റിവ്യു നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമ കാണുമെന്ന് മമ്മൂട്ടി
സിനിമാ റിവ്യുകൾ സിനിമകളെ തകർക്കുന്നെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യു നിർത്തിയത് കൊണ്ട് സിനിമകൾ രക്ഷപ്പെടില്ലെന്നും പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണുമെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കപ്പെടുന്നുണ്ടോയെന്നും അങ്ങനെയൊന്നും നശിപ്പിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. സിനിമാക്കാർ ഒരു വഴിക്ക് പോകും റിവ്യൂക്കാർ മറ്റൊരു വഴിക്ക് പോകും. നല്ല സിനിമയെന്ന് പ്രേക്ഷകര് തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്.
റിവ്യൂവും റോസ്റ്റിങ്ങും വേറെയെന്നും സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. സിനിമ കാണണോ വേണ്ടയോ എന്ന് നമുക്ക് തോന്നണം. നമുക്ക് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായമായിരിക്കണം. മറ്റൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയെന്നും മമ്മൂട്ടി പറഞ്ഞു.
റിവ്യൂ ചെയ്യുന്നത് നല്ലതാണെന്നും താൻ റിവ്യൂകളിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാറുണ്ടെന്നും കാതൽ സിനിമയുടെ സംവിധായകൻ ജിയോ ബേബി പറഞ്ഞു. റിവ്യു ചെയ്യുന്നത് നല്ലതാണ്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിനെ പറ്റി ഭയങ്കര നെഗറ്റീവ് റിവ്യൂ വന്നിരുന്നു. അത് കണ്ട് ഞാൻ കുറേയൊക്കെ പഠിക്കുന്നുണ്ട്. നെഗറ്റീവ് പറയിപ്പിച്ചവരെ കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന വാശി അപ്പോൾ ഉണ്ടാവും. ഇതെന്റെ അഭിപ്രായമാണ്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും ജിയോ ബേബി പറഞ്ഞു.
നവംബർ 23 നാണ് കാതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മാത്യു ദേവസി എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കണ്ണൂർ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രമാണ് 'കാതൽ ദ കോർ'. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ.
ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന അൻവർ അലി, ജാക്വിലിൻ മാത്യു എന്നിവരും കലാസംവിധാനം ഷാജി നടുവിലുമാണ്. എസ് ജോർജാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്ങും പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസുമാണ്. സൗണ്ട് ഡിസൈൻ ടോണി ബാബുവും വസ്ത്രാലങ്കാരം സമീറാ സനീഷും മേക്കപ്പ് അമൽ ചന്ദ്രനുമാണ്.
കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.