തുടർച്ചയായ പരാജയം, കഷ്ടകാലം തീരാതെ അക്ഷയ് കുമാർ; പൃഥ്വിയും ടൈഗറും വന്നിട്ടും രക്ഷപ്പെടാതെ 'ബഡാ മിയാൻ ചോട്ടാ മിയാൻ'
ബോളിവുഡിലെ ഹിറ്റ് ഫോർമുലയിൽ ഒരുങ്ങിയ ചിത്രമായിട്ടും ബോക്‌സോഫീസിൽ പച്ചപിടിക്കാതെ അക്ഷയ് കുമാറും ടൈഗർ ഷറോഫും പ്രധാനവേഷത്തിൽ എത്തിയ 'ബഡാ മിയാൻ ചോട്ടാ മിയാൻ'. പ്രധാനവില്ലനായി പൃഥ്വിരാജ് എത്തിയിട്ടും ബോക്‌സോഫിസിൽ ചലനം ഉണ്ടാക്കാൻ ചിത്രത്തിനായില്ല.
ഇന്ത്യൻ ആർമി, കോർട് മാർഷ്യൽ, ദേശ സ്‌നേഹം, പാക്കിസ്ഥാൻ തുടങ്ങി ബോളിവുഡിൽ നിരവധി തവണ ഹിറ്റ് അടിച്ച ഫോർമുല കൊണ്ടുവന്നിട്ടും ചിത്രം പരാജയമാവുന്ന അവസ്ഥയാണുള്ളത്. ആദ്യ ദിവസത്തിൽ 15 കോടി രൂപ മാത്രമാണ് ചിത്രത്തിന് കളക്ട് ചെയ്യാൻ സാധിച്ചത്.
ഏറ്റവും നിരാശനാവുന്നത് അക്ഷയ് കുമാറാണ്. തുടർച്ചയായി അക്ഷയ് കുമാർ ചിത്രങ്ങൾ ബോക്‌സോഫീസിൽ പരാജയപ്പെടുകയാണ്. ഇടക്കാലത്ത് ഇറങ്ങിയ ഒഎംജി 2 മാറ്റി നിർത്തിയാൽ മറ്റ് ചിത്രങ്ങളെല്ലാംതന്നെ ബോക്‌സോഫീസിൽ പരാജയമായിരുന്നു.
ഒടിടിയിൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രങ്ങൾ പോലും മോശം അഭിപ്രായമായിരുന്നു നേടിയത്.
തമിഴിലെ ഹിറ്റ് ചിത്രങ്ങളായ കാഞ്ചന, ജിഗർതണ്ട എന്നിവയുടെ ഹിന്ദി റീമേക്ക് ആയ ലക്ഷ്മി, ബച്ചൻ പാണ്ഡെ എന്നിവയും മോശം അഭിപ്രായമാണ് നേടിയത്.
സാമ്രാട്ട് പൃഥ്വിരാജ, രക്ഷാ ബന്ധൻ, രാമസേതു തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസിൽ പരാജയമായിരുന്നു.
അതേസമയം നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന സർഫീറ, സിങ്കം എഗൈൻ, സ്‌കൈ ഫോഴ്‌സ്, വെൽകം ടും ജങ്കിൾ, വേദത് മറാത്തേ വീർ ദൗഡ്‌ലെ സാത്, ഹേരാ ഫെരി 3 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അക്ഷയ് കുമാർ ചിത്രങ്ങൾ.