ആത്മവിശ്വാസമാണോ ബോധമില്ലായ്മയാണോ, അറിയില്ല, റിസ്ക് ഏറ്റെടുത്തു;  പുരുഷപ്രേതത്തിലെ സെബാസ്റ്റ്യൻ, പ്രശാന്ത് അലക്‌സാണ്ടര്‍

ആത്മവിശ്വാസമാണോ ബോധമില്ലായ്മയാണോ, അറിയില്ല, റിസ്ക് ഏറ്റെടുത്തു; പുരുഷപ്രേതത്തിലെ സെബാസ്റ്റ്യൻ, പ്രശാന്ത് അലക്‌സാണ്ടര്‍

താരമൂല്യമല്ല, സംവിധായകൻ നോക്കിയത് മറ്റ് ചില ഘടകങ്ങളെന്ന് പ്രശാന്ത് അലക്സാണ്ടർ
Updated on
4 min read

ക്രിഷാന്ത് സംവിധാനം ചെയ്ത പുരുഷപ്രേതം കണ്ട എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുന്നു, സൂപ്പർ സെബാസ്റ്റ്യന്റെ പ്രകടനം ഗംഭീരം. പക്ഷെ പ്രശാന്ത് അലക്സാണ്ടർ എന്ന നടന്റെ 22 വർഷത്തെ കാത്തിരിപ്പാണ് സൂപ്പർ സെബാസ്റ്റ്യൻ എന്ന കഥാപാത്രം. 'സെബാസ്റ്റ്യന്റെ' വിശേഷങ്ങളുമായി പ്രശാന്ത് അലക്സാണ്ടർ ദ ഫോർത്തിനൊപ്പം

പുരുഷ പ്രേതത്തിന് മികച്ച പ്രതികരണങ്ങളാണല്ലോ ലഭിക്കുന്നത് പ്രതീക്ഷിച്ചിരുന്നോ ?

ലോകത്തിന്‌റെ നെറുകയില്‍ എന്ന് തോന്നിക്കും വിധമുള്ള പ്രതികരണങ്ങളാണ് എനിക്ക് ലഭിക്കുന്നത്. 22 വര്‍ഷം സിനിമയില്‍ നിന്നിട്ടും ഇതുവരെ ലഭിച്ചിട്ടില്ലാത്തവിധമുള്ള അഭിനന്ദനങ്ങള്‍, ആശംസങ്ങള്‍... പക്ഷെ ഇതിന് പിന്നില്‍ നാല് വര്‍ഷത്തെ ഒരു അധ്വാനമുണ്ട് , കാത്തിരിപ്പുണ്ട്. ലോക്ഡൗണിന് മുന്‍പേ ആലോചിച്ച സിനിമയായിരുന്നു.

നമ്മള്‍ പ്രതീക്ഷിച്ചിരുന്ന പോലെയുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്‌റെ പോസിറ്റീവിനെ കുറിച്ചും നെഗറ്റീവിനെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു . എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് പുരുഷപ്രേതം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ കൂടുതല്‍ കണക്ട് ചെയ്യുന്നതിന് വേണ്ടിയാണ് കൃഷാന്ത് ഇത്രയും ഗൗരവുള്ള സബജക്ട് ആയിട്ട് കൂടി കോമഡി ആക്കി എടുത്തിട്ടുള്ളത്. നമ്മള്‍ ഒടിടിക്ക് വിറ്റ സിനിമയായത് കൊണ്ട് തന്നെ കാശ് മുടക്കി മറ്റ് പ്രമോഷന്‍സ് ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ പടം ഹിറ്റാകുന്നതില്‍ സന്തോഷം അഭിമാനം .

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടി ഹീറോ ആണെങ്കില്‍, വിജയിക്കുന്നവരാണ് സിനിമയിലെ ഹീറോയെങ്കില്‍ പുരുഷപ്രേതത്തിലെ ഹീറോ സൂസന്നയാണ്

പുരുഷപ്രേതം ദര്‍ശന രാജേന്ദ്രന്‌റെ സിനിമ എന്ന രീതിയിലാണ് പ്രേക്ഷകര്‍ കാണാന്‍ തുടങ്ങുന്നത് , പക്ഷെ കണ്ട് തീരുന്നത് പ്രശാന്ത് അലക്‌സാണ്ടറിന്‌റെ സിനിമയായാണ് ...

