മുൻകൂട്ടി അറിയിച്ചിട്ടും യോഗത്തിന് എത്തിയില്ല; നിര്‍മാതാക്കളുടെ സംഘടനയെ പ്രതിഷേധമറിയിച്ച് അമ്മ
വാർഷിക പൊതുയോഗത്തിന് എത്താത്തതിൽ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് പ്രതിഷേധമറിയിച്ച് താരസംഘടനയായ അമ്മ. മുൻകൂട്ടി തീയതി അറിയിച്ചിട്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ യോഗത്തിന് എത്തിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി അംഗത്തിന്റെ സിനിമയടക്കം അഞ്ചോളം ചിത്രങ്ങളുടെ ഷൂട്ടിങ് ഇന്ന് നടത്തി. ഇത് കാരണം പല അംഗങ്ങൾക്കും യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. മീറ്റിങ് മുന്നിൽകണ്ട് ഇവർക്ക് എത്തിച്ചേരാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നുവെന്നും പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയേയും അമ്മ അറിയിച്ചു.
കഴിഞ്ഞ പൊതുയോഗത്തിനു ശേഷം ഒൻപത് പേർക്കായിരുന്നു അമ്മ അംഗത്വം നൽകിയത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ആറ് പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ കൂടി പരിഗണിച്ചു. വിജയൻ കാരന്തുർ, ബിനു പപ്പു, സലിം ഭാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖിലാ വിമൽ എന്നിവർക്കാണ് അംഗത്വം നൽകാൻ തീരുമാനമായത്. എന്നാൽ ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നൽകില്ലെന്ന് അമ്മ യോഗത്തിൽ വ്യക്തമാക്കി. ഇതര സംഘടനയിൽ നിന്ന് എൻഒസി ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാനാണ് തീരുമാനം.
കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചാണ് അമ്മയുടെ 29ആമത് വാർഷിക പൊതുയോഗം നടന്നത്. 11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290ഓളം അംഗങ്ങൾ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ സിനിമാരംഗത്ത് നിന്ന് മൺമറഞ്ഞുപോയ ഒൻപത് പേർക്ക് യോഗത്തിൽ ആദരാഞ്ജലികളും അർപ്പിച്ചു.