ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് അക്ഷയ് കുമാര്‍; ട്വീറ്റിൽ സ്വാതന്ത്ര്യ ദിനാശംസകള്‍ക്കൊപ്പം സർക്കാർ രേഖകളും

ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് അക്ഷയ് കുമാര്‍; ട്വീറ്റിൽ സ്വാതന്ത്ര്യ ദിനാശംസകള്‍ക്കൊപ്പം സർക്കാർ രേഖകളും

സ്വാതന്ത്ര്യ ദിന ആശംസകളോടൊപ്പം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന്റെ സര്‍ക്കാര്‍ രേഖകളുടെ ചിത്രവും ട്വീറ്റില്‍ പങ്കുവച്ച് അക്ഷയ് കുമാർ
Updated on
1 min read

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍. ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ താരം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചായിരുന്നു അക്ഷയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍. 'മനസ്സും പൗരത്വവും, രണ്ടും ഇന്ത്യനാണ്. സ്വാതന്ത്ര്യ ദിനാശംസകള്‍' എന്നായിരുന്നു അക്ഷയുടെ ട്വീറ്റ്. ആശംസകളോടൊപ്പം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന്റെ സര്‍ക്കാര്‍ രേഖകളുടെ ചിത്രവും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചു.

നേരത്തെ താരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൗരത്വം നേടിയത് വലിയ വിവാദമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുമായുള്ള അഭിമുഖത്തിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചാവിഷയമായത്.

1990കളിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതാണ് കാനഡയില്‍ പോയി മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതി പൗരത്വമെടുത്തതിന് പിന്നിലെ കാരണമെന്ന് അക്ഷയ് പറഞ്ഞു. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനായുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം. കനേഡിയന്‍ പൗരത്വം വിഷയത്തില്‍ കാര്യങ്ങളറിയാതെയാണ് പലരും തന്നെ വിമര്‍ശിച്ചിട്ടുള്ളതെന്നും അക്ഷയ് കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് അക്ഷയ് കുമാര്‍; ട്വീറ്റിൽ സ്വാതന്ത്ര്യ ദിനാശംസകള്‍ക്കൊപ്പം സർക്കാർ രേഖകളും
'ഇന്ത്യയാണ് എല്ലാം'; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍

90കളിലെ സാഹചര്യമല്ല ഇപ്പോഴെന്നും തന്റെ എല്ലാ സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനാലാണ് കനേഡിയന്‍ പാസ്‌പോര്‍ട്ട് മാറ്റുന്നതിന്റെ നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ''കനേഡിയന്‍ പാസ്‌പോര്‍ട്ടുണ്ടെന്ന് കരുതി ഞാന്‍ മറ്റ് ഇന്ത്യക്കാരേക്കാള്‍ ചെറുതല്ല, ഞാന്‍ ഇന്ത്യന്‍ തന്നെയാണ്. 2019ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു, എന്നാല്‍ പിന്നീട് കോവിഡ് വരികയും രണ്ട് വര്‍ഷത്തോളം എല്ലാം അടച്ച് പൂട്ടുകയുമായിരുന്നു. കാനേഡിയന്‍ പൗരത്വം പിന്‍വലിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വൈകാതെ എത്തും. ഞാന്‍ എന്ത് ചെയ്യാനാണ്? കോവിഡ് വന്നത് എന്റെ കുറ്റമല്ലല്ലോ?' എന്നും അക്ഷയ് മാധ്യങ്ങളോട് മുമ്പ് പ്രതികരിക്കുകയുണ്ടായി.

logo
The Fourth
www.thefourthnews.in