'ട്രാൻസിലെയും പറവയിലെയും വില്ലൻ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനാണ്'; വെളിപ്പെടുത്തലുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പ്രധാനപ്പെട്ട രണ്ട് വില്ലന്‍ വേഷങ്ങള്‍ തനിക്ക് നഷ്ടമായതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലും സൗബിന്‍ ഷാഹിറിന്റെ പറവിയിലെയും വില്ലന്‍ വേഷങ്ങളാണ് നഷ്ടമായതെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. ട്രാന്‍സില്‍ ഗൗതം മോനോനൊപ്പമുള്ള വില്ലൻ വേഷവും പറവയില്‍ സൗബിന്‍ അവതരിപ്പിച്ച വില്ലന്‍ വേഷവുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കൈവിട്ടു പോയതെന്ന് അദ്ദേഹം കുമുദം ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്ത ഗോള്‍ഡിന് ശേഷം അല്‍ഫോണ്‍സ് നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയെന്നും പുതിയ ഓഫര്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും അദ്ദേഹം പറയുന്നു. ചില സംവിധായകരോട് അഭിനയിക്കാന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കുന്നു. പ്രേമം സിനിമയില്‍ അവസാനത്തെ കുറച്ച് സീനുകളില്‍ അല്‍ഫോണ്‍സ് അഭിനയിച്ചിരുന്നു.
നേരത്തെ, തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അല്‍ഫോണ്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് അല്‍ഫോണ്‍സ് ഇടവേളയെടുക്കുകയായിരുന്നു. ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയത അവസാന ചിത്രം. പൃഥ്വിരാജിനെ കൂടാതെ ദീപ്തി സതി, മല്ലിക സുകുമാരന്‍, ലാലു അലക്സ്, അജ്മല്‍ അമീര്‍, ബാബുരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലറാണ് 'ട്രാന്‍സ്'. ഒരു നിരീശ്വരവാദി മോട്ടിവേഷണല്‍ സ്പീക്കറായാണ് ഫഹദ് ഫാസില്‍ സിനിമയില്‍ വേഷമിട്ടത്. ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, നസ്രിയ നസിം, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'പറവ'. ഷെയ്ന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.