അനിമൽ മികച്ച ചിത്രം, ലാപത്താ ലേഡീസിന് അംഗീകാരമില്ല; ഐഫാ അവാര്‍ഡ്‌സിനെതിരെ വിമർശനം
റൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഐഫാ അവാര്‍ഡ്‌സില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതിൽ വിമർശനം. മികച്ച ചിത്രം, മികച്ച വില്ലൻ, മികച്ച ഗായകൻ, മികച്ച സഹനടൻ, മികച്ച സംഗീത സംവിധാനം, ഗാനരചയിതാവ് തുടങ്ങി ആറോളം വിഭാഗങ്ങളിലാണ് അനിമൽ ഐഫാ അവാര്‍ഡ്‌സില്‍ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. അമിത വയലൻസും, സ്ത്രീ വിരുദ്ധതയും കുത്തിനിറച്ച ചിത്രം ഇന്ത്യയെ പ്രതിനിതീകരിക്കുന്ന മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിൽ എങ്ങനെ അഭിമാനിക്കും എന്നാണ് ഉയരുന്ന വിമർശനം. മാത്രമല്ല ഇന്ത്യയിലെ യഥാർത്ഥ സ്ത്രീ ജീവിതം പറഞ്ഞ, സ്ത്രീകളുടെ ഉന്നമനത്തിന് പ്രോത്സാഹനമായ ലാപത്താ ലേഡീസ് എന്ന ചിത്രത്തെ പുരസ്കാരത്തിന് പരിഗണിക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്.
രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 915.53 കോടിയാണ് നേടിയത്. ചിത്രത്തിനും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കക്കും നേരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രകടനങ്ങളിൽ മൂന്നു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടിയപ്പോഴും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രങ്ങളിലെ കടുത്ത സ്ത്രീവിരുദ്ധതയായിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് 'അനിമലി'ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അനിമൽ ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ ചിത്രമാണെന്നും ഈ കാലഘട്ടത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കലാകാരനാണ് സന്ദീപ് റെഡ്ഡി വാങ്കയെന്നുമാണ് സംവിധായകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജാവേദ് അക്തർ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നുതന്നെയുളള ഒട്ടേറെപ്പേർ ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു.
സിനിമയുണ്ടാക്കുന്നത് ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനല്ലെന്നും അത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നുമായിരുന്നു വിമർശനങ്ങളോടുളള സംവിധായകന്റെ പ്രതികരണം. 'സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, നിങ്ങള്‍ക്ക് എന്നോട് ഒരു മാനസിരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ പറയാം. അല്ലാത്ത പക്ഷം, ഒരു സിനിമ ചെയ്തു എന്ന കാരണത്താൽ എന്നെ മനോരോഗി എന്ന് വിളിക്കുന്നവരാണ് യഥാർത്ഥത്തിൽ മനോരോഗികൾ', എന്നായിരുന്നു റെഡ്ഡിയുടെ വിമർശനങ്ങളോടുളള മറുപടി. സംവിധായകൻ സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുകയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. രൺബീർ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ, അനിൽ കപുർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.