'ആൺലോകത്ത് നിലനിൽക്കുക ശ്രമകരം, താങ്കൾ എനിക്ക് ഹീറോ'; സമാന്തയെ പ്രകീർത്തിച്ച് ആലിയ ഭട്ട്
ആൺലോകത്ത് ഒരു സ്ത്രീയായി നിലനിൽക്കുകയെന്നത് ശ്രമകരമെന്നും സമാന്തയുടെ കഴിവിനെയും ആർജവത്തെയും ബഹുമാനിക്കുന്നുവെന്നും ആലിയ ഭട്ട്. ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ കാഴ്ചപ്പാടിൽ സമാന്ത ഹീറോയാണ്. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ സംഭവിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും ആലിയ പറഞ്ഞു.
റിലീസിന് തയാറെടുക്കുന്ന ജിഗിരയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റിലായിരുന്നു സമാന്ത റൂത്ത് പ്രഭുവിനെ പ്രകീര്‍ത്തിച്ച് ആലിയ ഭട്ട് സംസാരിച്ചത്.
ആൺകോയ്മയുടെ ഈ ലോകത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. പക്ഷെ, നിങ്ങൾ ആ വേർതിരിവുകളെ എല്ലാം മറികടന്നിരിക്കുന്നു വിജയിച്ചുകാണിച്ചു.
ആലിയ ഭട്ട്
ആലിയ ഭട്ടിന്റെ വാക്കുകൾ
പ്രിയപ്പെട്ട സമാന്ത, ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും നിങ്ങളൊരു ഹീറോയാണ്. നിങ്ങളുടെ കഴിവിലും ശക്തിയിലും പ്രതിരോധിക്കാനുളള ആർജവത്തോടും എനിക്ക് ആരാധനയാണ്. ആൺകോയ്മയുടെ ഈ ലോകത്ത് ഒരു സ്ത്രീയായിരിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. പക്ഷേ നിങ്ങൾ ആ വേർതിരിവുകളെ എല്ലാം മറികടന്നിരിക്കുന്നു, വിജയിച്ചുകാണിച്ചു. കഠിനാധ്വാനവും ശക്തമായ ചുവടുകളും കൊണ്ട് വിജയം കൈവരിച്ച വ്യക്തിയെന്നനിലയിൽ നിങ്ങൾ എല്ലാവർക്കും മാതൃകയാണ്. എല്ലാവരും പറയുന്നതുകേട്ടിട്ടുണ്ട്, നടിമാർക്ക് പരസ്പരം മത്സരബുദ്ധിയാണെന്ന്. പക്ഷേ അത് ശരിയല്ല. ഇന്ന് എൻ്റെ സിനിമയുടെ പ്രൊമോഷൻ വേദിയിൽ ഒരു പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാറായ സമാന്തയുമുണ്ടെന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. പറ്റിയാൽ ഉടൻ നമ്മൾ ഒന്നിച്ചൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന അവതരിപ്പിക്കുന്ന ചിത്രമാണ് ജിഗിര. വസന്‍ ബാലയാണ് സംവിധാനം. കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത്ത, ആലിയ ഭട്ട്, ഷെഹീന്‍ ഭട്ട്, സൗമെന്‍ മിശ്രഎന്നിവര്‍ ചേര്‍ന്ന് ധര്‍മ പ്രൊഡക്ഷന്‍സിന്റെയും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിൽ വേദാംഗ് റൈന, ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.