റേസിങ് ട്രാക്കിൽനിന്ന് ലൊക്കേഷനിലേക്ക്; അജിത് ഗുഡ് ബാഡ് അഗ്ലി സെറ്റിൽ
റേസിങ് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ സിനിമാ വിവരങ്ങളുമായി നടൻ അജിത് കുമാർ. 2025ലെ യൂറോപ്യൻ ജിടി4 റേസിങ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന തമിഴകത്തിന്റെ പ്രിയപ്പെട്ട അജിത് തന്റെ പുതിയ സിനിമയായ 'ഗുഡ് ബാഡ് അഗ്ലി'യുടെ ചിത്രീകരണം പുനഃരാരംഭിച്ചു.
സ്പെയിനിൽ റേസിങ് പരിശീലനത്തിലായിരിക്കെയാണ് താരം അധിക് രവിചന്ദ്രൻ സിനിമയുടെ സെറ്റിലേക്കെത്തിയത്. തൃഷയാണ് ചിത്രത്തിൽ നായിക. പ്രസന്ന വെങ്കിടേഷ്, തെലുങ്ക് നടൻ സുനിൽ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
സുനിൽ ഉൾപ്പെടെയുള്ള ആളുകളോടൊപ്പം സെറ്റിലെ ഒഴിവുസമയം ചിലവഴിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആരാധകർ കാത്തിരിക്കുന്ന അജിത് ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യുടെ ലൊക്കേഷൻ ചിത്രങ്ങൾ ആവേശം നൽകുന്നതാണ്.
2025ലെ പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തിക്കാമെന്നാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. റിലീസിന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നതിനാൽ ദ്രുതഗതിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളിൽ ഭാര്യ ശാലിനിയുടെ അജിത് നടക്കാനിറങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പത്തുവർഷത്തിനു ശേഷം ദേവിശ്രീ പ്രസാദ് ഒരു അജിത് ചിത്രത്തിന് സംഗീതം നൽകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുഷ്പയുടെ സംഗീതസംവിധായകനായ ദേവി ശ്രീ പ്രസാദ് അവസാനം ചെയ്ത അജിത് ചിത്രം 2014ൽ പുറത്തിറങ്ങിയ വീരമാണ്.
പേര് തീരുമാനിക്കുന്നതിനു മുൻപ് അജിത് കുമാറിന്റെ 63-ാം ചിത്രമെന്ന തരത്തിൽ എകെ63 എന്നാണ് ചിത്രത്തിന് പേരിട്ടത്. 'ഗുഡ് ബാഡ് അഗ്ലി' എന്ന പേരോടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് 2024 മാർച്ചിലാണ്. മേയിൽ ഹൈദരാബാദിൽ ചിത്രീകണം ആരംഭിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജവും എഡിറ്റിങ് വിജയ് വേലുക്കുട്ടിയുമാണ്.