ഡ്രൈനേജ് പദ്ധതി ചെന്നൈക്കോ, സിംഗപ്പൂരിനോ ? എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുതെന്നു നടൻ വിശാൽ
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈ കോർപ്പറേഷനെതിരെ വിമർശനവുമായി തമിഴ് സിനിമാതാരം വിശാൽ. ചെന്നൈയിൽ മഴവെള്ളം ഒലിച്ചുപോകാനുള്ള ഡ്രെയിനേജ് സംവിധാനം ഉണ്ടായിട്ടും നഗരം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നാണ് താരം രംഗത്ത് എത്തിയത്.
ചെന്നൈ മേയർ പ്രിയാരാജനെ അഭിസംബോധന ചെയ്തുകൊണ്ട് എക്സിലൂടെയായിരുന്നു വിശാലിന്റെ വിമർശനം. 'ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയർ), കമ്മീഷണർ ഉൾപ്പെടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും. നിങ്ങൾ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരാണെന്നും പ്രത്യേകിച്ച് ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നില്ലെന്നും ഏറ്റവും പ്രധാനമായി നിങ്ങൾക്ക് മുടക്കമില്ലാത്ത ഭക്ഷണവും വൈദ്യുതിയും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിശാലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
നിങ്ങൾ താമസിക്കുന്ന അതേ നഗരത്തിൽ താമസിക്കുന്ന വോട്ടർ എന്ന നിലയിൽ അന്വേഷിച്ചതാണെന്നും വിശാൽ പറഞ്ഞു. ചെന്നൈയിലെ വെള്ളപ്പൊക്കം തടയാൻ സ്ഥാപിച്ച മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തെ കുറിച്ചും വിശാൽ സൂചിപ്പിച്ചു സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതി (മുഴുവൻ മഴവെള്ളവും ഒഴുക്കിവിടുന്ന പദ്ധതി ) സിംഗപ്പൂരിന് വേണ്ടിയാണോ അതോ ചെന്നൈക്ക് വേണ്ടിയായിരുന്നോ? എന്ന് താൻ അത്ഭുതപ്പെടുന്നെന്നും വിശാൽ പറഞ്ഞു.
ഒരു മാസത്തിലേറെ നഗരത്തെ സ്തംഭിപ്പിച്ച 2015 ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചും വിശാൽ ഓർമിപ്പിച്ചു. ആ വെള്ളപ്പൊക്ക സമയത്ത്, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകൾ റോഡിലിറങ്ങി, എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തും ആളുകൾ ഭക്ഷണ വിതരണത്തിനും വെള്ളത്തിനുമായി ഉറപ്പായും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ നിയോജകമണ്ഡലത്തിലെയും എല്ലാ പ്രതിനിധികളും പുറത്തുവരുന്നതും ഭയത്തിനും ദുരിതത്തിനും പകരം ആവശ്യമുള്ളതും പ്രതീക്ഷയും സഹായവും നൽകുന്നതും കാണാൻ ഈ സമയം ആഗ്രഹിക്കുകയാണ്. ഇത് എഴുതുമ്പോൾ ഞാൻ ലജ്ജയോടെ തല താഴ്ത്തുകയാണ്. ഒരു അദ്ഭുതത്തിനല്ല കാത്തിരിക്കുന്നത് പൗരന്മാരോടുള്ള കടമ കാണിക്കുന്നതിനാണ്. ദൈവം അനുഗ്രഹിക്കട്ടെ എന്നും വിശാൽ ട്വിറ്ററിൽ കുറിച്ചു.
പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയിൽ താനിത് ഒരു നടൻ എന്ന നിലയിൽ പറയുന്നതല്ല, ഒരു വോട്ടർ എന്ന നിലയിൽ പറയുന്നതാണെന്നും രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ആർക്കെങ്കിലുമെതിരെ പറയുന്നതല്ല. വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെക്കുറിച്ചാണ് പറയുന്നതെന്നും താരം പറഞ്ഞു എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാൽ പറഞ്ഞു.
വെള്ളപ്പൊക്കം തടയുന്നതിന് ആയിരം കോടി മുതൽ മുടക്കിലായിരുന്നു ചെന്നൈയിൽ സ്റ്റോം വാട്ടർ ഡ്രെയിനിന്റെ നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയത്.
ചെന്നൈ കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 699 കോടി രൂപ ചെലവിൽ 225 കിലോമീറ്റർ നീളത്തിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള പണി പൂർത്തിയായി. 276.54 കോടി രൂപ ചെലവിൽ 70.26 കിലോമീറ്റർ നീളത്തിൽ സ്റ്റോംവാട്ടർ ഡ്രെയിനിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റയതോടെ ചെന്നൈ നഗരം വെള്ളത്തിലായത്. ഇന്നലെ രാത്രി തുടങ്ങിയ മഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടപളനി, താംബരം തുടങ്ങിയ ഇടങ്ങളിൽ വീടുകളിൽ വെള്ളംകയറിയിട്ടുണ്ട്.