ആരുടെ സിനിമ ആണ് എന്ന് കാണുന്നവരുടെ ചിന്താഗതി അനുസരിച്ച് ഇരിക്കും എന്ന് തോന്നുന്നു. സെബാസ്റ്റ്യനിലൂടെയാണ് കഥ തുടങ്ങുന്നതും പുരോഗമിക്കുന്നതും അവസാനിക്കുന്നതും. ആ രീതിയില്‍ നോക്കിയാല്‍ ഇത് സെബാസ്റ്റ്യന്‌റെ കഥയാണെന്ന് പറയാം. പക്ഷെ സൂസന്നയ്ക്ക് സ്ക്രീൻ സമയം കുറവാണെങ്കിലും സൂസന്ന ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ് , അവര്‍ അനുഭവിച്ച കുറെ യാതനകളുണ്ട്, അവയില്‍ നിന്നൊരു രക്ഷ ആരായാലും ആഗ്രഹിക്കും, അതിനെ കുറ്റം പറയാന്‍ പറ്റില്ല.

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടി ഹീറോ ആണെങ്കില്‍, വിജയിക്കുന്നവരാണ് സിനിമയിലെ ഹീറോയെങ്കില്‍ പുരുഷപ്രേതത്തിലെ ഹീറോ സൂസന്നയാണ് ( ദര്‍ശന). ഈ സിനിമയില്‍ ആരെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് സൂസന്ന മാത്രമാണ്. സെബാസ്റ്റിയന്‍ തോറ്റ് പോകുന്ന ആളാണ്. തോറ്റുപോകുന്ന ആള്‍ ഹീറോ ആവില്ലല്ലോ ...

സൂപ്പര്‍ സെബാസ്റ്റ്യന്‌റെ കഥാപാത്രം അണുവിണ തെറ്റിയാല്‍ നമ്മള്‍ കണ്ടുമടുത്ത ഒരു കഥാപാത്രമായി മാറുമായിരുന്നു, ചില ക്ലീഷേ പട്ടാളക്കാരനെ പോലെ ...

കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിന്‌റെ കഥ കേട്ടിട്ടുണ്ടോ ? രക്ഷപ്പെടുത്തിയ ശേഷം എല്ലാവരും അഭിനന്ദിക്കുമ്പോള്‍ യുവാവ് തിരിച്ച് ചോദിക്കും, ആരാടാ എന്നെ കിണറ്റിലേക്ക് തള്ളിയിട്ടത്, ഏതാണ്ട് അതേ അവസ്ഥയാണ് എന്‌റെയും എന്ന് പറയാം . ഈ കഥാപാത്രത്തിന് നിങ്ങളിപ്പോള്‍ കാണുന്ന ഗ്രാവിറ്റിയും റിസ്‌കുമൊക്കെയുണ്ടല്ലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇത് ചെയ്യാന്‍ മടിക്കുമായിരുന്നു, ഞാന്‍ പക്ഷെ അതൊന്നും ചിന്തിച്ചിട്ടില്ല .

