ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കുന്നില്ല, ചന്ദ്രനിൽ മനുഷ്യൻ പോയത് 'പൊറാട്ട് കഥ': ഷൈൻ ടോം ചാക്കോ
ഭൂമി ഉരുണ്ടതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഉരുണ്ടതാണോ പരന്നതാണോ എന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുകയെന്നും നടൻ ഷൈൻ ടോം ചാക്കോ. ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം.
വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ഭൂമി പരന്നതാണോ ഉരുണ്ടതാണോയെന്ന് പറയാൻ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു. കാണുന്ന കാര്യങ്ങൾ മാത്രമാണ് നമ്മൾ വിശ്വസിക്കുക. വീട്ടിൽ ആപ്പിൾ ഉണ്ടെന്ന് ആപ്പിൾ കണ്ടാൽ ആണ് വിശ്വസിക്കുകയെന്നും ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കാൻ ഭൂമിയുടെ ഫോട്ടോ പോലും എടുക്കാൻ പോലും പറ്റില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഭൂമിയെ വട്ടത്തിൽ കാണണമെങ്കിൽ എത്ര ദൂരം പോകേണ്ടി വരുമെന്നും അവിടെ പോയി ആരാണ് ഭൂമിയുടെ ചിത്രം എടുക്കുകയെന്നും ഷൈൻ ചോദിച്ചു. ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു കഥയാണ് മനുഷ്യൻ ചന്ദ്രനില്‍ കാലുകുത്തിയെന്നതെന്നും ഷൈൻ പറഞ്ഞു.
'ഭൂമിയിൽ നിന്ന് ഒരു റോക്കറ്റ് ഭ്രമണപഥം ഭേദിച്ച് ചന്ദ്രനിൽ എത്തുമ്പോഴേക്കും അത് വളരെ ചെറുതായിരിക്കും. പിന്നെ അത് തള്ളാൻ പോലും ഒരാളില്ല. അവിടെ നിന്ന് എന്ത് പ്രഷറിലാണ് അത് തിരിച്ചെത്തുക? എന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.
കത്താതെ പേടകം തിരികെ വരികയാണെങ്കിൽ പിന്നെ എന്തിനാണ് ഇവിടെനിന്ന് അയക്കുമ്പോൾ ഇത്രയും സന്നാഹം ഉപയോഗിക്കുന്നതെന്നും അതേ ഐഡിയ തന്നെ ഇവിടെ നിന്ന് ഉപയോഗിച്ചാൽ പോരെയെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു. ഇവരുടെ ഈ പൊറാട്ട് കഥ നമ്മളല്ലാതെ മറ്റാരെങ്കിലും വിശ്വസിക്കുമോ? രണ്ട് പേര് അവിടെ എത്തിയിട്ട് ആദ്യം നീൽ ആംസ്ട്രോങ് അവിടെ കാലുകുത്തി എന്നു പറയുമോയെന്നും ഷൈൻ ചോദിച്ചു.
ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ പോയ ശേഷം ആരും അവിടേക്ക് പോയിട്ടില്ലല്ലോ. അന്ന് പോയിട്ടുണ്ടെങ്കിൽ ഇന്ന് ബസ്സിന് ആളെ കൊണ്ടുപോകാമായിരുന്നല്ലോ.' എന്നും അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ ചോദിച്ചു.
അതേസമയം ഷൈൻ ടോം നായകനായ വിവേകാന്ദൻ വൈറലാണ് എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. അഞ്ച് വർഷത്തിന് ശേഷമാണ് കമൽ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. കമലിൻറെ അസിസ്റ്റൻറ് ആയിട്ടാണ് ഷൈൻ സിനിമ മേഖലയിലേക്കെത്തുന്നത്. ആദ്യമായി സ്വന്തം ഗുരുവിന്റെ ചിത്രത്തിൽ നായകനായി എത്തുന്നുവെന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.
നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പിഎസ് ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ മെറീന മൈക്കിളും സ്വാസികയും ഗ്രേസ് ആന്റണിയുമാണ് നായികമാർ.