അനാട്ടമി ഓഫ് എ ഫോള്‍: കോടതി മുറിയില്‍ തെളിയുന്ന മനുഷ്യ ബന്ധങ്ങളുടെ ദുർബലത
ഒരു അപകടമോ ആത്മഹത്യയോ ആയി തള്ളിക്കളയാൻ പോലീസ് തയ്യാറാകാത്ത ഒരു സംഭവവും അതിലെ നിഗൂഢതയും.. സ്ലോ പേസ് ആയിട്ടും ഒരു ത്രില്ലർ മൂഡിൽ വളരെ രസകരമായിതന്നെ കണ്ടിരിക്കാവുന്ന ഒരു കോർട്ട് റൂം ഡ്രാമ യാണ് 'Anatomy of a Fall' എന്ന ഫ്രഞ്ച് സിനിമ...
ഒരു കോടതിമുറി ഡ്രാമയ്ക്കപ്പുറം കുടുംബങ്ങളിലെ മനുഷ്യ ബന്ധങ്ങളുടെ ദുർബലതയാണ് ചിത്രം ഉയർത്തികാട്ടുന്നത്. കുടുംബബന്ധങ്ങളിലെ വൈകാരികവും മാനസികവുമായ അനുഭവങ്ങൾ, പ്രക്ഷുബ്ധതകൾ, പൊട്ടിത്തെറികൾ, തുടങ്ങി സകല വിഷയങ്ങളെകുറിച്ചുള്ള വൈരുദ്ധ്യാത്മക സത്യങ്ങളിലേക്കും അനുമാനങ്ങളിലേക്കും ആഴ്ന്നിറങ്ങാൻ കാണിയെ പ്രേരിപ്പിക്കുന്ന തലത്തിലേക്കാണ് സിനിമയുടെ അഖ്യാനരീതി.
പരമ്പരാഗത വിവാഹ ബന്ധങ്ങളില്‍ ആടിതകർക്കുന്ന റോളുകളെക്കുറിച്ചും അവ ആവശ്യപ്പെടുന്ന ദൈനംദിന പോഷണത്തെക്കുറിച്ചും, പ്രത്യേകിച്ച് കുട്ടിയെ പരിപാലിക്കുന്നതിനെക്കുറിച്ചും, അതിലെ തന്നെ കൂട്ട് ഉത്തരവാദിതത്തെകുറിച്ചും, ദാമ്പത്യത്തിലെ വിടവുകളെ കുറിച്ചും പിരിമുറുക്കങ്ങളെ കുറിച്ചും, മാനസികാരോഗ്യം, ലൈംഗികത, ബന്ധങ്ങൾ തുടങ്ങിവയെ കുറിച്ചുമൊക്കെ സിനിമ പരാമർശിക്കുന്നുണ്ട്.
രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹവും അവർ തമ്മിലുള്ള പരസ്പര വിശ്വാസവും അവർക്കിടയിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകളും ഈഗോയും അതുമൂലമുണ്ടാകുന്ന വേർപിരിയലും അതിന്റെ കടുത്ത ആഘാതവും ഒക്കെ പ്രതിപാദിക്കുന്ന സ്കാർലെറ്റ് ജോഹാൻസനും ആദം ഡ്രൈവറും തകർത്തഭിനയിച്ച 2019ൽ ഇറങ്ങിയ മാരീജ് സ്റ്റോറി (Marriage Story) എന്ന സിനിമ ഓർമ്മ വന്നു ഈ സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ..
കഥാപാത്രങ്ങളുടെ വികാസം, പ്രേക്ഷകർ അവരുമായി ബന്ധപ്പെടാൻ എടുക്കുന്ന സമയം സ്ലോ പേസിൽ ആണെങ്കിലും ട്രാക്കിൽ ആയി കഴിഞ്ഞാൽ കേസ് കേൾക്കാനിരിക്കുന്ന ജഡ്ജിയുടെ അതേ അവസ്ഥയിലും ആകാംഷയിലും ആയിരിക്കും ഒരൊ കാണിയും. അതേസമയം, തന്നെ ഒരു സാമ്പ്രദായിക ത്രില്ലറും ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നവരുടെ കപ്പിലെ കാപ്പിയല്ലെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.
സംവേദനക്ഷമതയും പ്രായത്തിനപ്പുറം പക്വതയുമുള്ള ബുദ്ധിമാനുമായ ഡാനിയൽ എന്ന കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച മിലോ മച്ചാഡോയും ശക്തയും നിർഭയയുമായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാന്ദ്ര ഹുല്ലറും അസാധാരണമായ പ്രകടനമാണ് സിനിമയിൽ കാഴ്ചവെക്കുന്നത്. കൂടാതെ ചിത്രത്തിലുടനീളം ഒരു പ്രധാന വേഷം ചെയ്ത സ്നൂപ് എന്ന നായയും. (സ്നൂപിന് 'പാം ഡോഗ്' പുരസ്‌കാരം കാനിൽ കിട്ടിയിട്ടുണ്ട് ).
പരിമിതിതമായ തെളിവുകളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ ഹിന്ദുത്വ പൊതുബോധത്തിന് അനുകൂലമായി 'ധാർമ്മികവിധി'കൾ മാത്രം പുറപ്പെടുവിക്കുന്ന നമ്മുടെ രാജ്യത്തെ കോർട്ടിനെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവർക്ക് ഈ കോർട്ടും റൂം ഡ്രാമ കുറച്ചൊരുശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.