നടി റോമ ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്; വാണിജ്യമന്ത്രാലയത്തിൻ്റെ ലൈസൻസ് സ്വന്തമാക്കി
ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി. മൂന്ന് മില്യൺ യുഎഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്.
ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായതിലും ദുബായിൽ സ്വന്തം സംരംഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്ന് നടി
ദുബായ് ബിസിനസ്സ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണ് നടി റോമ. ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായതിലും ദുബായിൽ സ്വന്തം സംരംഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. ദുബായിൽ ബിസിനസ്സ് തുടങ്ങുന്നതിനും, വീട് ഉൾപ്പെടെ വസ്തുവകകൾ വാങ്ങുന്നതിനും ഗോൾഡൻ വിസക്കാർക്ക് ആകർഷകമായ ഇളവുകൾ ദുബായ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്.
'നോട്ട്ബുക്', 'ലോലിപോപ്പ്','ചോക്ലേറ്റ്', 'ജൂലൈ' , 'മിന്നാമിന്നിക്കൂട്ടം' എന്നിങ്ങനെ ഇരുപത്തിയഞ്ചിൽപരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റോമ മലയാളത്തിൽ ഒരിടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്.