ബോളിവുഡിൽ വീണ്ടും നിരാശ, അക്ഷയ് കുമാർ, ജോൺ എബ്രഹാം ചിത്രങ്ങൾ പരാജയം; താത്കാലിക ആശ്വാസമായി ശ്രദ്ധ കപൂറിൻ്റെ 'സ്ത്രീ 2'
സ്വാതന്ത്ര്യദിന റിലീസുകളിൽ അക്ഷയ് കുമാർ ചിത്രം 'ഖേൽ ഖേൽ മേ', ജോൺ എബ്രഹാമിന്റെ 'വേദ' എന്നീ ചിത്രങ്ങളെ പിന്നിലാക്കി ശ്രദ്ധ കപൂറിൻ്റെയും രാജ്കുമാർ റാവുവിൻ്റെയും 'സ്ത്രീ 2' മുന്നേറുന്നു. പതിവുപോലെ അക്ഷയ് കുമാർ ചിത്രം 'ഖേൽ ഖേൽ മേ' വമ്പൻ പരാജയമായപ്പോൾ ബോക്സോഫീസിൽ സമാനമായ അനുഭവമാണ് 'വേദ'യ്ക്കും ഉണ്ടായത്. ആദ്യ ദിനം 5.15 കോടി മാത്രയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ സ്വാതന്ത്ര്യദിനത്തിൽ പ്രദർശനത്തിനെത്തിയ മൂന്ന് ഹിന്ദി റിലീസുകളിൽ ഏറ്റവും കുറഞ്ഞ ഓപ്പണിങ് നേടിയ ചിത്രമായി 'ഖേൽ ഖേൽ മേ'. രണ്ടാം ദിവസമത് 1.70 കോടി ആയി ചുരുങ്ങുകയും മൂന്നാം ദിവസമായ ശനിയാഴ്ച 2.55 കോടിയായി നേരിയ വർധനവുണ്ടാവുകയും ചെയ്തു. എങ്കിലും ഇന്ത്യയിലെ മൂന്ന് ദിവസത്തെ മൊത്തം കളക്ഷൻ നോക്കുമ്പോൾ വെറും 9.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.
ജോൺ എബ്രഹാം, ശർവാരി, അഭിഷേക് ബാനർജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന് താരതമ്യേന അക്ഷയ് കുമാർ ചിത്രത്തേക്കാൾ ഭേദപ്പെട്ട ഓപ്പണിങ് നേടാനായെങ്കിലും രണ്ടാം ദിവസം 1.50 കോടി മാത്രം നേടി കളക്ഷൻ പിന്നോട്ടുപോയി. ആദ്യ ദിനമിത് 6.25 കോടി ആയിരുന്നു. ടിക്കറ്റിൽ ബൈ വൺ ഗെറ്റ് വൺ ഓഫർ നൽകിയിട്ടും മൂന്നാം ദിവസം 'വേദ' നേടിയത് 1.80 കോടി രൂപ മാത്രമാണ്. 'വേദ'യുടെ മൂന്ന് ദിവസത്തെ കളക്ഷൻ 9.55 കോടി രൂപയാണ്.
ബോക്സോഫീസിൽ മിന്നും നേട്ടം കൈവരിച്ച് മുന്നേറുകയാണ് 'സ്ത്രീ 2'. മൂന്നാം ദിവസത്തെ മാത്രം കളക്ഷൻ നോക്കുമ്പോൾ 41 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പെയ്ഡ് പ്രിവ്യൂ ഷോകൾ അടക്കം 133 കോടിയാണ് ആകെ കളക്ഷൻ. ചിത്രത്തിന് തീയറ്ററുകളിൽ ഒരു ലോങ് റൺ പ്രതീക്ഷിക്കുകയാണ് അണിയറക്കാർ.
ചിത്രത്തിൻ്റെ റിലീസ് മറ്റ് രണ്ട് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും, അടുത്ത 6 ആഴ്‌ചകളിൽ പ്രധാന ഹിന്ദി സിനിമാ റിലീസുകളൊന്നും ഇല്ലാത്തതിനാൽ പ്രതീക്ഷ കൈവിടുന്നില്ലെന്നാണ് നിർമാതാക്കളുടെ പക്ഷം.