ്പിന്റെ വാക്കുകള്‍.

സംഭവബഹുലമായ ഇടവേളയ്ക്ക് ശേഷമെത്തിയ ഡെപ്പ് ചിത്രം 'ജീന്‍ ഡു ബാരി'യുടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. ഫ്രഞ്ച് ചിത്രം 'ജീന്‍ ഡു ബാരി'യില്‍ ലൂയി പതിനഞ്ചാമനായിട്ടാണ് ഡെപ്പ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ ശേഷം കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ഏഴ് മിനുട്ട് നീണ്ട കൈയടിക്കൊടുവില്‍ ഡെപ്പ് വികാരാധീനനായി.

പ്രദര്‍ശനത്തിന് ശേഷം ഡെപ്പ് മാധ്യമങ്ങളെ കണ്ടതും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതും അപ്രതീക്ഷിതമായിരുന്നു. ഹോളിവുഡ് ജോണി ഡെപ്പിനെ തിരസ്‌കരിച്ചതായി തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'വികലമായ തമാശ'യെന്ന് പറഞ്ഞായിരുന്നു ഡെപ്പിന്റെ പരാമര്‍ശം. ഹാരി പോട്ടര്‍, ഫന്റാസ്റ്റിക് ബീസ്റ്റ് എന്നീ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് കൊണ്ട് ഹോളിവുഡില്‍ നിന്നും പുറത്തായതായതായി ചിത്രീകരിക്കേണ്ടതില്ല. മാധ്യമങ്ങള്‍ വിഷയത്തെ കൈകാര്യം ചെയ്തത് വിചിത്രമായ രീതിയിലാണെന്നും ഡെപ്പ് പറഞ്ഞു.

മുന്‍ ഭാര്യ ആംബര്‍ ഹെര്‍ഡുമായുള്ള കേസിനെ തുടര്‍ന്ന് ഹോളിവുഡില്‍ ഡെപ്പിന് അപ്രഖ്യാപിത മാറ്റിനിര്‍ത്തല്‍ ഉണ്ടായിരുന്നു. 2015ലാണ് ഡെപ്പും ഹെര്‍ഡും വിവാഹിതരാകുന്നത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഹെര്‍ഡ് ഗാര്‍ഹികപീഡനങ്ങളെ കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ ലേഖനമെഴുതിയതാണ് വിവാദങ്ങളുടെ തുടക്കം.വിവാദം കത്തിക്കയറിയതോടെ ആംബറിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് കേസ് നല്‍കി. 100 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരിച്ച് ഹെര്‍ഡും കേസ് കൊടുത്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡെപ്പിന് അനുകൂലമായായിരുന്നു കോടതി വിധി.

logo
The Fourth
www.thefourthnews.in