ബോക്സോഫീസ് പിടിച്ചടക്കി രണ്ട് മലയാള ചിത്രങ്ങൾ; ആദ്യ വാരം പിന്നിടുമ്പോൾ 'കിഷ്കിന്ധാ കാണ്ഡ'വും 'അജയന്റെ രണ്ടാം മോഷണ'വും നേടിയതെത്ര?

ബോക്സോഫീസ് പിടിച്ചടക്കി രണ്ട് മലയാള ചിത്രങ്ങൾ; ആദ്യ വാരം പിന്നിടുമ്പോൾ 'കിഷ്കിന്ധാ കാണ്ഡ'വും 'അജയന്റെ രണ്ടാം മോഷണ'വും നേടിയതെത്ര?

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ‘കിഷ്കിന്ധ കാണ്ഡ’ത്തിന്റെ ഒരുലക്ഷത്തി പതിമൂവായിരത്തിനുമേൽ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ്ങിൽ മാത്രം വിറ്റുപോയതകായാണ് കണക്കുകൾ
Updated on
2 min read

ബോക്സോഫീസിൽ കോടികൾ വാരി 'കിഷ്കിന്ധാ കാണ്ഡ'വും 'അജയന്റെ രണ്ടാം മോഷണ'വും. ഇരു ചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായത്താൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തി, സെപ്തംബർ 12ന് റിലീസായ ‘കിഷ്കിന്ധാ കാണ്ഡം’ ആദ്യ വാരം പിന്നിടുമ്പോൾ 20 കോടി എന്ന അപ്രതീക്ഷിത ബോക്സോഫീസ് കളക്ഷൻ നേടി. സാക്നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് ഏകദേശം 2.25 കോടി രൂപയാണ് എട്ടാം ദിനമായ സെപ്തംബർ 19, വ്യാഴാഴ്ച മാത്രം ചിത്രം നേടിയത്. എട്ടാം ദിവസം പിന്നിടുമ്പോൾ ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 14.10 കോടിയിലെത്തിയതായും ആ​ഗോള കളക്ഷൻ 20 കോടി കവിഞ്ഞതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റുപോയത് ഒരുലക്ഷത്തി പതിമൂവായിരത്തിനുമേൽ ടിക്കറ്റുകളാണ്.

47 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. രണ്ടാം ദിവസത്തിലേക്ക് വരുമ്പോൾ കളക്ഷൻ 65 ലക്ഷമായി വർധിച്ചു. മൂന്നാം ദിനമായ ഉത്രാട ദിനത്തിൽ 1.40 കോടി രൂപ നേടിയ ചിത്രം തിരുവോണ ദിനത്തിൽ 1.85 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. ആദ്യദിനത്തെക്കാൾ അഞ്ചിരട്ടി കളക്ഷൻ അഞ്ചാം ദിനമായ തിങ്കളാഴ്ച ചിത്രത്തിന് ലഭിച്ചിരുന്നു. കളക്ഷനിൽ പൊതുവെ ചിത്രങ്ങൾ ഇടിഞ്ഞുപോകുന്ന തിങ്കളാഴ്ച ചിത്രം നേടിയത് 2.57 കോടി രൂപയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 20.6 കോടി രൂപയാണ് ഇതുവരെയും ചിത്രം നേടിയ ആ​ഗോള കളക്ഷൻ.

ഓണച്ചിത്രമായി ഒപ്പം പ്രദർശനത്തിനെത്തിയിരുന്ന പാൻ ഇന്ത്യൻ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണവും ബോക്സോഫീസിൽ വിജയകരമായി മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 30 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം നേടിയത്. ഇന്ത്യയ്ക്ക് വെളിയിൽ ഇത് 20.25 കോടിയാണ്. ആ​ഗോള കളക്ഷനിൽ 50. 25 കോടി പിന്നിട്ടിരിക്കുകയാണ് എ ആർ എം. ഓണദിനത്തിൽ 35 കോടിയെന്ന റെക്കോഡ് കളക്ഷനിലെത്തിയിരുന്നു ചിത്രം. ആഗോള തലത്തിൽ 6.25 കോടിയെന്ന മികച്ച ഓപ്പണിങ്ങായിരുന്നു ആദ്യദിനം തന്നെ ചിത്രത്തിന് ലഭിച്ചിരുന്നത്. കേരളത്തിൽ നിന്ന് മാത്രം ലഭിച്ച ഓപ്പണിങ് കളക്ഷൻ 3 കോടിയായിരുന്നു. ഇന്ത്യയിൽ നിന്ന് ഇത് നാല് കോടിയാണ്. അതേസമയം ഒന്നാം ദിവസത്തെക്കാൾ മികച്ച കളക്ഷനാണ് ചിത്രത്തിന് വരും ദിവസങ്ങളിൽ നേടാനായത്. 6.7 കോടിയാണ് രണ്ടാം ദിവസം അജയന്റെ രണ്ടാം മോഷണത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ. മൂന്നാം ദിവസം ഇത് 13 കോടിയിലേക്കും നാലാം ദിനം 35 കോടിയെന്ന ബെഞ്ച്മാർക്ക് കളക്ഷനിലേക്കും എത്തി. ഓരോ മണിക്കൂറിലും മൂന്നര ലക്ഷത്തിലധികം ഓൺലൈൻ ബുക്കിങ്ങും നടക്കുന്നതായാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകൾ നൽകുന്ന വിവരം. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

logo
The Fourth
www.thefourthnews.in