ഇരുവർ മുതൽ പൊന്നിയിൻ സെൽവൻ വരെ; മണിരത്‌നം സിനിമകളിലെ ഐശ്വര്യ റായ്
''സംവിധായകർ പ്രത്യേകിച്ച് ഞാൻ, സിനിമയുടെ കാര്യം വരുമ്പോൾ വളരെ സ്വാർഥനും ഹൃദയമില്ലാത്തവനുമാണ്. അവിടെ ഞാൻ ഭാഗ്യമോ സൗഹൃദമോ ഒന്നും പരിഗണിക്കാറില്ല. എന്റെ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്നയാളെയാണ് അഭിനയിക്കാൻ വിളിക്കാറുള്ളത്. അവരെ കഴിവും ആ കഥപാത്രത്തെ അവതിപ്പിക്കാനുള്ള വ്യക്തിത്വവും ഉള്ളവരാണോ എന്നാണ് നോക്കുന്നത്...'' താങ്കളുടെ ഭാഗ്യനായികയാണോ ഐശ്വര്യറായി എന്ന ചോദ്യത്തിന് മണിരത്‌നം നൽകിയ മറുപടിയാണിത്.
25 വർഷത്തെ കരിയറിൽ സൗന്ദര്യം കൊണ്ടുമാത്രമല്ല ഐശ്വര്യ റായി ശ്രദ്ധിക്കപ്പെട്ടത്, അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും കൂടിയാണ്. അതിൽ തന്നെ മണിരത്‌നത്തിനൊപ്പം ഒന്നിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവ.
അഞ്ച് സിനിമകളിലാണ് മണിരത്‌നവും ഐശ്വര്യറായിയും ഒന്നിച്ചത്. മറ്റൊരു നായിക നടിയും ഇത്രയും തവണ മണിരത്‌നം സിനിമകളിൽ ആവർത്തിച്ചിട്ടില്ല. ഐശ്വര്യയുടെ സിനിമയിലേക്കുള്ള വരവ് മണിരത്‌നം സിനിമയിലൂടെയായിരുന്നു. പൊതുവെ മണിരത്‌നം സിനിമകളിലെ നായികമാരെ അതുവരെ കണ്ടതിനേക്കാൾ മനോഹരമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. അപ്പോൾ ഒരു ലോക സുന്ദരി തന്നെ മണിരത്‌നം സിനിമയിൽ എത്തിയാലോ?
എംജിആർ - കരുണാനിധി - ജയലളിത തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ആരാധകരുള്ള വ്യക്തികൾ. ഇവരുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്. സിനിമയും രാഷ്ട്രീയവും പരസ്പരം ഇഴുകിചേർന്ന തമിഴ്‌നാടിന്റെ ഒരുകാലഘട്ടത്തെ തന്റെ ഭാവനകൂടി ഉൾപ്പെടുത്തി അവതരിപ്പിക്കാനുള്ള മണിരത്‌നത്തിന്റെ ശ്രമമായിരുന്നു ഇരുവർ. ചിത്രത്തിൽ പുഷ്പവല്ലി, കൽപ്പന എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഐശ്വര്യ തന്റെ ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്.
മംഗലാപുരത്തിനടുത്ത് തുളു മാതൃഭാഷയായ കുടുംബത്തിൽ 1973 നവംബർ ഒന്നിനാണ് ഐശ്വര്യ ജനിച്ചത്. അച്ഛൻ കൃഷ്ണരാജ് കരസേനയിൽ ബയോളജിസ്റ്റായിരുന്നു, ഐശ്വര്യയുടെ ചെറുപ്പത്തിൽ തന്നെ കുടുംബം മുംബൈയിലേക്ക് താമസം മാറി. ഡോക്ടറാവാൻ ആഗ്രഹിച്ചിരുന്ന ഐശ്വര്യ പിന്നീട് രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചറിൽ ചേർന്നു... ഈ കാലഘട്ടത്തിൽ തന്നെ ഐശ്വര്യ മോഡലിങ് കരിയറും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടായിരുന്നു.
പിന്നീട് മോഡലിങ് സീരിയസായി കണ്ട് തുടങ്ങിയതോടെ ആർക്കിടെക്റ്റ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. 1991 ലാണ് ഐശ്വര്യ ആദ്യമായി മോഡലിങ് മത്സരത്തിൽ പങ്കെടുക്കുന്നത്. പിന്നീട് 1993 ൽ ആമീർഖാനും മഹിമ ചൗധരിക്കും ഒപ്പം ഐശ്വര്യ പെപ്‌സിയുടെ പരസ്യത്തിൽ അഭിനയിച്ചു.
പൂച്ചക്കണ്ണുള്ള.. ഹായ് ഐആം സഞ്ജന എന്ന് പറഞ്ഞുകൊണ്ട് കയറി വന്ന ആ പെൺകുട്ടിയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴായിരുന്നു. തൊട്ടടുത്ത വർഷം അതായത് 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം ഐശ്വര്യ റായി നേടി. പിന്നീട് മിസ് വേൾഡ് മത്സരത്തിൽ കിരീടവും സ്വന്തമാക്കി.
ഈ കാലഘട്ടത്തിലാണ് രാജീവ് മേനോൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഐശ്വര്യ അഭിനയിക്കുന്നത്. രാജീവ് മേനോനാണ് മണിരത്‌നം സിനിമയിൽ അഭിനയിക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്ന് ഐശ്വര്യയോട് ആദ്യം പറയുന്നത്. ആദ്യമൊരു തമാശയായി കരുതിയ ഐശ്വര്യ പിന്നീടാണ് ഇത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. ഒടുവിൽ മണിരത്‌നം സിനിമയിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ തന്റെ അരങ്ങേറ്റം കുറിച്ചു.
