ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഗുരുവിനെ മറക്കാത്ത ജയറാം; ഓർമകളിലൂടെ അനന്തപത്മനാഭന്‍
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വിസ്മയിപ്പിക്കുന്ന നടനാണ് ജയറാമെന്ന് സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍. മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനിലെ ആഴ്വാര്‍ കടിയാന്‍ എന്ന വേഷത്തെ കുറിച്ച് ജയറാമിനോട് സംസാരിച്ച ശബ്ദരേഖ കഴിഞ്ഞ ദിവസം അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പത്മരാജനെ തന്റെ ഗുരുവായാണ് ഇന്നും ജയറാം കാണുന്നത്. തന്നെ സിനിമയില്‍ എത്തിച്ച പത്മരാജനോടുള്ള അടുപ്പം തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെന്നും അനന്തപത്മനാഭന്‍ പറയുന്നു.
പത്മരാജന്റെ അപരനില്‍ തുടങ്ങി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ എത്തിനില്‍ക്കുമ്പോഴും പെരുമാറ്റം കൊണ്ട് ജയറാം അത്ഭുതപ്പെടുത്തുന്നു. ഏത് പുതിയ സിനിമ ആരംഭിക്കുമ്പോഴും ഇന്നും ജയറാം വിളിക്കും. സിനിമയില്‍ അവസരം തന്ന ഗുരുവിനോടുള്ള ആദരമായാണ് ജയറാം അതിനെ കാണുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിന് മുമ്പും വിളിച്ചിരുന്നു. പത്മരാജനില്‍ തുടങ്ങി മണിരത്‌നം സിനിമ വരെ എത്തി, ഈ യാത്ര എന്നു പറഞ്ഞു. സിനിമ മാത്രമല്ല, ജീവിതത്തില്‍ എന്തു സന്തോഷമുണ്ടായാലും അത് പങ്കു വയ്ക്കാന്‍ ആ വിളി എത്തും.
പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതില്‍ ജയറാം വലിയ സന്തോഷത്തിലാണ്. അച്ഛനുണ്ടായിരുന്നെങ്കില്‍ തന്‍റെ ഈ നേട്ടത്തില്‍ വലിയ സന്തോഷമാകുമായിരുന്നെന്നും, അദ്ദേഹം കൊണ്ടുവന്ന ഒരാള്‍ 35 വര്‍ഷം പിന്നിടുമ്പോഴും ഇവിടെ നിലനില്‍ക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുമായിരുന്നെന്നും പറഞ്ഞു. അച്ഛന്റെ ആത്മാവ് ഈ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ടാവും എന്നും ജയറാം കൂട്ടിച്ചേർത്തു.
ഇന്നും ജയറാം ഗുരുസ്‌നേഹം കൊണ്ടു നടക്കുന്നു എന്ന് കാണിക്കുന്നതാണ് ഈ പ്രതികരണങ്ങള്‍. ആ സ്‌നേഹത്തിനുള്ള ഉദാഹരണമായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹ നിശ്ചയം പോലും. അച്ഛന്റെ മരണ ശേഷമാണ് ജയറാമും പാര്‍വതിയും അടുക്കുന്നത്. വിവാഹിതരാകും മുന്‍പ് ഇരുവരും രഹസ്യമായി മോതിരം മാറിയത് പോലും പത്മരാജന്റെ ഫോട്ടോയ്ക്ക് മുന്നിലായിരുന്നു. ആ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ് ഈ സംഭവം. അന്ന് പാര്‍വതിയുടെ വീട്ടുകാര്‍ അറിയാതെ ആയിരുന്നു ഇരുവരും മോതിരം കൈമാറിയത്. ചുരിദാര്‍ ധരിച്ചായിരുന്നു അന്ന് പാര്‍വതി ഞങ്ങളുടെ വീട്ടിലെത്തിയത്. പിന്നീട് ചടങ്ങിന് ഒരുങ്ങാനുള്ള സാരിയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ കൊണ്ടുവന്നതും ജയറാം ആയിരുന്നു.
ബന്ധുകൂടിയായ എം ജയചന്ദ്രന്റെ അമ്മ അന്ന് പായസം ഉണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും, ഇപ്പോഴും വീട്ടിലെത്തിയാല്‍ ജയറാം ആ പായസത്തെ കുറിച്ച് പറയും, ആ പായസം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. ജയറാമിന്റെ കഴുത്തില്‍ ഒരു മാലയുണ്ട്. അതില്‍ പത്മരാജന്റെ ചിത്രമാണുള്ളത്. ഗുരുവിനോട് എത്രത്തോളം ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജയറാം എന്നതിന്റെ തെളിവാണിതെന്നും അനന്തപദ്മനാഭന്‍ പറഞ്ഞു.