രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കാൻ വിജയ്; ലോക വിശപ്പ് ദിനത്തിൽ സൗജന്യ ഭക്ഷണവിതരണവുമായി മക്കൾ ഇയക്കം
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ലോക വിശപ്പ് ദിനത്തിൽ തമിഴ്‌നാട്ടിൽ സൗജന്യ ഭക്ഷണവിതരണം നടത്തി ദളപതി വിജയ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം വഴിയാണ് ഭക്ഷണ വിതരണം. തമിഴ്‌നാട്ടിലെ 234 അസംബ്ലി നിയോജക മണ്ഡലങ്ങളിലുടനീളം ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്
അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ ഭക്ഷണം വിതരണം ചെയ്തു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അതിലേക്കുള്ള ചുവടുവെപ്പായിട്ടാണ് നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്. അടുത്ത വർഷത്തോടെ വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമെന്ന വിലയിരുത്തലുമുണ്ട്
മക്കൾ ഇയക്കം സംഘടനയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് താരം ഇത്തരം ജീവകാരുണ്യപ്രവർത്തികൾ ചെയ്യുന്നതെന്നാണ് വിജയ് യുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത് . "സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് വിജയ് ആഗ്രഹിക്കുന്നത്. ഇപ്പോൾ കരിയറിൽ മികച്ച നിലയിൽ നിൽക്കുന്നതിനാൽ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് കരുതുന്നില്ലെന്നും വിജയ് ആരാധകർ പറയുന്നു.
ശക്തമായ അടിത്തറയില്ലാത്ത, സംഘടനാ സംവിധാനങ്ങളില്ലാത്ത അഭിനേതാക്കൾ രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ ലഭിക്കുന്ന പ്രതികരണങ്ങൾ എല്ലാവരെയും പോലെ വിജയ് യും കണ്ടിട്ടുള്ളതാണ്. അതിനാൽ വ്യക്തമായ സംഘടനാ സംവിധാനം ഉറപ്പിച്ച ശേഷം മാത്രമേ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ഉണ്ടാവുകയുള്ളൂവെന്നും അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. അത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപോ ശേഷവുമോ ആകാമെന്നും അടുത്ത വ്യത്തങ്ങൾ സൂചിപ്പിക്കുന്നു
2011-ൽ അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് വിജയ് ഡൽഹിയിലെത്തി പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ അംബേദ്ക്കർ ജയന്തി ദിനത്തിലും ജില്ലാടിസ്ഥാനത്തിൽ മക്കൾ ഇയക്കം അംഗങ്ങൾ വിപുലമായ ആഘോഷങ്ങൾ നടത്തിയിരുന്നു.
നേരത്തെ റൂറൽ ലോക്കൽ ബോഡി തിരഞ്ഞെടുപ്പുകളിലും നഗര തദ്ദേശ തെരഞ്ഞെടുപ്പുകളിലും മക്കൾ ഇയ്യക്കം അംഗങ്ങൾ മത്സരിച്ചിട്ടുണ്ട്. റൂറൽ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ 120 സീറ്റുകൾ അമ്പരിപ്പിക്കുന്ന വിജയമാണ് സംഘടന നേടിയത്.