ഇരുവറിലെ ഇരട്ടവേഷം
മോഹൻലാൽ അവതരിപ്പിച്ച ആനന്ദന്റെ ആദ്യഭാര്യയായ പുഷ്പവല്ലിയായും പിന്നീട് സിനിമയിലെ തിരക്കേറിയ താരമായപ്പോൾ കണ്ടുമുട്ടിയ, കാമുകിയായി മാറിയ കൽപ്പനയായും ഐശ്വര്യ തന്റെ വേഷം മികച്ചതാക്കി. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു പുഷ്പവല്ലിയും കൽപ്പനയും. ചിത്രത്തിലെ നറുമുഖയേ എന്ന ഗാനവും ഹലോ മിസ്റ്റർ എതിർകച്ചി എന്ന ഗാനവും തമ്മിലുള്ള വ്യത്യാസം പോലെ തന്നെയായിരുന്നു.
സന്തോഷ് ശിവന്റെ ക്യാമറയിൽ പുഷ്പവല്ലിയെന്ന ഗ്രാമീണയുവതിയായും കൽപ്പന എന്ന സിനിമ താരമായും ഐശ്വര്യ ചിത്രത്തിൽ മികച്ച പ്രകടനം നടത്തി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെയായിരുന്നു കൽപ്പനയിലൂടെ ഐശ്വര്യ അവതരിപ്പിച്ചത്. പുഷ്പവല്ലിയും കൽപ്പനയും തമ്മിലുള്ള സാമ്യം കൽപ്പനയോട് ആനന്ദൻ പറയുന്ന രംഗം മണിരത്‌നവും സന്തോഷ് ശിവനും ചേർന്ന് ഒപ്പിയെടുത്തത് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാണ്.
ഗുരുവിലെ സുജാത
ധീരു ഭായി അംബാനിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമായിരുന്നു ഗുരു. ചിത്രത്തിൽ അഭിഷേക് ബച്ചനൊപ്പമായിരുന്നു ഐശ്വര്യ എത്തിയത്. ചിത്രത്തിൽ എആർ റഹ്‌മാൻ ഒരുക്കിയ ഓരോ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു.
സുജാത ദേശായിയായി എത്തിയ ഐശ്വര്യയുടെ ബറ്‌സോറെ എന്ന ഗാനവും അതിലെ നൃത്തവും ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചതാണ്.
രാമായണത്തിന്റെ പുനർവായന - രാവണൻ
പുതിയ കാലത്തെ രാമായണം എന്നാണ് രാവണൻ സിനിമയെ വിശേഷിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലും ഒരേസമയം ഒരുക്കിയ ചിത്രത്തിൽ വിക്രമും അഭിഷേകുമായിരുന്നു അതാത് ഭാഷകളിൽ നായകരായത്. ചിത്രത്തിൽ രാഗിണിയായിട്ടായിരുന്നു ഐശ്വര്യ എത്തിയത്. പോലീസുകാരനായ ദേവ് പ്രകാശ് സുബ്രഹ്‌മണ്യത്തിന്റെ ഭാര്യയായ രാഗിണിയെ ആദിവാസി നക്‌സലൈറ്റ് നേതാവ് തട്ടിക്കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ കഥ.
ഉസിരെ പോകുത് എന്ന ഗാനത്തിലൂടെ ഐശ്വര്യയുടെ മനോഹാരിത മണിരത്‌നം ഒപ്പിയെടുത്തു. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനവും മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്. തമിഴ് പതിപ്പ് രാവണൻ വാണിജ്യ വിജയമായപ്പോൾ ഹിന്ദി പതിപ്പ് പരാജയമായി.
പൊന്നിയിൻ സെൽവൻ
കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ നന്ദിനി, ഊമൈ റാണി എന്നിങ്ങനെ ഇരട്ടവേഷത്തിലാണ് ഐശ്വര്യയെത്തിയത്. ഐസ്വര്യയുടെ കരിയറിൽ തന്നെ ഇത്രയും കോംപ്ലിക്കേറ്റഡായ ഒരു കഥാപാത്രത്തെ അവർ അവതരിപ്പിച്ചിട്ടില്ല. പ്രണയവും പ്രതികാരവും ചതിയും സങ്കടവുമെല്ലാം ഇഴുകിച്ചേർന്ന നന്ദിനിയെന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാൻ അവരല്ലാതെ മറ്റൊരാളില്ലെന്ന തരത്തിലാണ് നന്ദിയെ ഐശ്വര്യ മനോഹരമാക്കിയത്.
ചിത്രത്തിലെ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്നാണ് ഐശ്വര്യയും തൃഷയും ഒന്നിച്ച് വരുന്ന 'ഫേസ് ഓഫ്' സീൻ. പരസ്പരമുള്ളവരുടെ ഡയലോഗുകൾ അക്ഷരാർത്ഥത്തിൽ ആ രണ്ട് നായികന്മാരുടെ യഥാർത്ഥ ജീവിതത്തിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരുന്നു. നന്ദിനിക്ക് ഐശ്വര്യയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ലെന്ന് മണിരത്‌നവും പറഞ്ഞിരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനിപ്പിച്ച് ഇനി എപ്പോഴായിരിക്കും മണിരത്‌നവും അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നായികയും വെള്ളിത്തിരയിൽ ഒന്നിക്കുക?