മലയാളിയുടെ പരീക്കുട്ടിക്ക് ഇന്ന് 91-ാം പിറന്നാൾ; മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

മലയാളിയുടെ പരീക്കുട്ടിക്ക് ഇന്ന് 91-ാം പിറന്നാൾ; മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

മധുവിന്റെ ജീവചരിത്രവും അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകളും കോർത്തിണക്കിയാണ് വെബ്‌സൈറ്റ് ഒരുക്കിയിട്ടുളളത്.
Updated on
2 min read

മലയാള സിനിമയുടെ കാരണവരായ നടൻ മധുവിന്റെ പിറന്നാൾ ദിനത്തിൽ സമഗ്ര ചരിത്രവും വിശേഷങ്ങളും ഉൾക്കൊളളുന്ന ഒഫീഷ്യൽ വെബ് സെറ്റ് പുറത്തുവിട്ട് മമ്മൂട്ടി. മധുവിന്റെ ജീവചരിത്രവും അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകളും കോർത്തിണക്കിയാണ് വെബ്‌സൈറ്റ് ഒരുക്കിയിട്ടുളളത്.

madhutheactor.com എന്ന് ​ഗൂ​ഗിളിൽ തിരഞ്ഞാൽ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാകും. ലഭിച്ച പുരസ്കാരങ്ങൾ, നടത്തിയ അഭിമുഖങ്ങൾ, അഭിനയിച്ച സിനിമയിലെ പോസ്റ്ററുകൾ, ഹിറ്റ് ഗാനങ്ങൾ തുടങ്ങിയയെല്ലാം വെബ് സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം ടി വാസുദേവൻ നായർ, ഷീല, ശാരദ, സീമ എന്നിവർ ഉൾപ്പടെയുള്ളവർ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങളും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

1962 -ൽ ആയിരുന്നു മലയാള ചലച്ചിത്രരംഗത്തേക്കുളള മാധവൻ നായരെന്ന മധുവിന്റെ കടന്നുവരവ്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു ആദ്യ മലയാളചിത്രം. പക്ഷെ ശോഭനാ പരമേശ്വരൻ നായർനിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിൽ നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു മധുവിനെ തേടി എത്തിയത്. ഈ ചിത്രത്തിൽ നായകകഥാപാത്രമായ പ്രേം നസീറിന്റെ പ്രകടനത്തെ വെല്ലുന്ന അഭിനയമികവിലൂടെ മധു ആദ്യ കാഴ്ച്ചയിലേ പ്രേക്ഷകമനം കവർന്നു.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് മധു സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായൊരിടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം വളരെവേ​ഗം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രം, 1969ൽ ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു.

മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായത്‌. മധുവെന്നാൽ മലയാളിക്കിന്നും കറുത്തമ്മയുടെ പരീക്കുട്ടിയാണ്. 450ൽ അധികം സിനിമകളിൽ അഭിനയിച്ചു.12 സിനിമകൾ സംവിധാനം ചെയ്തു. 14 സിനിമകൾ നിർമ്മിച്ചു. 60 വർഷത്തെ സിനിമാ ജീവിതത്തിൽ നടൻ, സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരന്റെ 91-ാം ജന്മദിനമായ ഇന്ന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാ ലോകം.

logo
The Fourth
www.thefourthnews.in