ഓസ്കറിന് ഇന്ത്യ അയക്കുന്നത് തെറ്റായ സിനിമകൾ; ചർച്ചയായി എ ആർ റഹ്മാന്റെ വാക്കുകൾ
ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിൽ ഇന്ത്യയുടെ അഭിമാന നേട്ടത്തിന് പിന്നാലെ വീണ്ടും ചർച്ചയായി സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വാക്കുകൾ. ഓസ്കർ പുരസ്‌കാരത്തിനായി ഇന്ത്യയിൽ നിന്ന് തെറ്റായ ചിത്രങ്ങൾ ആണ് അയക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അത്കൊണ്ടാണ് ഇന്ത്യൻ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഓസ്കറിനായുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാശ്ചാത്യരുടെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർആർആറിനും വളരെ മുൻപ് വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യവുമായി നടത്തിയ ഒരു സംഭാഷണത്തിലാണ് ഓസ്കറിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ എ ആർ റഹ്‌മാൻ പങ്കുവെച്ചത്.
ഈ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ എങ്ങനെയാണ് താൻ സംഗീതം ചിട്ടപ്പെടുത്തുന്ന രീതികള്‍ മാറ്റിയതെന്നും അദ്ദേഹം പറയുന്നു. പുതിയ ഉപകരണങ്ങളുടെ സഹായത്തില്‍ ഒരേസമയം സംഗീതജ്ഞരുടെ എണ്ണം കുറച്ചു. സിനിമകളിൽ എട്ട് ട്രാക്കുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും 16 ട്രാക്കുകൾ രചിക്കുമായിരുന്നു. ഓർക്കസ്ട്ര കൂടാതെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതകൾ പഠിക്കാനുള്ള സമയം കൂടിയായിരുന്നു ഇത്.
സ്റ്റുഡിയോക്കുള്ളിൽ നിന്നുള്ള എന്റെ വിജയം മാത്രമാണ് ആളുകൾ കണ്ടത്, എന്റെ പരാജയമല്ല. സംഗീതത്തോടുള്ള അഭിനിവേശമാണ് ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും, ഒരു ഹോം സ്റ്റുഡിയോ തനിക്ക് വിവിധതരം സംഗീതം പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം നൽകിയെന്നും ‘ക്രിയേറ്റിംഗ് മാജിക് വിത്ത് മ്യൂസിക്’ എന്ന പേരിൽ പങ്കുവെച്ച വിഡിയോയിൽ എആർ റഹ്മാൻ പറയുന്നു. എല്ല കാര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രദ്ധിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ 95 ആമത് ഓസ്കർ നിശയിൽ രണ്ട് പുരസ്‌കാരങ്ങൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലും കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലുമാണ് പുരസ്കാരം ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്കർ ലഭിക്കുന്നത്. മുൻപ് റഹ്മാനും റസൂൽ പൂക്കുട്ടിക്കുമടക്കം പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ ഹോളിവുഡ് ചിത്രങ്ങളിലൂടെയായിരുന്നു.