അല്ലുവിനെ മല്ലുവാക്കിയ ചിത്രം; 'ആര്യ'യുടെ ഇരുപത് വർഷം
അല്ലു അർജുനെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റിയ ചിത്രം 'ആര്യ' റിലീസ് ചെയ്തിട്ട് ഇരുപത് വർഷം. സുകുമാർ സംവിധാനം ചെയ്ത ചിത്രം അല്ലു അർജുനെ തെലുങ്കിന് പുറമെ മലയാളത്തിലും സൂപ്പർ താരമാക്കി മാറ്റുകയായിരുന്നു.
ഇത് വെറുമൊരു ചിത്രമല്ലെന്നും തന്റെ ജീവിതം മാറ്റി മറിച്ച നിമിഷമാണ് ആര്യയെന്നുമാണ് ചിത്രത്തിന്റെ ഇരുപതാം വർഷത്തിൽ അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തെലുങ്കിലെ സിനിമ കുടുംബത്തിലാണ് അല്ലു അർജുൻ ജനിച്ചതെങ്കിലും ആദ്യ ചിത്രമായ 'ഗംഗോത്രി' വൻ പരാജയമായിരുന്നു. തുടര്‍ന്ന് ഭാഗ്യമില്ലാത്തവനെന്നും കഴിവില്ലാത്തവനെന്നുമുള്ള വിമർശനങ്ങളാണ് അല്ലു അർജുന് നേരിടേണ്ടി വന്നത്.
നെപ്പോ കിഡ് എന്ന ലേബലിൽ വിമർശനങ്ങളും ഉയർന്നിരുന്നു. അതോടൊപ്പം അല്ലുവിന്റെ രൂപത്തെയും ശരീരത്തെയും പരിഹസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഈ സമയത്താണ് 'ദിൽ' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന സുകുമാർ ആ ചിത്രത്തിന്റെ നിർമാതാവാ. രാജുവിനൊപ്പം പുതിയ ചിത്രമൊരുക്കാനുള്ള പദ്ധതി ആരംഭിച്ചത്.
തെലുങ്കിൽ അതുവരെയുള്ള ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലുള്ള കഥ പറച്ചിലുമായെത്തിയ ചിത്രം തെലുങ്കിലെ പ്രമുഖ താരങ്ങളെല്ലാം കൈയൊഴിഞ്ഞു. ടിപ്പിക്കൽ തെലുങ്ക് ചിത്രത്തിനുവേണ്ട ഒരു ഘടകവും സുകുമാർ പറഞ്ഞ കഥയിലില്ലെന്നായിരുന്നു താരങ്ങൾ പറഞ്ഞത്.
രവി തേജ, നിതിൻ, പ്രഭാസ് തുടങ്ങിയ പ്രമുഖരാണ് സുകുമാറിന്റെ കഥ നിരസിച്ചത്. തുടർന്നാണ് ചിത്രം താരതമ്യേന പുതുമുഖമായ അല്ലുവിലേക്കെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പായി മലയാളി സംവിധായകനും നിർമാതാവുമായ ഖാദർ ഹസൻ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശവും വാങ്ങി.
സാധാരണ ഡബ്ബിങ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന രീതിക്കുപകരമായി ഖാദർ ഹസൻ ആര്യയിലെ ഗാനങ്ങൾ ഒരു മലയാള സിനിമയെന്ന രീതിയിൽ റീമേക്ക് ചെയ്തു. അല്ലുവിന് ശബ്ദമായി അന്നത്തെ പ്രമുഖ മിമിക്രി താരവും പിന്നീട് സംവിധായകനുമായി മാറിയ ജിസ് ജോയിയെ തിരഞ്ഞെടുത്തു.
ദേവിശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങൾ റിലീസിനു മുൻപ് തന്നെ കേരളത്തിൽ വൻ ഹിറ്റായെങ്കിലും ചിത്രം തീയേറ്ററുകളിൽ വലിയ ഓളമൊന്നും ആദ്യ ഘട്ടത്തിൽ സൃഷ്ടിച്ചില്ല. പക്ഷേ ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായത്തിലൂടെ തിയേറ്ററുകളിൽ മോശമല്ലാത്ത കളക്ഷൻ ആര്യ നേടി. ചിത്രത്തിന്റെ സി ഡി കൂടി ഇറങ്ങിയതോടെ കേരളത്തിൽ ആര്യ തരംഗമായി. ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തു. വലിയ ഹിറ്റായി.
അല്ലു അർജുൻ എന്ന പേരിന് പകരം മല്ലു അർജുൻ എന്നായിരുന്നു അന്ന് മലയാളികൾ താരത്തെ വിളിച്ചത്. ആര്യയുടെ വൻ വിജയം തുടർച്ചയായി തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്കു ഡബ്ബ് ചെയ്ത് ഇറക്കുന്ന പതിവിന് തുടക്കമിട്ടു.
അല്ലു അർജുൻ എന്ന താരത്തിന്റെ ജൈത്രയാത്ര ആരംഭിച്ചത് ഇവിടെനിന്നായിരുന്നു. പിന്നീട് ഒന്നിന് പിറകെ ഒന്നൊന്നായി എത്തിയ അല്ലു അർജുൻ ചിത്രങ്ങൾ കേരളത്തിൽ വിജയമായി. തെലുങ്കിൽ ശ്രദ്ധിക്കപ്പെടാതിരുന്ന ചിത്രങ്ങൾ പോലും മലയാളത്തിലെ ആരാധകർ ഏറ്റെടുത്തു.
അഞ്ച് വർഷത്തിനുശേഷം ആര്യ 2 എന്ന പേരിൽ അല്ലു അർജുനും സുകുമാറും മറ്റൊരു ചിത്രവുമൊരുക്കി. 20 വർഷങ്ങൾക്കിപ്പുറം അല്ലു അർജുൻ - സുകുമാർ - ദേവിശ്രീ പ്രസാദ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ പുഷ്പ 2 വിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓഗസ്റ്റ് 15ന് പുഷ്പ 2 തീയേറ്ററുകളിലെത്തും.