സ്ത്രീകളെ വാഹനമിടിച്ചു, ബോളിവുഡ് നടി രവീണ ടണ്ടനെതിരെ ആക്രമണം
ഒരു വൃദ്ധയുൾപ്പെടെ മൂന്ന് സ്ത്രീകളെ വാഹനമിടിച്ച സംഭവത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത് ആള്‍കൂട്ടം. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രവീണ സഞ്ചരിച്ച വാഹനം സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു.
ഇതിന് പിന്നാലെ സ്ത്രീകൾ അടക്കമുള്ള ഒരുകൂട്ടം ആളുകൾ വാഹനം തടയുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ രവീണ തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് സ്ത്രീകൾ ആരോപിച്ചു. താരം മദ്യപിച്ചിരുന്നതായും സ്ത്രീകൾ പറഞ്ഞു.
അതേസമയം രവീണയെ തടഞ്ഞു നിർത്തുന്നതും തന്നെ തല്ലരുതെന്ന് രവീണ പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നുണ്ട്. ദയവായി എന്നെ തല്ലരുത്,' എന്നാണ് വീഡിയോയിൽ പറയുന്നത്.
ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചുവെന്നാരോപിച്ചാണ് മുംബൈയിലെ കാർട്ടർ റോഡിൽ വെച്ച് ഒരു സംഘം സ്ത്രീകൾ കാറ് തടയുകയും രവീണയെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
വാഹനമിടിച്ച് സ്ത്രീകളിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റെന്നായിരുന്നു സംഘടിച്ചെത്തിയവർ ആരോപിച്ചത്. സ്ത്രീയുടെ കുടുംബവും രവീണയുടെ ഭർത്താവും സിനിമ നിർമാതാവുമായ അനിൽ തദാനിയും മുബൈ പോലീസ് സ്‌റ്റേഷനിൽ ഉള്ളതായി മാധ്യമപ്രവർത്തകനായ മൊഹ്‌സിൻ ഷെയ്ഖ് ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് രവീണ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൊണ്ണൂറുകളിൽ ദിൽവാലേ, പത്തർ കേ ഫൂൽ, ദുൽഹേ രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമായ രവീണ ടണ്ടൻ ഒരിടവേളക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്.