'സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുരങ്കംവച്ചു, തത്പരകക്ഷികള്‍ക്ക് ഒത്താശ ചെയ്തു'; 'എന്റെ ഷോ' പാളിയതിന് പിന്നില്‍ ബി ഉണ്ണികൃഷ്ണന്റെ ഇടപെടലെന്ന് ആരോപണം
കേരളത്തില്‍ സിനിമാ ടിക്കറ്റ് വില്‍പനയ്ക്കായി സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിയ പദ്ധതി അട്ടിമറിച്ചെന്ന് ആക്ഷേപം. സിനിമ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 'എന്റെ ഷോ' മൊബൈല്‍ ആപ്പിനും വെബ്സൈറ്റിനും തുരങ്കം വെച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുള്‍പ്പെടെയുള്ളവരെന്നാണ് ആരോപണം. നടന്‍ ഉണ്ണി ശിവപാല്‍ ആണ് സര്‍ക്കാരിനെയും ഫെഫ്കയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണവുമായി രംഗത്തെത്തിയത്. 'പവര്‍ പൊളിറ്റിക്‌സ് പ്ലെയര്‍' എന്നാണ് ഉണ്ണി ശിവപാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉണ്ണി ശിലപാലിന്റെ ആരോപണം.
സർക്കാറിനും സിനിമാ വ്യവസായത്തിനും ഒരുപോലെ ഗുണം ഉണ്ടാകുമായിരുന്ന ‘എന്റെ ഷോ’ പ്രോജക്‌റ്റ് സർക്കാർ ഉടമസ്ഥതയിൽ നടപ്പിൽ വരുത്താൻ അനുവദിക്കാതെ തല്പര കക്ഷികൾക്ക് നേട്ടം കൊയ്യാൻ ഒത്താശ ചെയ്തുകൊടുത്തെന്നാണ് ആരോപണം. ഇതിന് മുൻപന്തിയിൽ നിന്നത് സംഘടനാ തലപ്പത്തിരുന്ന് പവർ പൊളിറ്റിക്സ് കളിക്കുന്ന ബി ഉണ്ണികൃഷ്ണനാണെന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്. ഒരു മാധ്യമ സുഹൃത്ത് അയച്ചുതന്ന കുറിപ്പ് എന്ന തലക്കെട്ടോടെ ഉണ്ണി ശിവപാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടുളള ആരോപണമുളളത്.
ഉണ്ണി ശിവപാലിന്റെ കുറിപ്പ്
ഞാൻ ഒരു സർക്കാർ വിരുദ്ധനല്ല, എന്നാൽ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യേണ്ടിയിരുന്ന, സുതാര്യമായ "സെൻട്രലൈസ്ഡ് ഇ ടിക്കറ്റ്സ് ഫോർ സിനിമ" പ്രൊജക്റ്റിന് തുരങ്കം വച്ചതും, സിനിമാ സംഘടനാ തലപ്പത്തുള്ള ഒരു "പവർ പൊളിറ്റിക്സ് പ്ലെയർ" തന്നെയാണ്. സർക്കാരിനും, സിനിമാ വ്യവസായത്തിനും, സിനിമാ പ്രേക്ഷകർക്കും ആകെമൊത്തം ഗുണം ചെയ്യേണ്ടിയിരുന്ന ഈ പ്രോജക്‌റ്റ് സർക്കാർ ഉടമസ്ഥതയിൽ നടപ്പിൽ വരുത്താൻ അനുവദിക്കാതെ, തല്പര കക്ഷികൾക്ക് (ടെൻഡറിൽ പരാജയപ്പെട്ടിട്ടുപോലും) നേട്ടം കൊയ്യാൻ ഒത്താശ ചെയ്യ്തു കൊടുത്ത്, ഇപ്പോഴും സംഘടനാ തലപ്പത്തിരുന്നു പവർ പൊളിറ്റിക്സ് കളിക്കുകയാണ്. എനിക്കും, എന്റെ കമ്പനിക്കും കോടികളുടെ ബാധ്യത വരുത്തി, ഇപ്പോഴും നീതിതേടി ഞങ്ങൾ കോടതി കയറി കൊണ്ടിരിക്കുയാണ്.