യൂട്യൂബ് ചാനൽ ക്യാമറകൾ പ്രൈവസിയെ ബാധിക്കാറുണ്ട്: മിയ
സ്വകാര്യമായ സമയങ്ങളിൽ ക്യാമറകളെ അഭിമുഖീകരിക്കാനോ അഭിപ്രായം പറയാനോ താത്പര്യപ്പെടാറില്ലെന്ന് മിയ. അനുവാദം കൂടാതെ കടന്നുവരുന്ന യൂട്യൂബ് ചാനൽ ക്യാമറകൾക്കു മുന്നിൽ നിൽക്കേണ്ടി വരുന്നതും അഭിപ്രായങ്ങൾ പറയേണ്ടി വരുന്നതും ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും മിയ പറയുന്നു.
അടുത്തിടെ കുടുംബത്തോടൊപ്പം സിനിമ കാണാൻ പോയപ്പോൾ തികച്ചും അപ്രതീക്ഷിതമായി സമാനമായൊരു അനുഭവമുണ്ടായി. വ്യക്തിജീവിതത്തിലെ സ്വകാര്യതയെ ബാധിക്കും വിധമുളള ഇത്തരം രീതികൾ വേണ്ടായിരുന്നുവെന്ന് തോന്നാറുണ്ടെന്നും ദ ഫോർത്തിനു നൽകിയ അഭിമുഖത്തിൽ മിയ പറഞ്ഞു. സോണിലിവിൽ സ്ട്രീമിങ്ങിനൊരുങ്ങുന്ന വെബ് സീരീസ് 'ജയ് മഹേന്ദ്രന്റെ' റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു മിയയുടെ പ്രതികരണം.
മിയയുടെ വാക്കുകൾ
കുറച്ചുദിവസം മുൻപ് ഫാമിലിയോടൊപ്പം സിനിമ കണ്ടിറങ്ങിയപ്പോൾ പിന്നിൽനിന്ന് മിയ എന്നൊരു വിളികേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ക്യാമറകളുമായി കുറേപ്പേരുണ്ട്. ഞാനവിടെ നടിയായി പോയതല്ല. ഒരു സാധാരണ പ്രേക്ഷകയായി സിനിമ കണ്ടിറങ്ങിയതാണ്. അവിടെ മീഡിയയെ പ്രതീക്ഷിച്ചിരുന്നില്ല. മീഡിയയ്ക്കു മുന്നിൽ വരാനോ അഭിപ്രായം പറയാനോ താത്പര്യപ്പെടുന്ന ഒരു സമയമോ സാഹചര്യമോ ആയിരുന്നില്ല അത്.
സിനിമാ പ്രൊമോഷനുകളിലും മറ്റു മുൻകൂട്ടി നിശ്ചയിച്ച ഇടങ്ങളിലും മീഡിയയ്ക്കു മുന്നിൽ നിൽക്കുന്നതിനോ അഭിപ്രായം പറയുന്നതിനോ യാതൊരു മടിയുമില്ല. പക്ഷേ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഇത്തരം വളരെ സ്വകാര്യമായ സമയങ്ങളിൽ അനുവാദം കൂടാതെ ക്യാമറയുമായി വരുമ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.
തന്നെ സംബന്ധിക്കുന്ന വ്യക്തിപരമായ കണ്ടെന്റുകള്‍ പ്രസിദ്ധീകരിക്കാനോ സ്വകാര്യത നഷ്ടപ്പെടുംവിധം തന്നെ ഫോളോ ചെയ്യാനോ ക്യാമറകളെ അനുവദിക്കില്ലെന്ന് മുൻപ് നിഖില വിമലും അഭിപ്രായപ്പെട്ടിരുന്നു. ഓൺലൈൻ മീഡിയയുടെ അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു നിഖിലയുടെ പക്ഷം. പിന്നാലെയാണു സമാന അനുഭവത്തിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് മിയയും പറഞ്ഞിരിക്കുന്നത്.
മിയ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' സോണി ലിവിൽ ഒക്ടോബർ 11 മുതൽ സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് സീരീസ് നിർമിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രഞ്ജിത്ത് ശേഖർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.