'ഏജന്റിന്' പ്രതീക്ഷിച്ച
പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല:അഖില്‍ അക്കിനേനി

'ഏജന്റിന്' പ്രതീക്ഷിച്ച പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല:അഖില്‍ അക്കിനേനി

സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അഖിൽ ഏജന്റിന്റെ പരാജയം അംഗീകരിച്ചത്
Updated on
1 min read

തെലുങ്ക് ചിത്രം ഏജന്റിന്റെ പരാജയത്തില്‍ മനസ്സ് തുറന്ന് അഖില്‍ അക്കിനേനി. ആരാധകര്‍ക്കായി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ സിനിമയുടെ പരാജയം അംഗീകരിക്കുകയായിരുന്നു താരം. പരമാവധി പരിശ്രമിച്ചെങ്കിലും സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. പ്രേക്ഷകര്‍ക്കായി നല്ലൊരു ചിത്രം നല്‍കാന്‍ സാധിച്ചില്ലെന്നും തന്നെ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി ശക്തമായി തിരിച്ച് വരുമെന്നും അഖില്‍ ട്വീറ്റില്‍ പറയുന്നു.

അഖിലിന്റെ ട്വിറ്റര്‍ കുറിപ്പ് ഇങ്ങനെ-

'എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും എന്റെ എല്ലാ അഭ്യുദയകാംഷികള്‍ക്കുമായി,

'നമ്മുടെ സിനിമയ്ക്ക് ജീവന്‍ നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും സ്‌ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല.

എനിക്ക് വലിയ പിന്തുണയായി നിന്ന എന്റെ നിര്‍മ്മാതാവ് അനിലിന് പ്രത്യേക നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സിനിമയില്‍ വിശ്വസിച്ച എല്ലാ വിതരണക്കാര്‍ക്കും നന്ദി. കൂടാതെ, ഞങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്കും നന്ദി.

നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും ഊര്‍ജവുമാണ് ഞാന്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം. ഞാന്‍ അതിന് എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. എന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ ശക്തമായി തിരിച്ച് വരും.'

എഴുപത് കോടി ബഡ്ജറ്റില്‍ ഒരുക്കിയ ലജന്റ് വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിവസം തന്നെ സിനിമയ്ക്ക് മോശം പ്രതികരണമാണ് ലഭിച്ചത്. വലിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ നിന്ന് ലഭിച്ചത് വെറും പതിമൂന്ന് കോടി മാത്രമാണ്.

തിയേറ്ററില്‍ സിനിമയ്ക്ക് പ്രേക്ഷക പിന്തുണ നഷ്ടമാതോടെ നിര്‍മ്മാതാവ് അനില്‍ സുന്‍കര തന്നെ സിനിമയുടെ പരാജയം സമ്മതിക്കുകയായിരുന്നു. കൃത്യമായൊരു തിരക്കഥയില്ലാതെ കോവിഡ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങൾക്കിടയിലാണ് സിനിമ ഒരുക്കിയതെന്നും അനിൽ ട്വീറ്റ് ചെയ്തു.സിനിമയുടെ പരാജയത്തിന് ഒഴിവ് കഴിവുകള്‍ നിരത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനി ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് ആദ്യ ദിനം ഒഴികെ കേരളത്തിലും വലിയ നേട്ടം നേടാന്‍ സാധിച്ചില്ല. ഇതിലൂടെ വിതരണകാര്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in