'മോളേ എന്ന് വിളിച്ച പ്രമുഖ നടൻ മോശമായി പെരുമാറി, സമയമാവട്ടെ, പേര് വെളിപ്പെടുത്തും'; തിലകന്റെ മകൾ സോണിയ തിലകൻ
മലയാള സിനിമയിൽനിന്ന് തനിക്കും ദുരനുഭവമുണ്ടായിട്ടുളളതായി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകന്റെ വെളിപ്പെടുത്തൽ. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽനിന്ന് തന്നെയാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് സോണിയ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുളള ചർച്ചകളുടെ ഭാഗമായാണ് സോണിയയുടെ തുറന്നുപറച്ചിൽ.
ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. അച്ഛൻ മരിച്ചശേഷം പ്രമുഖ നടൻ വിളിച്ചു. തിലകനോട് ചെയ്ത കാര്യങ്ങളിൽ കുറ്റബോധമുണ്ടെന്നു പറഞ്ഞ് മോളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു സംസാരം. പിന്നീട് വന്ന സന്ദേശങ്ങളിൽ മോശം അനുഭവമാണുണ്ടായത്. ഉചിതമായ സമയം വരുമ്പോൾ നടന്റെ പേര് വെളിപ്പെടുത്തുമെന്നും തത്കാലം നിയമനടപടികളുമായി മുന്നോട്ടുപോകാൻ സമയമില്ലെന്നും സോണിയ വ്യക്തമാക്കി.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ തിലകൻ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു. സിനിമയിൽ മാഫിയ സംഘമുണ്ടെന്ന് പറഞ്ഞ പ്രഗത്ഭനായ നടനെ സിനിമയിൽനിന്ന് വിലക്കുകയും പിന്നീട് സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ അവിടെ സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ അന്നത്തെ അധ്യക്ഷൻ വഴി വിലക്കാൻ ശ്രമിക്കുകയും ചെയ്തു. സിനിമാ രംഗത്തും സജീവമായിരുന്ന നടനായിരുന്നു ആത്മയുടെ അധ്യക്ഷനെന്നും ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ കാര്യം സോണിയയും ശരിവെച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 'അമ്മ' സംഘടന പിരിച്ചുവിടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നു സോണിയ ആവശ്യപ്പെട്ടു. അച്ഛനെ ഒതുക്കിയത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പാണെന്നും സോണിയ കുറ്റപ്പെടുത്തി.
സംഘടനയുടെ യോഗം നടക്കുമ്പോൾ അറുപതിലധികം ഗുണ്ടകളെ പുറത്ത് തയ്യാറാക്കിനിർത്തിയിരുന്നുവെന്നു തിലകൻ പറഞ്ഞിരുന്നെന്നും സോണിയ പറയുന്നു. അമ്മ എന്ന സംഘടന കോടാലിയാണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തന്‍റെ അനുഭവവും മറിച്ചല്ലെന്നും പറഞ്ഞ സോണിയ ആളുകളെ പുറത്താക്കാനും പീഡകർക്ക് കൂട്ടുനിൽക്കാനുമാണോ ഈ സംഘടനയന്നു ചോദിക്കുന്നു. അമ്മയുടേത് ഇരട്ടത്താപ്പാണ്. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിനാണ് അച്ഛനെ പുറത്താക്കിയത്. അന്നുണ്ടായിരുന്ന ആർജവം ഇപ്പോൾ എന്തുകൊണ്ട് കാണിക്കുന്നില്ല?
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണം. ഇരകൾക്ക് നീതി കിട്ടണം. ഇതിനായി സർക്കാർ നിയമമുണ്ടാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരണം അറിയിച്ച് നടൻ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
താരസംഘടനയായ 'അമ്മ'യുടെ പല നിലപാടുകളിലും ശക്തമായ എതിർപ്പ് അറിയിച്ചിരുന്ന നടനാണ് തിലകൻ. മലയാള സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അന്നേ തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു അദ്ദേഹം. 2010 ലായിരുന്നു തിലകനെ സംഘടനയിൽനിന്നു പുറത്താക്കിയത്. അതിനുപിന്നാലെ തനിക്ക് പല നല്ല സിനിമകളിലും വേഷങ്ങള്‍ നഷ്ടമായിരുന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.