ഞാന്‍ ഇത്രയും കാലം ചെയ്യാന്‍ ആഗ്രഹിച്ച പോലെ ഒരു മുഴുനീള കഥാപാത്രം, മാത്രമല്ല മിടുമിടുക്കനായ ഒരു സംവിധായകന്‍ , ചേട്ടന്‍ ഇത് ചെയ്താല്‍ നന്നാകും, ചേട്ടന്‍ ഈ വേഷത്തിന് കറക്ടാണ് എന്ന് പറഞ്ഞ് വന്നപ്പോള്‍ , ഞാന്‍ എന്‌റെ കഴിവിനെ പറ്റി ചിന്തിച്ചില്ല. മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത എന്നെവച്ച് പടം ചെയ്താല്‍ പെട്ടിയിലായി പോകുമോ , ക്രിഷാന്തിന്‌റെ നല്ലൊരു സിനിമ പ്രേക്ഷകരിലേക്ക് എത്താതെ വരുമോ എന്നത് മാത്രമായിരുന്നു എന്‌റെ ആശങ്ക. അല്ലാതെ കഥാപാത്രത്തിന്‌റെ റിസ്‌കോ , എന്‌റെ കഴിവിനെ കുറിച്ചോ ഞാന്‍ ആലോചിച്ചില്ല , ഒരുപക്ഷെ ഞാന്‍ ഭയങ്കര സംഭവമാണെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നിരിക്കാം, അല്ലെങ്കില്‍ ഞാൻ അത് മനസിലാക്കാനുള്ള ബോധം ഇല്ലാത്ത ഒരു മണ്ടന്‍ ആയിരുന്നിരിക്കാം. ഇത് രണ്ടില്‍ ഏതോ ആണ് സംഭവിച്ചിരിക്കാന്‍ സാധ്യത

പിന്നെ മറ്റൊന്ന് ഞാന്‍ സംവിധായകന്‌റെ നടനാണ്. അവര്‍ പറയുന്നത് എന്തോ അങ്ങനെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് . അതുകൊണ്ട് തന്നെ എനിക്ക് ക്രിഷാന്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു . പിന്നെ കഥ കേള്‍ക്കുമ്പോള്‍ സെബാസ്റ്റ്യന്‍ വിജയിച്ച ആളല്ലാത്തത് കൊണ്ട് അയാള്‍ നായകനായി നില്‍ക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ സിനിമ കാണുമ്പോള്‍ എല്ലാ ഇമോഷന്‍സുമുള്ള ഒരു കഥാപാത്രമായിരുന്നു സെബാസ്റ്റ്യന്‍.

താരമൂല്യമല്ല ചേട്ടന്‌റെ സ്‌ക്രീന്‍ ഇമേജാണ് എനിക്ക് വേണ്ടതെന്നായിരുന്നു ക്രിഷാന്തിന്‌റെ മറുപടി

സെബാസ്റ്റ്യന്‍ എന്തുകൊണ്ടാണ് ഓറഞ്ച് ജ്യൂസ് മാത്രം കുടിക്കുന്നത് ?

തിരക്കഥാകൃത്ത് അജിത്തിനാണ് കഥാപാത്രത്തിന്റെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന സ്വഭാവം കാണിക്കാൻ ഓറഞ്ച് ജ്യൂസ് കൊണ്ടുവന്നത്. മാത്രമല്ല , കോവിഡിന് മുന്‍പ് നടക്കുന്ന കഥയായിട്ടാണ് നമ്മള്‍ സിനിമ എടുത്തിരിക്കുന്നത്. അതാണ് ഒരു വൈറല്‍ അറ്റാക്ക് വരാന്‍ പോകുന്നു എന്നുള്ള ഇന്‌റലിജെന്‍സ് റിപ്പോര്‍ട്ട് . അതിനെ പ്രതിരോധിക്കാനുള്ള പ്രാഥമിക നടപടിയായിട്ടാണ് നാരങ്ങ വെള്ളം ചലഞ്ച് നടത്തുന്നത് ( ഓപ്പറേഷന്‍ സിട്രസ് ). അതിന് കൗണ്ടര്‍ ആയി ഓറഞ്ച് ജ്യൂസ് കൂടി വന്നപ്പോൾ അതിൽ കോമഡി വർക്ക് ആയി . ആ രീതിയിൽ വലിയ പ്രൊമോഷനും കിട്ടി. പക്ഷെ ഒടുവിൽ ഓറഞ്ച് ജ്യൂസ് കൈയില്‍ കിട്ടുമ്പോള്‍ സെബാസ്റ്റ്യന് അത് കുടിക്കാനുമാകുന്നില്ല

