ഫെഫ്കയെ നേരിടാന്‍ 'അമ്മ'യുടെ സഹായം തേടി ശ്രീനാഥ് ഭാസി; അംഗത്വത്തിന് അപേക്ഷനല്‍കി
ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ 'അമ്മ'യിൽ അംഗത്വം നേടാന്‍ നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ഭാസി അപേക്ഷ നൽകിയത്. എന്നാല്‍ താര സംഘടനയുടെ ചട്ടങ്ങള്‍ പ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ. സിനിമാ സംഘടനകളുടെ വിലക്ക് നേരിടുന്നതിനാൽ എക്സിക്യൂട്ടീവിന്റെ തീരുമാനം ഭാസിക്ക് വളരെ നിർണ്ണായകമാകും.
നിലവിലെ രീതി അനുസരിച്ച് സിനിമയ്ക്കായി നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ഭാസി അംഗത്വത്തിനായി അപേക്ഷ നൽകിയത്. പല സിനിമകൾക്ക് ഒരേ സമയം ഡേറ്റ് കൊടുക്കുന്നതിനാൽ കൃത്യസമയത്ത് ഷൂട്ടിങ്ങിന് എത്താത്ത അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ തീരുമാനമെടുത്തത്. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് വേണ്ടി കരാർ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നാണ് നിർമ്മാതാക്കൾ കുറ്റപ്പെടുത്തിയത്.
മൂന്ന് സിനിമയിൽ കൂടുതൽ അഭിനയിച്ചാലാണ് അമ്മയിൽ അംഗത്വം നേടാനാവുക. ഇതിന് മുൻപ് ഭാസി അംഗത്വം എടുത്തിരുന്നില്ല. അതിനാൽ അവതാരകയോട് മോശമായി പെരുമാറിയ വിവാദത്തില്‍ ഉൾപ്പടെ താരസംഘടന ഇടപ്പെട്ടിരുന്നില്ല. ലഹരി ഉപയോഗം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ അമ്മയുടെ നിലപാട് എന്താകുമെന്ന് വ്യക്തമല്ല.
നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവില്ലെന്ന് താരസംഘടനകൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭാസി അംഗത്വം സ്വീകരിക്കാൻ അപേക്ഷ നൽകിയത്.
ശ്രീനാഥ് ഭാസിക്ക് പുറമെ ഷെയ്ൻ നിഗത്തിനും കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. നിർമാതാവ് സോഫിയ പോളിന്റെ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. ഷെയ്ൻ നിഗം നായകനാകുന്ന കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല. സെറ്റിൽ പ്രശ്നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടി. താരസംഘടനയായ അമ്മ കൂടി പങ്കെടുത്ത യോഗത്തിലാണ് ഫെഫ്കയുടെ തീരുമാനം. നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മുൻപും ഇരുവരും വിലക്ക് നേരിട്ടിട്ടുണ്ട്. ഉല്ലാസം , വെയിൽ എന്നീ ചിത്രങ്ങളുടെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനും സമയത്ത് ചിത്രീകരണം പൂർത്തിയാക്കാത്തതിനും, സംവിധായകന്റെയോ നിർമാതാവിന്റെയോ അനുവാദമില്ലാതെ ചിത്രത്തിനായി സെറ്റ് ചെയ്തിരുന്ന ലുക്ക് മാറ്റിയതിനുമായിരുന്നു ഷെയ്ൻ നേരത്തെ വിലക്ക് നേരിട്ടത്. ഷെയ്ൻ നേരത്തെ തന്നെ അമ്മയിൽ അംഗമായതിനാൽ അമ്മ അടക്കമുള്ള സംഘടനകൾ ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.