വ്യക്തിഹത്യയും പരിഹാസവും; അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ

വ്യക്തിഹത്യയും പരിഹാസവും; അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി
Updated on
1 min read

നടൻ അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽ നോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനു ശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 'എന്തു കൊണ്ടാണ് നമ്പൂതിരി ഉണ്ടാക്കിയിരിക്കുന്ന ശിൽപ്പത്തിൽ നിങ്ങൾ സ്ത്രീവിരുദ്ധത കാണാത്തത്' എന്നായിരുന്നു അലൻസിയർ അഭിമുഖത്തിൽ മാധ്യമപ്രവർത്തകയോട് ചോദിച്ചത്. അച്ഛന്റെ ശില്പങ്ങൾ സ്ത്രീവിരുദ്ധമാണെന്ന പ്രയോ​ഗത്തോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് മകൻ ദേവൻ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം അച്ഛൻ രൂപകല്പന ചെയ്തതല്ലെന്നും അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കാനാവുന്നില്ലെന്നും ദേവൻ ദ ഫോർത്തിനോട് പ്രതികരിച്ചു. 'അച്ഛൻ വിട്ടുപോയതിന്റെ വേദനയിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ അവശയായ അമ്മയുമായി ആശുപത്രിയിലായിരുന്നു. ഈ അടുത്തിടെയാണ് അലൻസിയർ അച്ഛനെ ആക്ഷേപിച്ചുകൊണ്ട് സംസാരിക്കുന്ന അഭിമുഖം കാണാൻ ഇടയായത്. വളരെ അധികം വേദനിപ്പിച്ചു. പരാമർശം വ്യക്തിഹത്യയും പരിഹാസവുമായി അനുഭവപ്പെട്ടു. അയാളുടെ വാക്കുകളിൽ നമ്പൂതിരി എന്ന പ്രയോ​ഗം പോലും കളിയാക്കലായി തോന്നി.' ദേവൻ പറയുന്നു.

വിശദീകരണം ചേദിക്കുക, നഷ്ടപരിഹാരം വാങ്ങുക എന്നതൊക്കെ ഒരു മകന്റെ കടമയായി തോന്നിയതുകൊണ്ടാണ് അലൻസിയറിനെതിരെ വക്കീൽ നോട്ടീസ് അയച്ചതെന്നും ദേവൻ. കാര്യങ്ങൾ നിയമപരമായിത്തന്നെ പോകട്ടെ. വക്കീൽ നോട്ടീസിനുളള മറുപടിക്കായി കാത്തിരിക്കുന്നു. ശില്പത്തെ ശില്പമായി കാണാനാവാത്ത വ്യക്തിക്ക് കലാകാരനായി തുടരാനുളള യോ​ഗ്യത ഇല്ലെന്നും വ്യക്തിപരമായും ജാതീയമായുമുളള അതിക്ഷേപത്തോട് പൊറുക്കാനാവില്ലെന്നും കലാസംവിധായകൻ കൂടിയായ ദേവൻ പ്രതികരിച്ചു. പിറവി, സർ​​ഗം എന്നീ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു ദേവൻ. സംവിധായകൻ ഷാജി എൻ കരുണിനൊപ്പവും ഏറെക്കാലം സിനിമയിൽ സജീവമായി നിന്നിരുന്നു.

logo
The Fourth
www.thefourthnews.in