സംവിധായകൻ ക്രിഷാന്ത് എങ്ങനെയാണ് സെബാസ്റ്റ്യനെ കണ്ടെത്തിയത്

ലോക്ഡൗണിന് മുന്‍പാണ്, 2018 ല്‍ ഞങ്ങളുടെ ഒരു സുഹൃത്ത് വഴി ഞങ്ങള്‍ പരിചയപ്പെടുന്നതും ക്രിഷാന്തിന്‌റെ വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തില്‍ ഞാന്‍ ഒരു ചെറിയ പോലീസ് വേഷം ചെയ്യുന്നതും. അന്ന് രാത്രി തന്നെ ക്രിഷാന്ത് എന്നെ വിളിച്ച് പുരുഷപ്രേതത്തിന്‌റെ കഥ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം ആണെന്ന് അറിഞ്ഞപ്പോൾ , താരമൂല്യമുള്ള ഏതെങ്കിലും നടനെ വച്ച് ചെയ്യൂ എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. അതല്ലാതെ ബിസിനസ് നടക്കില്ലെന്ന് ഞാന്‍ ക്രിഷാന്തിനോട് പറഞ്ഞു. പക്ഷെ താരമൂല്യമല്ല ചേട്ടന്‌റെ സ്‌ക്രീന്‍ ഇമേജാണ് എനിക്ക് വേണ്ടതെന്നായിരുന്നു ക്രിഷാന്തിന്‌റെ മറുപടി. നല്ലവനാണോ , മോശപ്പെട്ടവനാണോ എന്നൊന്നും തിരിച്ചറിയാത്ത ഒരു ഇമേജ് ... കഥ പറഞ്ഞ് പോകുമ്പാള്‍ മാത്രമേ അത് മനസിലാകാവൂ എന്ന് ക്രിഷാന്ത് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തിലെത്തിയത്.

മികച്ച പ്രതികരണം ലഭിക്കുമ്പോഴും റൂള്‍ ഓഫ് തേര്‍ഡ് ബാലിശമായി പോയി എന്ന വിമര്‍ശനങ്ങള്‍ ചിലരെങ്കിലും ഉന്നയിക്കുന്നുണ്ടല്ലോ

ഇതില്‍ ക്യാമറ ഉപയോഗിച്ചിരിക്കുന്ന രീതി പൂര്‍ണമായും ക്രിഷാന്തിന്‌റെ ബോധപൂര്‍വമായ ശ്രമമാണ്. ആദ്യം ഒരു വിദേശ ആര്‍ട്ടിസ്റ്റിനെ കൊണ്ട് ക്യാമറ ചെയ്യിപ്പിക്കാനായിരുന്നു ആലോചന. ഷോര്‍ട്ട് ഫിലിം കണ്ട് തിരഞ്ഞെടുത്ത ഒരു ആര്‍ട്ടിസ്റ്റായിരുന്നു അത്. വളരെ വ്യത്യസ്തമായ ഫ്രെയിംസായിരുന്നു അദ്ദേഹത്തിന്‌റേത് .

പക്ഷെ പല സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നടന്നില്ല. അങ്ങനെയാണ് ചിത്രീകരണത്തിന് ഒരു മാസം മുന്‍പ് ക്യാമറ ക്രിഷാന്ത് തന്നെ ചെയ്യാമെന്ന് തീരുമാനിക്കുന്നതും ഫ്രെയിംസ് ഇങ്ങനെ ഫിക്‌സ് ചെയ്തതും. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞ് ഞാന്‍ ഇതിനെ പറ്റി ക്രിഷാന്തിനോട് ചോദിച്ചിരുന്നു. കഥാപാത്രത്തിന്‌റെ മാനസിക നിലയും വികാരങ്ങളുമൊക്കെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ഫ്രെയിംസ് ഉപയോഗിക്കുന്നതെന്ന് ക്രിഷാന്ത് പറഞ്ഞു. പുരുഷ പ്രേതം അത്തരത്തില്‍ പല ലെയറിലുള്ള കഥയായത് കൊണ്ട് കൂടിയാണ് ഈ രീതി ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ അത് എല്ലാവര്‍ക്കും മനസിലാകണമെന്നില്ല.

