ഒരു മാറ്റത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു-സ്വാസിക
എത്രയോ വർഷങ്ങളായി ടൈപ്പ് കാസ്റ്റ് ആയി പോയിക്കൊണ്ടിരുന്ന കരിയറില്‍ ഒരു മാറ്റം ആഗ്രഹിച്ചാണ് 'ചതുരം' ചെയ്തതെന്ന് നടി സ്വാസിക. സീരിയലുകളിലാണെങ്കിലും സിനിമയിലാണെങ്കിലും പാവം പിടിച്ച നാടന്‍ ചേച്ചി, അനിയത്തി ക്യാരക്ടേഴ്സ് മാത്രമേ കിട്ടിയിരുന്നുള്ളൂ. അവിടെത്തന്നെ നില്‍ക്കാതെ മുന്നോട്ട് പോകാന്‍, എനിക്ക് അഭിനയിക്കണമായിരുന്നു. അതിനുപറ്റിയ കഥാപാത്രങ്ങള്‍ വേണമായിരുന്നു. ആ ചേഞ്ചിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും സ്വാസിക 'ദ ഫോര്‍ത്തി'ന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു. ചെയ്ത ക്യാരക്ടേഴ്സ് വെച്ചാണ് നല്ല കുട്ടിയാണെന്ന് പ്രേക്ഷകർ പറയുന്നത്. എന്നാല്‍ ഈ ക്യാരക്ടര്‍ കണ്ടിട്ട് ചീത്ത കുട്ടിയാണെന്ന് തോന്നുകയാണെങ്കില്‍ അതും ഞാന്‍ ചെയ്ത ജോലിയുടെ വിജയമാണ്.
ഇത്തരം സീനുകള്‍ അഭിനയിക്കണമെങ്കില്‍ സംവിധായകനില്‍ വിശ്വാസം വേണം. വള്‍ഗറാകാമായിരുന്ന പല സീനുകളും സിദ്ധാര്‍ഥ് വളരെ മനോഹരമായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. സിനിമയുടെ പ്രിവ്യു കണ്ട ജോഷി സര്‍ സിദ്ധുവേട്ടനോട് പറഞ്ഞത് ഭരതന്റെ മകന്‍ തന്നെ എന്നാണ്. സെലേനയെന്ന ക്യാരക്ടര്‍ കൂടുതല്‍ കടന്നുപോകുന്നത് ഗ്രേ ഷെയ്ഡിലൂടെ ആണ് . ഉള്ളില്‍ നന്മയുണ്ട്, ആ നന്മ പുറത്തെടുക്കാന്‍ ആരും സമ്മതിക്കുന്നില്ല, അത്തരമൊരു കഥാപാത്രമാണ് ചതുരത്തിലേതെന്നും സ്വാസിക വ്യക്തമാക്കി.
നടിയെന്ന നിലയില്‍ വളരാനുള്ള ഒരു സ്വാതന്ത്ര്യം കൂടി പ്രേക്ഷകർ തരുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള ക്യാരക്ടേഴ്സ് ചെയ്യുന്നത്. ക്ലാര എന്നു പറയുന്ന കഥാപാത്രത്തെ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്നു, പറയുന്നു.. അങ്ങനെയൊരു പേരായി സെലെനയും മലയാളികള്‍ പറയട്ടെയെന്ന ആഗ്രഹത്തിലാണ് ഈ ക്യാരക്ടര്‍ ചെയ്തതെന്നും സ്വാസിക ഇൻസ്റ്റലൈവില്‍ പറഞ്ഞു . റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം.