അന്യഭാഷാ അഭിനേതാക്കളുടെ  വിലക്കിൽ വിശദീകരണം തേടി ദേശീയ സംഘടന; 
പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഫെഫ്സിയുടെ മറുപടി

അന്യഭാഷാ അഭിനേതാക്കളുടെ വിലക്കിൽ വിശദീകരണം തേടി ദേശീയ സംഘടന; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഫെഫ്സിയുടെ മറുപടി

മറ്റ് സംസ്ഥാനങ്ങളുടെ പരാതിയിലാണ് ഓൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷന് വിശദീകരണം തേടിയത്
Updated on
1 min read

തമിഴ് ചിത്രങ്ങളിൽ അന്യഭാഷ അഭിനേതാക്കളെയോ സാങ്കേതിക പ്രവർത്തകരെയോ സഹകരിപ്പിക്കരുതെന്ന നിർദേശത്തിൽ ഫെഫ്സിയോട് (ഫിലിം എംപ്ലോയിമെന്റ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) വിശദീകരണം തേടി ഓൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ് ഫെഫ്സി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചതെന്നും ഫെഫ്സി, കോൺഫെഡറേഷനെ അറിയിച്ചു.

ഫെഫ്സിയുടെ നിർദേശങ്ങൾ സംഘടനാതത്വങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാനങ്ങൾ നൽകിയ പരാതിയിലാണ് കോൺഫെഡറേഷൻ വിശദീകരണം തേടിയത്. അതേസമയം ഫെഫ്സി നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ദിവസ വേതനാടിസ്ഥാനത്തിലുള്ളവരെ കുറിച്ച് മാത്രമാണ് ഫെഫ്സി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചതെന്നും ഓൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ദ ഫോർത്തിനോട് പറഞ്ഞു

നാളെ ചെന്നൈയിൽ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഫെഫ്സി ജനറൽ സെക്രട്ടറി സ്വാമിനാഥനും ദ ഫോർത്തിനോട് പറഞ്ഞു. ഫെഫ്സി പ്രസിഡന്റ് സ്ഥലത്തില്ലാത്തതിനാലാണ് വാർത്താസമ്മേളനം വൈകുന്നതെന്നും സ്വാമിനാഥൻ വിശദീകരിച്ചു.

ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ് ഫെഫ്സി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഇതിനായി മറ്റ് സംസ്ഥാനത്ത് നിന്ന് ആളെ കൊണ്ടുവരാതെ തമിഴ്നാട്ടിലുള്ളവർക്ക് അവസരവും വേതനവും ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. അതു തെറ്റായ രീതിയിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. അഭിനേതാക്കളുടെയോ സാങ്കേതിക പ്രവർത്തകരുടെയോ കാര്യത്തിൽ ഫെഫ്സി ഒരു നിർദേശവും മുന്നോട്ടുവച്ചിട്ടില്ലെന്നും സ്വാമിനാഥൻ പറയുന്നു.അന്യസംസ്ഥാനത്തോ, വിദേശരാജ്യത്തോ, ചിത്രീകരണം പാടില്ലെന്നും ഫെഫ്സി നിർദേശിച്ചിട്ടില്ല. അവശ്യമെങ്കിൽ എവിടെയും ചിത്രീകരിക്കാം. എന്നാൽ സെറ്റിടുന്ന സിനിമകൾ തമിഴ്നാട്ടിൽ തന്നെ ചിത്രീകരിക്കണമെന്നാണ് സംഘടന നിർദേശിച്ചതെന്നും സ്വമിനാഥൻ വിശദീകരിച്ചു

logo
The Fourth
www.thefourthnews.in