'ഈ റോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്'; 2 പതിറ്റാണ്ടിന് ശേഷം പുതിയ റോളിൽ ജോമോൾ

'ഈ റോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്'; 2 പതിറ്റാണ്ടിന് ശേഷം പുതിയ റോളിൽ ജോമോൾ

'അഭിനയിക്കാൻ പറ്റുന്നില്ലല്ലോ എന്നൊരു നിരാശ ഒരിക്കലും തോന്നിയിട്ടില്ല'
Updated on
2 min read

20 വർഷത്തിന് ശേഷം മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി, ജോമോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു , അതുപക്ഷെ അഭിനേതാവായിട്ടല്ല , സബ് ടൈറ്റ്ലിങ് മേഖലയിലൂടെയാണ് ജോമോളുടെ മടങ്ങി വരവ് . അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന നവ്യ നായർ ചിത്രം ജാനകി ജാനേയ്ക്ക് വേണ്ടി സബ് ടൈറ്റിൽ ചെയ്യുന്നത് ജോമോളാണ്. പുതിയ മേഖലയിലെ കുറിച്ചും മടങ്ങി വരവിനെ കുറിച്ചും ജോമോൾ ദ ഫോർത്തിനോട്

20 വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണല്ലോ... തിരിച്ച് വരവ് ഇതുവരെ പരീക്ഷിക്കാത്ത സബ് ടൈറ്റ്ലിങ്ങിലൂടെയും ... എങ്ങനെയാണ് അതിലേക്ക് എത്തിയത് ?

പുതിയൊരു മേഖലയിലൂടെ തിരിച്ചുവരുന്നതിൽ സന്തോഷമുണ്ട്. ആറുമാസം മുൻപാണ് ഇങ്ങനെയൊരു മേഖലയുണ്ടെന്ന് ഞാൻ അറിയുന്നത്. ജയസൂര്യയാണ് എന്നോട് ചോദിക്കുന്നത് സബ് ടൈറ്റിലിങ് ചെയ്തുകൂടെയെന്ന്. അങ്ങനെയാണ് ഈ ഒരു മേഖലയെ പറ്റി കേൾക്കുന്നതും, അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നതുമൊക്കെ. അതിന് ശേഷം ഈ ചിത്രത്തിന്റെ നിർമാതാക്കളായ എസ് ക്യൂബ് ഫിലിംസിലെ ഷേർഖയെ എന്റെ ആഗ്രഹം അറിയിച്ചു. ഞാനും ഷേർഖയും സുഹൃത്തുക്കളാണ്, ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങൾ. അങ്ങനെ എന്റെ ആഗ്രഹം അറിഞ്ഞ ഷേർഖ ഇതു ചെയ്യുന്ന ഒന്നു രണ്ടുപേരെമായി എന്നെ കണക്ട് ചെയ്തു. അവർ കുറെ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. കാരണം യുട്യൂബിലോ മറ്റെവിടെയെങ്കിലുമോ ഇതിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് ചെയ്തവർ പറഞ്ഞുതന്നതു വച്ച് ചെയ്തു തുടങ്ങി. പക്ഷെ ചെയ്തു തുടങ്ങിയപ്പോൾ നന്നായി ആസ്വദിക്കുന്നുണ്ട് ഇപ്പോൾ .

നടിയെന്ന നിലയിലുള്ള പരിചയ സമ്പത്ത് ഏതെങ്കിലും തരത്തിൽ സബ് ടൈറ്റ്ലിങ്ങിന് ഗുണം ചെയ്തോ ?

മലയാളം അതുപോലെ തന്നെ ട്രാന്‍സ്‌ലേറ്റ് ചെയ്യുക എന്ന രീതിയല്ല ഞാൻ ഫോളോ ചെയ്തിട്ടുള്ളത്. മാത്രമല്ല നമ്മൾ മലയാളം സിനിമ കാണുമ്പോൾ സബ് ടൈറ്റിൽ ശ്രദ്ധിക്കില്ലല്ലോ , മറ്റ് ഭാഷാ ചിത്രങ്ങൾക്കല്ലേ നമ്മൾ സബ് ടൈറ്റിൽ നോക്കാറുള്ളൂ. അതുകൊണ്ട് തന്നെ എനിക്ക് മലയാള ചിത്രത്തിന് എങ്ങനെ സബ് ടൈറ്റിൽ ചെയ്യണമെന്ന കാര്യത്തിൽ ഒരു ധാരണ കുറവുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ ഒരു ഫ്ലോയിലേക്ക് വന്നു .

മുൻപുള്ളത് പോലെ അല്ല, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ എല്ലാ സിനിമകൾക്കും ഒരു ഇന്റർനാഷണൽ ഓഡിയൻസ് കൂടിയുണ്ട്. അവരെ കൂടി പരിഗണിച്ചല്ലാതെ സബ് ടൈറ്റ്ലിങ് സാധ്യമല്ലല്ലോ... ആ നിലയ്ക്ക് ഏറ്റവും വെല്ലുവിളിയേറിയ ഘടകം എന്തായിരുന്നു ?

മലയാളത്തിലുള്ള തമാശകൾ കൂടുതലും നമ്മുടെ നാടിനെ, രാഷ്ട്രീയ - ഭരണരംഗത്തെയൊക്കെ ചുറ്റപ്പറ്റിയുള്ളതായിരിക്കും . പക്ഷെ അത് മറ്റൊരു സംസ്ഥാനത്തോ രാജ്യത്തോ ഉള്ളവർക്ക് മനസിലാകണമെന്നില്ല. ഉദാഹരണത്തിന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഒരു തമാശ പറഞ്ഞാൽ അത് നമ്മുക്ക് മാത്രം കണക്ട് ആവുന്ന ഒന്നാണ് . അങ്ങനെയുള്ള ഡയലോഗുകൾ ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആശയപരമായി സംവദിക്കാനാണ് ശ്രമിച്ചിട്ടുളളത്

കുറച്ച് കൂടി റിയലിസ്റ്റിക് സിനിമകളായതിനാൽ ഇമോഷൻസിന്റെ കാര്യത്തിലും ഈ വെല്ലുവിളി നേരിടേണ്ടി വരില്ലേ ?

ജാനകി ജാനേ നാട്ടിൻപുറവുമായി ബന്ധപ്പെട്ട കഥയാണ് . അതുകൊണ്ട് ആ രീതിയിൽ വേണം അതിനെ സമീപിക്കാനും. അതുകൊണ്ട് ഈ ചിത്രത്തിൽ കോമഡി പോലെ തന്നെ ആശയം ഉൾക്കൊണ്ടാണ് ഇമോഷണൽ ഡയലോഗുകൾക്കും സബ് ടൈറ്റ്ലിങ് ചെയ്തിട്ടുള്ളത്.

അതുപോലെ തന്നെയാണ് പാട്ടിന്റെ കാര്യവും . തുടക്കകാരിയെന്ന നിലയ്ക്ക് പാട്ട് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് സീനുകൾ ചെയ്ത് തീർത്ത ശേഷമാണ് പാട്ടുകൾ ചെയ്തത്. തുടക്കമായത് കൊണ്ടാകും എനിക്ക് ഇതൊക്കെ ചെറിയ വെല്ലുവിളിയായി തോന്നുന്നത്.

20 വർഷത്തിൽ എപ്പോഴെങ്കിലും അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നോ ?

ഇല്ല , നല്ലത് എന്തെങ്കിലും വന്നാൽ ചെയ്യാമെന്നേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ അഭിനയിക്കാൻ പറ്റുന്നില്ലല്ലോ എന്നൊരു നിരാശ ഒരിക്കലും തോന്നിയിട്ടില്ല. ഞാൻ എന്റെ കുടുംബവും തിരക്കുമൊക്കെയായി സന്തോഷമായി പോവുകയാണ്. ഇപ്പോൾ ഈ പുതിയ മേഖലയിൽ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. തുടക്കമായതുകൊണ്ടാകും നല്ല എക്സൈറ്റഡ് ആണ്.

logo
The Fourth
www.thefourthnews.in