പ്രശസ്ത സിനിമ-സീരിയൽ താരവും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ ഹനീഫ് (61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസംമുട്ടിനെത്തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയാണ് മരണകാരണം. നേരത്തെ അർബുദബാധിതനായിരുന്നു.
നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ച ഹനീഫ് ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത 'ജലധാര പമ്പ് സെറ്റി'ലാണ് അവസാനമായി അഭിനയിച്ചത്. 1990-ൽ 'ചെപ്പു കിലുക്കണ ചങ്ങാതി' എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 'പറക്കുംതളിക'യിലെ കല്ല്യാണച്ചെറുക്കന്റെ വേഷമാണ് ഹനീഫിന്റെ സിനിമ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.
സിനിമകൾക്കുപുറമെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും നിരവധി സ്റ്റേജ് ഷോകളിലും ഹനീഫ് അഭിനയിച്ചു.
ഔപചാരിക വിദ്യഭ്യാസത്തിനുശേഷം സെയിൽസ് മാനായി ജോലി ചെയ്ത ഹനീഫ് നാടകവേദികളിലും സജീവമായിരുന്നു. പിന്നീട് നാടകത്തിലൂടെയാണ് ഹനീഫ് കലാഭവനിൽ എത്തിയതും അത് പേരിന്റെ ഭാഗമാകുന്നതും.
ചെപ്പുകിലുക്കണ ചങ്ങാതി, ഗോഡ്‌ഫാദർ, ഈ പറക്കും തളിക, പാണ്ടിപ്പട, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ, ചാലക്കുടിക്കാരൻ ചങ്ങാതി, ഡ്രൈവിങ് ലൈസൻസ്, പ്രീസ്റ്റ്, 2018 എവരിവൺ ഹീറോ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മിന്നുകെട്ട്, നാദസ്വരം എന്നിവയാണ് ശ്രദ്ധേയ സീരിയലുകൾ.
വാഹിദയാണ് ഭാര്യ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.