ചെറുത്തുനില്‍പ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ് പലസ്തീനില്‍ നിന്നും 'ആലം'

ചെറുത്തുനില്‍പ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ് പലസ്തീനില്‍ നിന്നും 'ആലം'

രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്
Updated on
2 min read

സൗഹൃദവും പ്രണയവും അതിലുപരി ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവും. അതാണ് പലസ്തീന്‍ സിനിമയായ ഫിറാസ് ഹൗറിയുടെ ആലം.  കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നാട്ടില്‍ നടക്കുന്ന അധിനിവേശത്തിനെതിരെ പോരാടാന്‍ തീരുമാനിക്കുകയും അതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളുമാണ് ആലമിലൂടെ ഫിറാസ് പറയുന്നത്.

ഇസ്രായേല്‍- പലസ്തീന്‍ രാഷ്ട്രീയ സംഘര്‍ഷത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അടിത്തറയില്‍ ഫിറാസ് മുന്നോട്ടു കൊണ്ടുപോകുന്നു.  അടുത്തിടെ നടന്ന ടൊറന്റോയിലെ സമകാലിക ലോക സിനിമ വിഭാഗത്തില്‍ ആയിരുന്നു ആദ്യ പ്രദര്‍ശനം. രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.  

ടമര്‍, ഷെക്കല്‍, സഫ്വത് എന്നീ മൂന്ന് സുഹൃത്തുക്കള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ പട്ടണത്തിലാണ് താമസിക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ മൂന്നുപേരും പലസ്തീന്റെ ചരിത്രത്തില്‍ അഭിനിവേശമുള്ളവരാണ്. ശ്വാസം മുട്ടി ജീവിക്കുന്ന അവസ്ഥയായിരുന്നു അവര്‍ക്ക് ഇസ്രായേലിലേത്. ഇസ്രായേലിന്റെ നിയമങ്ങള്‍ തന്നെയായിരുന്നു അവരെ പ്രകോപിതരാക്കിയതും. 1948 ലെ കുടിയൊഴിപ്പിക്കലിന്റെ അനന്തരഫലങ്ങള്‍ പുതിയ തലമുറയിലെ പ്രതിനിധികളായ ടമറിനെയും കൂട്ടരെയും ബാധിക്കുന്നു. സാധാരണ ജീവിതം നയിച്ച് വന്നിരുന്ന അവര്‍ക്കിടയില്‍  ജറുസലേമില്‍ നിന്ന് താമസം മാറി എത്തിയ മെയ്‌സ സ്‌കൂളിലെത്തുന്നതോടെ കഥ മാറിമറിയുകയാണ്.  

അതുവരെ രാഷ്ട്രീയത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാതെയിരുന്ന ടമര്‍  മെയ്‌സയുമായി പ്രണയത്തിലാകുന്നതോടെ സ്‌കൂളിലെ പ്രതിഷേധ പരിപാടികളിലേക്ക് പങ്കെടുക്കുന്ന കാഴ്ചയാണ് പിന്നീടു വരുന്നത്. 1948 ലെ പലസ്തീന്‍ അനുസ്മരണത്തോടനുബന്ധിച്ച് ഇസ്രായേലിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് പലസ്തീന്‍ പതാക പാറിപ്പറപ്പിക്കുന്നതോടെ അവരുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നു.  

മെയ്‌സയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ ടമര്‍ അവളുമായി അടുക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തീരുമാനിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയില്‍ നിന്നും അവരുടെ സ്വത്വ രാഷ്ട്രീയത്തിലേക്ക് കഥ തെന്നി മാറുമ്പോള്‍ പുതിയ തലമുറകളില്‍ അവരുടെ സ്വത്വത്തിന്റെ വേദനയെ അടയാളപ്പെടുത്താന്‍ ഫിറാസ് ആലമിലൂടെ ശ്രമിക്കുന്നു. അത് പുതിയകാല രാഷ്ട്രീയ സാഹചര്യങ്ങളെക്കൂടി മനസ്സിലാക്കി കൊണ്ടുളളതാണ്. അധികാരത്തിലിരിക്കുന്നവരെപ്പോലെ നിസ്സംഗരല്ല പുതിയ തലമുറയെന്നും ഫിറാസ് ആലമിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. ടമറിന്റെ പിതാവ് പുറമെ സ്വേച്ഛാധിപതിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭൂതകാലം ആക്ടിവിസത്തിന്റെ ഒന്നായിരുന്നുവെന്ന് സിനിമ എപ്പോഴും സൂചന നല്‍കുന്നു.

വ്യക്തവും സൂക്ഷ്മവുമായ രാഷ്ട്രീയമാണ് ഫിറാസ് ആലമിലൂടെ പറയുന്നത്. ടമറിന്റെ കണ്ണിലൂടെയാണ്  ഫിറാസ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നതെങ്കിലും  പലസ്തീന്‍ ജനതയുടെ യാഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് ഫിറാസിന് കടക്കാന്‍ കഴിഞ്ഞെന്നതാണ് ആലമിന്റെ വിജയവും.

logo
The Fourth
www.thefourthnews.in