'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസ് കള്ളക്കേസ് ആയിരുന്നെന്നും സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും നടി പറഞ്ഞു
Updated on
2 min read

മുകേഷ് ഉള്‍പ്പടെയുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന പരാതി പിന്‍വലിക്കാനൊരുങ്ങി നടി. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് ഇക്കാര്യം കാണിച്ച് ഇമെയില്‍ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് പരാതിക്കാരിയായ നടി പറയുന്നത്. തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസ് കള്ളക്കേസ് ആയിരുന്നെന്നും സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും നടി പറഞ്ഞു. ഇനിയും കേസുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും നടി പറയുന്നു.

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി
മുകേഷ് ഉള്‍പ്പെടെ നടന്‍മാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്നിവര്‍ക്കെതിരെയാണ് നടി ലൈംഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തല്‍ മലയാള സിനിമ മേഖലയിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ ആരോപണവിധേയര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.,

2008ല്‍ പുറത്തിറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് റെസ്റ്റ് റൂമില്‍ പോയിവരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നായിരുന്നു ആരോപണം. ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും നടി ആരോപിച്ചിരുന്നു

അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്കു വിളിപ്പിച്ചശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചുവെന്നും പെട്ടെന്ന് താന്‍ ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു.

കലണ്ടര്‍ എന്ന സിനിമ സെറ്റില്‍വെച്ച് മുകേഷ് കടന്നുപിടിച്ചുവെന്നും ഫോണില്‍ വിളിച്ചു മോശമായി പെരുമാറിയെന്നും നടി പറഞ്ഞു. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചുവെന്നാണ് മണിയന്‍പിള്ള രാജുവിനെതിരായ ആരോപണം. രാജുവില്‍നിന്നുണ്ടായ മോശം അനുഭവം ആ സമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് പറഞ്ഞിരുവെന്നും നടി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ ആരോപണം. 'മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവര്‍ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാന്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,' നടി കുറിച്ചു.

'ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാന്‍. ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നായിരുന്നു നടിയുടെ അന്നത്തെ പോസ്റ്റ്.

എന്നാല്‍, 14 വര്‍ഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകര്‍ക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നടന്‍ മുകേഷ് കോടതിയില്‍ ബോധിപ്പിച്ചു. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉള്‍പ്പെടെ രേഖകളും മുകേഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in