കാനില്‍ തിളങ്ങിയത് അഭിനയം 'സ്വപ്നം കാണാത്ത' അനസൂയ

കാനില്‍ തിളങ്ങിയത് അഭിനയം 'സ്വപ്നം കാണാത്ത' അനസൂയ

ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റൈൻ ബൊജനോവിന്റെ സിനിമ 'ഷെയിംലെസിലെ' പ്രകടനത്തിലൂടെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് അനസൂയ
Updated on
1 min read

ഏതു സിനിമാ പ്രവര്‍ത്തകരുടെയും സ്വപ്‌നമാണ് കാനിലെ 'റെഡ്കാര്‍പറ്റ് വാക്'. ആ ഒരു നിമിഷം സ്വപ്‌നം കാണാത്ത സിനിമാ പ്രവര്‍ത്തകര്‍ കുറവായിരിക്കും. എന്നാല്‍, ഒരിക്കലും ഒരു അഭിനേത്രിയാകുമെന്ന് സ്വപ്‌നേനി വിചാരിക്കാത്ത അനസൂയ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന നേട്ടം 'അതുക്കും മേലെ'യാണ്. ആരാണ് കാന്‍ രാജ്യാന്തര ചലചിത്രോത്സവത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ അനസൂയ സെന്‍ ഗുപ്ത?

കാനില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് ഇന്ന് അനസൂയ സ്വന്തമാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ ബൊജനോവിന്റെ 'ഷെയിംലെസ്' എന്ന ചിത്രത്തിലെ അഭിനയ മികവാണ് അനസൂയയെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്. ഇതോ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി അനസൂയ.

കാനില്‍ തിളങ്ങിയത് അഭിനയം 'സ്വപ്നം കാണാത്ത' അനസൂയ
കാനില്‍ ചരിത്രമെഴുതി അനസൂയ സെന്‍ഗുപ്ത, മികച്ച നടി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

ജാദവ്പുർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുധാനാന്തര ബിരുദം നേടിയ അനസൂയ, മാധ്യമപ്രവർത്തകയാകാനായിരുന്നു ആഗ്രഹിച്ചത്. 2009-ൽ അഞ്ജന ദത്ത സംവിധാനം ചെയ്ത 'മാഡ്‌ലി ബംഗാളി' എന്ന സിനിമയിൽ സഹനടിയായാണ് അനസൂയ സിനിമയിൽ അരങ്ങേറ്റംകുറിക്കുന്നത്. 2013-ൽ മുംബൈയിലേക്ക് മാറുന്നതിനു മുമ്പ് കുറച്ചുകാലം അനസൂയ നാടകത്തിലും പ്രവർത്തിച്ചു. മുംബൈയിലെത്തിയ അനസൂയ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്യാൻ ആരംഭിച്ചു.

മനോജ് ബാജ്പേയിയും അനുപം ഖേറുമെല്ലാം അഭിനയിച്ച, സഞ്ജീവ് ശർമ്മ സംവിധാനം ചെയ്ത 2016-ൽ പുറത്തുവന്ന 'സാത്ത് ഉച്ചക്കേയ്', ശ്രീജിത് മുഖർജി സംവിധാനം ചെയ്ത 'ഫോർഗെറ്റ് മി നോട്ട്' എന്നിവയാണ് അനസൂയ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിട്ടുള്ള പ്രധാന സിനിമകൾ. നെറ്റ്ഫ്ലിക്സിലെ 'മസാബ മസാബ' എന്ന സീരിസിന്റെയും ഭാഗമായിരുന്നു.

എന്നാൽ മുംബൈയിൽ ജീവിച്ചകാലം വലിയതോതിൽ വിഷാദം പിടികൂടിയ കാലമായിരുന്നു എന്നും അതിൽനിന്ന് പുറത്തുവരാൻ സാധിക്കാത്ത അവസ്ഥയിലാണ് ഗോവയിലേക്ക് പോകാൻ തീരുമാനിച്ചത് എന്നും, അതിനു തനിക്ക് അച്ഛന്റെ വലിയ പിന്തുണയുണ്ടായിരുന്നു എന്നും അനസൂയ 'മൈ കൊൽക്കത്ത' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോവയിലേക്ക് പോകുമ്പോൾ തന്റെ ഏറ്റവും വലിയ സംശയവും ആശങ്കയും സാമ്പത്തികസ്ഥിരത പൂർണമായും തകരും എന്നതായിരുന്നു. എന്നാൽ "കൂടിപ്പോയാൽ എന്ത് സംഭവിക്കും" എന്ന് ചോദിച്ച് തന്റെ അച്ഛൻ പൂർണപിന്തുണ നൽകിയെന്നും ആ ധൈര്യത്തിലാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്നും അനസൂയ അഭിമുഖത്തിൽ പറയുന്നു. മുന്നോട്ടുള്ള യാത്രയിൽ അനസൂയയുടെ പങ്കാളിയായ യാഷ്ദീപുംകൂടെ തന്നെയുണ്ടായിരുന്നു.

കാനില്‍ തിളങ്ങിയത് അഭിനയം 'സ്വപ്നം കാണാത്ത' അനസൂയ
കാനിലെ പൂർണിമ ടച്ച്; റെഡ് കാർപ്പറ്റിൽ ദിവ്യ തിളങ്ങിയത് 'പ്രാണ'യിലൂടെ

ഷെയിംലെസില്‍ രേണുക എന്ന പ്രധാനകഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുന്ന സ്ത്രീയാണ് രേണുക. പിന്നീട് അവർ പ്രണയത്തിലാകുന്നു. പുരസ്കാരത്തിന്റെ വിവരം താൻ അറിഞ്ഞത് സംവിധായകൻ കോൺസ്റ്റന്റൈൻ പറഞ്ഞപ്പോഴാണെന്നും അനസൂയ പറയുന്നു. വലിയ സന്തോഷമായിരുന്നു ആ വാർത്ത എന്നും അനസൂയ മൈ കൊൽക്കത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

logo
The Fourth
www.thefourthnews.in