അക്കാദമിയുമായി ഭിന്നത ;  ദീപിക സുശീലൻ
ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു

അക്കാദമിയുമായി ഭിന്നത ; ദീപിക സുശീലൻ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു

അഭിപ്രായ ഭിന്നതയുണ്ടെന്നും സ്ഥാനം ഒഴിയുകയാണെന്നും ഒരു മാസം മുന്‍പേ ദീപിക ചെയർമാൻ രഞ്ജിത്തിനെ അറിയിച്ചിരുന്നു
Updated on
1 min read

കേരള ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍, ദീപിക സുശീലന്‍ സ്ഥാനം ഒഴിഞ്ഞു. അക്കാദമിയുമായുള്ള ഭിന്നത തുടർന്നാണ് സ്ഥാനം ഒഴിഞ്ഞത്. നിലവിലെ സാഹചര്യത്തിൽ അക്കാദമിയിൽ തുടരാനാകാത്തതിനാലാണ് സ്ഥാനം ഒഴിയുന്നതെന്ന് ദീപിക സുശീലൻ ദ ഫോർത്തിനോട് പറഞ്ഞു

ആറ് മാസം മുന്‍പ് അക്കാദമിയില്‍ നിയമിതയായ ദീപികയുടെ കരാര്‍ കാലാവധി ഇന്നലെയാണ് പൂര്‍ത്തിയായതെങ്കിലും, ദീപിക ഒരുമാസം മുന്‍പ് തന്നെ അക്കാദമി വിട്ടിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ശേഷം ദീപിക അക്കാദമിയില്‍ എത്തിയിട്ടില്ല. അഭിപ്രായ ഭിന്നതയുണ്ടെന്നും സ്ഥാനം ഒഴിയുകയാണെന്നും ഒരു മാസം മുന്‍പേ ദീപിക ചെയർമാൻ രഞ്ജിത്തിനെ അറിയിച്ചിരുന്നു

തുടര്‍ന്ന് അക്കാദമിയില്‍ നടന്ന ഒരു പരിപാടികളിലും ദീപിക പങ്കെടുത്തിരുന്നില്ല . ജനുവരി മാസത്തെ ശമ്പളവും വാങ്ങിയില്ല. കേരള രാജ്യാന്തര ചലച്ചിത്രമേള നടത്തിപ്പുമായി ബന്ധപ്പെട്ടും തുടര്‍ന്ന് തളിപ്പറമ്പിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിലുമായി ബന്ധപ്പെട്ടുണ്ടായ വിയോജിപ്പുകളാണ് ഭിന്നതയിലേക്ക് വഴി തുറന്നതെന്നാണ് സൂചന. മാത്രമല്ല കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്‌റ് അവാര്‍ഡിനായി ഹങ്കേറിയന്‍ സംവിധായകന്‍ ബേലാ താറിനെ കൊണ്ടുവന്നതിനെതിരെയും വിമര്‍ശനമുണ്ടായി. ബേലാ താര്‍ വലതുപക്ഷ രാഷ്ട്രീയമുളളയാളാണെന്നും അദ്ദേഹത്തെ മേളയിലേക്ക് കൊണ്ട് വന്നത് ശരിയായില്ലെന്നും ജനറല്‍ കൗണ്‍സിലില്‍ ഒരു വിഭാഗം ആരോപിച്ചു. തുടര്‍ന്നാണ് ദീപിക അക്കാദമി വിട്ടത്

എന്നാല്‍ ഭിന്നതയില്ലെന്നും കേരള രാജ്യാന്തര ചലച്ചിത്രമേള നടത്തിപ്പിന് മാത്രമായിട്ടാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ നിയമിച്ചതെന്നുമാണ് അക്കാദമിയുടെ വിശദീകരണം. അടുത്ത ചലച്ചിത്രമേളയുടെ സമയത്ത് പുതിയ നിയമനത്തെ കുറിച്ച് ആലോചിക്കുമെന്നും അക്കാദമി അധികൃതര്‍ വിശദീകരിക്കുന്നു

50 -മത് ഇന്ത്യൻ ചലച്ചിത്രമേളയുടെ സീനിയർ പ്രോഗ്രാമർ ആയും , കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രോഗ്രാം മാനേജർ, ഫെസ്റ്റിവലായുമൊക്കെ പ്രവർത്തിച്ചിട്ടുള്ള ദീപിക നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഭാഗമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in