പിഷാരടിക്കും റോണി വർഗീസിനും തോൽവി, ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച് ജയൻ ചേർത്തല; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തർക്കം

പിഷാരടിക്കും റോണി വർഗീസിനും തോൽവി, ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച് ജയൻ ചേർത്തല; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തർക്കം

മോഹൻലാലും ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
Updated on
2 min read

അമ്മ അസോസിയേഷന്റെ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ഞെട്ടിച്ച് ജയൻ ചേർത്തലയ്ക്ക് വിജയം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷിനൊപ്പം ജയൻ ചേർത്തല വിജയിച്ചത്.

ഇത്തവണ ഔദ്യോഗിക പാനൽ ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും വോട്ടെടുപ്പിന് തലേദിവസം ഔദ്യോഗിക പാനലിലുള്ളവർ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സിദ്ധിഖിന്റെ അഭാവത്തിൽ മോഹൻലാൽ, ജഗദീഷ്, മഞ്ജുപിള്ള, ടിനി ടോം, ബാബുരാജ്, ടൊവിനോ തോമസ് എന്നിവരായിരുന്നു വീഡിയോ പുറത്തുവിട്ടത്.

എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പായി പങ്കുവെച്ച വീഡിയോയിൽ വനിത വൈസ്പ്രസിഡന്റ് ഉണ്ടാവേണ്ടതുണ്ടെന്ന് ജഗദീഷ് ഓർമിപ്പിച്ചിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല അട്ടിമറിയിലൂടെ ജഗദീഷിനൊപ്പം വിജയിക്കുകയായിരുന്നു.

പിഷാരടിക്കും റോണി വർഗീസിനും തോൽവി, ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച് ജയൻ ചേർത്തല; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തർക്കം
സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി, മഞ്ജു പിള്ളയ്ക്ക് തോൽവി; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മത്സരിച്ച രമേശ് പിഷാരടിയും ഡോക്ടർ റോണി വർഗീസും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അമ്മയുടെ ഭരണഘടന അനുസരിച്ച് 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണമെന്ന് നിർബന്ധമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇരുവരും വിജയിച്ചില്ല.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച വനിതകളിൽ അനന്യ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചു. ബൈലോ പ്രകാരം വനിത പ്രാതിനിധ്യം വേണ്ടതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ 8 പേരെ പ്രഖ്യാപിക്കുകയും നാല് പേരെ പിന്നീട് ഏക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കുമെന്നും പ്രിസൈഡിങ് ഓഫീസർ പറഞ്ഞു. ഇതിൽ പ്രകാരം കലാഭവൻ ഷാജോൺ, വിനുമോഹൻ, ടിനി ടോം, ജോയ് മാത്യു, അനന്യ, ടൊവിനോ തോമസ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറുമൂട് എന്നിവരെ തിരഞ്ഞെടുത്തു.

ഇതോടെ മത്സരത്തിൽ പങ്കെടുത്ത സ്ത്രീകളെ തന്നെ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളിൽ ചിലർ ബഹളം വെച്ചു. എന്നാൽ മത്സരത്തിൽ പങ്കെടുത്ത സ്ത്രീകൾ വനിതാപ്രാതിനിത്യ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടെന്ന് കമ്മറ്റിയും പ്രിസെഡിങ് ഓഫീസറും വ്യക്തമാക്കി. ഇതിലൂടെ സരയുവും അൻസിബയും കൂടി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് രമേശ് പിഷാരടിയും റോണി വർഗീസും പരാജയപ്പെട്ടത്.

പിഷാരടിക്കും റോണി വർഗീസിനും തോൽവി, ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച് ജയൻ ചേർത്തല; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തർക്കം
സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ; ബൈഡനെ മാറ്റാൻ നീക്കം?

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ഒരു വനിത പ്രതിനിധിയെ കമ്മറ്റി യോഗം ചേർന്ന് തീരുമാനിക്കും കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, ഷീലു ഏബ്രഹാം എന്നിവരുടെ പേരുകൾ നിർദ്ദേശങ്ങളായി ഉയർന്നു.

നേരത്തെ മോഹൻലാലും ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ജനറൽ സെക്രട്ടറിയായി നടൻ സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമായിരുന്നു മത്സരിച്ചത്. 25 വർഷത്തെ നേതൃത്വത്തിന് ശേഷം ഇടവേള ബാബു അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് പിന്മാറി.

പുതിയ ഭരണസമിതി അടുത്ത മൂന്ന് വർഷത്തേക്ക് ആയിരിക്കും അധികാരത്തിൽ ഉണ്ടാവുക. നടൻ മമ്മൂട്ടി യുകെയിൽ ആയതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in