മമ്മൂട്ടിയുടെ ഏജന്റ്, കഠിന കഠോരമീ അണ്ഡകടാഹം, പൂക്കാലം; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
തീയേറ്ററിൽ വലിയ ഓളമുണ്ടാക്കാനാകാഞ്ഞിട്ടും പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് , ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ കഠിന കഠോരമീ അണ്ഡകടാഹം , വിജയരാഘവൻ ചിത്രം പൂക്കാലം എന്നിവയാണ് ഒടിടിയിലെത്തുന്ന പ്രധാന സിനിമകൾ. അടുത്ത വെള്ളിയാഴ്ച (മെയ് 19)യാണ് ഈ മൂന്ന് ചിത്രങ്ങളുടേയും സ്ട്രീമിങ് ആരംഭിക്കുക.
ഏജന്റ്: മെയ് 19: സോണി ലിവ്
അഖിൽ അക്കിനേനി–മമ്മൂട്ടി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ഏജന്റ് . സ്പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത് . ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. കെട്ടുറപ്പുള്ള തിരക്കഥ ഇല്ലാതെയും കോവിഡ് ഉള്‍പ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം ഒരു പ്രൊജക്ട് ആരംഭിച്ചതിൽ ഞങ്ങള്‍ക്ക് പിഴവ് പറ്റിയെന്നായിരുന്നു പരാജയത്തിൽ നിർമാതാവിന്റെ പ്രതികരണം
കഠിന കഠോരമീ അണ്ഡകടാഹം: മെയ് 19: സോണി ലിവ്
ഏപ്രില്‍ 21ന് പെരുന്നാൾ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് പറയുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് സംവിധാനം ചെയ്യുന്നത്.
പൂക്കാലം: മെയ് 19: ഡിസ്നി +ഹോട്ട്സ്റ്റാര്‍
90 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കഥ പറയുന്ന ചിത്രമാണ് പൂക്കാലം. നാല് തലമുറകളുടെ സ്‌നേഹവും ബന്ധങ്ങളുടെ ദൃഢതയും പ്രമേയമാകുന്ന ചിത്രത്തില്‍ വിജയരാഘവനാണ് അപ്പൂപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേഷ് രാജ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം
കഴിഞ്ഞ ദിവസമെത്തിയ സാമന്തയുടെ ശാകുന്തളവും ശിവദയുടെ ജവാനും മുല്ലപ്പൂവും സ്ട്രീമിങ് തുടരുകയാണ്. ഇരുചിത്രങ്ങളും ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത്.