എന്നാല്‍ സിനിമ എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ് എടുത്തിരിക്കുന്നത്. മാത്രമല്ല ചില വിദേശ ചലച്ചിത്രമേളയിലേക്ക് അയക്കാനും ആലോചനയുണ്ട്. അതുകൊണ്ടാണ് പതിവ് രീതികള്‍ വിട്ട് ഇങ്ങനെ ചില സമീപനങ്ങൾ കൂടി സ്വീകരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യദിവസങ്ങളിലൊന്നും റൂള്‍ ഓഫ് തേര്‍ഡിനെ പറ്റി ഒരു പ്രതികരണവും കിട്ടിയിരുന്നില്ല. ആ സമയത്ത് ഇത് ആരും ശ്രദ്ധിച്ചില്ലേ എന്നൊരു വിഷമം ക്രിഷാന്തിന് ഉണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ വന്നപ്പോഴാണ് ക്രിഷാന്തിന് സമാധാനമായത് , അപ്പോഴാണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചുവെന്ന് മനസിലായത്

കരിയറിലെ ഇതുവരെയുള്ള മികച്ച പെര്‍ഫോമന്‍സ് ഒരു തീയേറ്റര്‍ റിലീസായില്ലല്ലോ എന്ന വിഷമമുണ്ടോ

ഈ ചിത്രം ആലോചിക്കുന്ന സമയത്തും ചിത്രീകരിക്കുമ്പോഴും തീയേറ്റര്‍ റിലീസ് എന്ന നിലയ്ക്ക് തന്നെയാണ് കരുതിയിരുന്നത്. കാരണം നാലുവര്‍ഷം മുന്‍പ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇത്രയും സജീവമായിരുന്നില്ല. അപ്പോള്‍ സ്വപ്‌നം കണ്ടതൊക്കെ തീയേറ്റര്‍ റിലീസായിരുന്നു. പക്ഷെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ മുടക്ക് മുതലിനെക്കാള്‍ ലാഭത്തില്‍ ഒടിടിയില്‍ നിന്ന് ഒരു ഓഫര്‍ വന്നു.മാത്രമല്ല തീയേറ്റര്‍ റിലീസിന് പ്രൊമോഷന് വലിയ തുക മുടക്കേണ്ടി വരും, പ്രധാന വേഷം ചെയ്യുന്ന എന്നെ പോലും കൂടുതല്‍ പ്രേക്ഷകര്‍ക്കും അറിയാത്തത് കൊണ്ട് ഇന്‍ട്രഡക്ഷന്‍ അങ്ങനെ വേറെ കുറെ കടമ്പയൊക്കെ കൂടി മറികടക്കേണ്ടി വരും

മാത്രമല്ല തീയേറ്ററില്‍ റിലീസ് ചെയ്തിട്ട് ആളുകയറാതെ നഷ്ടമായാല്‍ അത് ഒടിടി ബിസിനസിനേയും ബാധിക്കുമല്ലോ . അങ്ങനെയാണ് ഒടിടി റിലീസ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. തീയേറ്ററില്‍ റിലീസ് ചെയ്താലും ഇപ്പോള്‍ ഈ കിട്ടുന്ന പ്രതികരണം ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പില്ലല്ലോ . ഒടിടിയില്‍ ഇറങ്ങിയത് കൊണ്ടാണ് ഇത്രവേഗത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയതും പ്രതികരണം ലഭിച്ചതും.

സിനിമയിലെ കാത്തിരിപ്പ് വെറുതെയായില്ല ...ഇനിയുള്ള യാത്ര

22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്, ഇടയില്‍ പലപ്പോഴും ഇനി എന്ത് എന്നറിയാതെ ശൂന്യത തോന്നിയ സമയങ്ങളുണ്ട്. അപ്പോഴൊക്കെ അറിയുന്ന പണി ഇത് മാത്രമായത് കൊണ്ടും സുഹൃത്തുകളുടെ പിന്തുണ കൊണ്ടുമാണ് മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കാനായത്. ഇനി പറയാന്‍ ഒരു ചിത്രമുണ്ട് പുരുഷപ്രേതം . നല്ല നല്ല അവസരങ്ങള്‍ ഇനി തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു

logo
The Fourth
www.thefourthnews.in