'ഇത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണത'; ആരോപണവുമായി അനൂപ് മേനോൻ
നിർമ്മാതാക്കൾ തന്നെ പണം മുടക്കി തീയറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുക എന്നത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണതയെന്ന് അനൂപ് മേനോൻ. ഇങ്ങനെ ചെലവഴിക്കേണ്ടിവരുന്നത് ഭീമമായ തുകയാണെന്നും, അതുകൊണ്ട് സിനിമ വിജയമാകുമെന്ന് കരുതുന്നില്ലെന്നും അനൂപ് മേനോൻ പറഞ്ഞു. 'ചെക്ക്മേറ്റ്' എന്ന സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. മലയാളസിനിമയിലെ ഒരു സിസ്റ്റവും 'ചെക്ക്മേറ്റ്' എന്ന സിനിമയെ സഹായിക്കാൻ കൂടെ നിന്നില്ലെന്നും അനുപ് മേനോൻ ആരോപിച്ചു.
അനുപ് മേനോന്റെ വാക്കുകൾ
'മലയാള സിനിമയിൽ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തീയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തീയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്. എന്നാൽ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തീയറ്ററിൽ ആളുകൾ എത്തുന്നുണ്ടോ! ഇല്ല. അകത്തുകയറി നോക്കുമ്പോൾ 12 പേരേ കാണൂ. ബുക്കിങ്ങ് മാത്രമേ പലപ്പോഴും നടക്കുന്നുളളു. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു.
പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരുവിധ മാർഗവുമില്ല. കഴിഞ്ഞ നാലു വർഷങ്ങൾ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമക്ക് പിന്നിൽ. അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയ്യാറായില്ല. ട്രെയ്ലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയപേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. പ്രദർശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. പക്ഷെ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതിൽ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.
ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂർവ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അംഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകും. അത് എത്രയും വേഗം അവസാനിച്ച് പ്രേക്ഷകർ തീയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂയോർക്ക് നഗരത്തെ പശ്ചാത്തലമാക്കി അധികാരക്കൊതി സാധാരണക്കാരായവരുടെ ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്ന് പറയുകയാണ് ചിത്രം. അനൂപ് മേനോൻ നായകനാവുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.