നടന്‍ വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍,  തിക്കിത്തിരക്കില്‍ കാറിന് കേടുപാട്‌, വീഡിയോ

നടന്‍ വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍, തിക്കിത്തിരക്കില്‍ കാറിന് കേടുപാട്‌, വീഡിയോ

വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിന് പുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്
Updated on
1 min read

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി. ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തി. ആഭ്യന്തര ടെർമിനലിലെത്തിയ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് ആരാധകരൊരുക്കിയത്. വന്‍ പോലീസ് സംഘമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്.

ബാനറുകളും ഫ്‌ളെക്‌സ് ബോർഡുകളുമായി വന്‍ ആരാധകസംഘം ഉച്ചമുതല്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയിരുന്നു.

മാര്‍ച്ച് 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു.

ആരാധകത്തിരക്കില്‍ വിജയ് യുടെ കാറിന് കേടുപാട് പറ്റിയപ്പോള്‍.
ആരാധകത്തിരക്കില്‍ വിജയ് യുടെ കാറിന് കേടുപാട് പറ്റിയപ്പോള്‍.

വിജയ്‌യുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ആരാധക കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സ് വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, വിജയ് ആരാധകരെ കാണാന്‍ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. 14 വർഷം മുൻപ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തിൽ വന്നിരുന്നു.

ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്‌റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതേത്തുടർന്നാണ് ചിത്രത്തിന്‌റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

logo
The Fourth
www.thefourthnews.in