ഓ മൈ ഗോഡ് 2 ൽ അക്ഷയ് കുമാറിന്റെ പ്രതിഫലം എത്ര? തുറന്ന് പറഞ്ഞ് നിർമാതാക്കൾ
തീയേറ്ററിൽ മികച്ച കളക്ഷൻ നേടി അക്ഷയ് കുമാർ ചിത്രം ഓ മൈ ഗോഡ് 2. രജനീകാന്തിന്റെ ജയിലറും സണ്ണി ഡിയോളിന്റെ ഗദർ 2 വുമായി കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടും ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കാനായെന്ന് നിർമാതാക്കൾ. ഇന്ത്യയിൽ നിന്ന് മാത്രം 84.72 കോടി രൂപയും ആഗോളതലത്തിൽ 111.8 കോടി രൂപയും നേടിയതായാണ് റിപ്പോർട്ട്. അതേസമയം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അഭിനയിച്ചതെന്നും നിർമാതാക്കൾ പറയുന്നു.
ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും നിർമാതാക്കൾ പറയുന്നു . 150 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നായിരുന്നു പ്രചാരണം. എന്നാൽ അക്ഷയ് കുമാർ പ്രതിഫലം പോലും വാങ്ങാതെ അഭിയിച്ച സിനിമയ്ക്ക് 150 കോടിയുടെ ബജറ്റില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.
"ഓ മൈ ഗോഡ്, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങൾ മുതൽ ഒരു സ്റ്റുഡിയോ എന്ന നിലയിൽ ഞങ്ങൾ അദ്ദേഹവുമായി സഹകരിക്കുന്നു. അദ്ദേഹമില്ലാതെ ഈ റിസ്ക് എടുക്കുക അസാധ്യമായിരുന്നു". ക്രിയാത്മകമായും സാമ്പത്തികമായും അദ്ദേഹം പൂർണ്ണമായി ചിത്രത്തെ പിന്തുണച്ചെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു.
ഓ മൈ ഗോഡിനോടും ഗദർ 2നോടും ഉള്ള പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് അക്ഷയ് കുമാറും എക്സിൽ നന്ദി അറിയിച്ചു. "ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച ആഴ്ച ഞങ്ങൾക്ക് സമ്മാനിച്ചതിന് പ്രേക്ഷകർക്ക് വലിയ നന്ദിയെന്നാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്
അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് 2ൽ അക്ഷയ് കുമാറിനൊപ്പം പങ്കജ് ത്രിപാഠി, യാമി ഗൗതം, പവൻ മൽഹോത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.