വിജയം തിരിച്ചുപിടിക്കുമോ? വീണ്ടും റീമേക്കുമായി അക്ഷയ് കുമാർ; 'ഖേല്‍ ഖേല്‍ മേം' ഓഗസ്റ്റില്‍
സൂരരൈ പോട്രിന്റെ റീമേക്ക് സർഫിരക്ക് ശേഷം വീണ്ടുമൊരു റീമേക്കുയി അക്ഷയ് കുമാർ. ഖേല്‍ ഖേല്‍ മേം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്റെ ഔദ്യോഗിക റീമേക്ക് ആണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുദാസര്‍ അസീസ് ആണ്. ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളിലെത്തും..
മുമ്പും പല ഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സ്. അക്ഷയ് കുമാര്‍ ചിത്രം അതിന്റെ ഔദ്യോഗിക റീമേക്ക് ആണ്. പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്റെ പ്ലോട്ടിനോട് സമാനതകളുളള ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ട്വെൽത്ത് മാന്‍’. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സമീപകാലത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളിൽ ഒട്ടുമിക്കതും ബോക്സോഫീസിൽ വന്‍പരാജയമായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ സാമ്പത്തികനേട്ടം കൈവരിക്കാതെ തകർന്നടിഞ്ഞു. ആശ്വാസമായത് അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം. സൂരരൈ പോട്രിന്റെ റീമേക്ക് സർഫിരക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. സുധ കൊങ്കര തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂലൈ 12 നായിരുന്നു ചിത്രത്തിന്റെ റിലീസ്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത് വെറും 2 കോടി 40 ലക്ഷം രൂപ മാത്രമാണ്. 15 വര്‍ഷത്തെ കരിയറിൽ അക്ഷയ് കുമാറിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്നായിരുന്നു ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നികിന്റെ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന റീമേക്കിലൂടെ വിജയം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് താരം.