സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി, മഞ്ജു പിള്ളയ്ക്ക് തോൽവി; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ
താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ജനറൽ സെക്രട്ടറിയായി നടൻ സിദ്ധിഖും വൈസ് പ്രസിഡന്റുമാരായി ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു.
ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് വിജയിച്ചു. നേരത്തെ നിലവിലെ പ്രസിഡന്റ് ആയ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു മത്സരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരായിരുന്നു മത്സരിച്ചിരുന്നത്. 25 വർഷത്തെ നേതൃത്വത്തിന് ശേഷം ഇടവേള ബാബു അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് പിന്മാറി.
അമ്മയുടെ ഭരണഘടന അനുസരിച്ച് 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണമെന്ന് നിർബന്ധമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുമായി രണ്ട് സ്ത്രീകൾ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇരുവരും വിജയിച്ചിട്ടില്ല.
ഇതിനെ തുടർന്ന് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ 4 പേർ സ്ത്രീകൾ ആയിരിക്കും. സംഘടനയിൽ അംഗങ്ങളായ 506 പേർക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. പുതിയ ഭരണ സമിതി അടുത്ത മൂന്ന് വർഷത്തേക്ക് ആയിരിക്കും അധികാരത്തിൽ ഉണ്ടാവുക.
നടൻ മമ്മൂട്ടി യുകെയിൽ ആയതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. 27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.