'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി

'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി

രമേഷ് നാരായണനുമായി സംസാരിച്ചിരുന്നെന്നും ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ് അദ്ദേഹത്തിനും സംഭവിച്ചതെന്നും ആസിഫ് അലി
Updated on
2 min read

തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ വിദ്വേഷപ്രചാരണം ആകരുതെന്ന് നടൻ ആസിഫ് അലി. സംഗീത സംവിധായകൻ രമേഷ് നാരായണൻ തന്നെ അപമാനിച്ചെന്ന ആരോപണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാമ്പയിനായി മാറരുത്. അതെന്റെയൊരു അപേക്ഷയാണ്. ഞാൻ രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്റെ ഒരുപാട് സീനിയർ ആയിട്ടുള്ള, ഏറെ ബഹുമാനിക്കുന്ന ഒരാൾ എന്നോട് വിളിച്ച് ക്ഷമാപണം നടത്തിയപ്പോൾ വിഷമം തോന്നി. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ് രമേഷ് നാരായണന് സംഭവിച്ചത്,'' ആസിഫ് അലി പറഞ്ഞു.

അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് തനിക്ക് മനസിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. വർഗീയപരമായി ഉൾപ്പെടെ ഈ വിവാദം മാറ്റുന്നുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി
'ആസിഫ് അലിയെ അപമാനിച്ചിട്ടില്ല, ആര് ആർക്കാണ് മെമന്റോ നൽകുന്നതെന്ന് മനസിലായില്ല'; പ്രതികരണവുമായി രമേഷ് നാരായണൻ

രമേഷ് നാരായണൻ പ്രവർത്തിച്ച സിനിമയുടെ ആളുകളെ വേദിയിൽ വിളിച്ചപ്പോൾ അദ്ദേഹത്തെ വിട്ടുപോവുകയും പിന്നീട് പേര് തെറ്റായി വിളിക്കുകയും ചെയ്തിരുന്നു. അപ്പോഴുണ്ടായ പിരിമുറക്കത്തിന്റെ ഭാഗമായുണ്ടായ പ്രവൃത്തിയായിരിക്കാം അതെന്നും അസിഫ് അലി പറഞ്ഞു.

രമേഷ് നാരായണന്റെ പ്രവൃത്തിയോട് വിഷമം തോന്നിയോ എന്ന ചോദ്യത്തിന് തന്റെ തന്നെ സിനിമയിലെ ഹിറ്റ് ഡയലോഗ് ആയ 'എതിരെ നിൽക്കുന്നവന്റെ മനസൊന്ന് അറിയാൻ ശ്രമിച്ചാൽ, എല്ലാവരും പാവങ്ങളാണ്' എന്ന ഡയലോഗായിരുന്നു ആസിഫിന്റെ മറുപടി.

രമേഷ് നാരായണനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞിരുനെന്നും ആസിഫ് അലി പറഞ്ഞു. തനിക്ക് വിഷമമോ പരിഭവമോ ഇല്ല. താൻ അപമാനിതനായിട്ടില്ല. അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കരുതായിരുന്നു. മതപരമായി പോലും ചിലർ ഇതിനെ കൊണ്ടുപോയി. തനിക്കുള്ള പിന്തുണയ്ക്കു നന്ദി. കലയോളം കലാകാരനെയും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഇന്നലെ മനസിലായെന്നും ആസിഫ് അലി പറഞ്ഞു.

'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി
അന്ന് പൃഥ്വിരാജ് അപമാനിച്ചെന്ന് പരാതി, ഇന്ന് ആസിഫ് അലിക്കെതിരെ; വിവാദങ്ങളിലെ രമേഷ് നാരായണൻ

ആസിഫ് അലിയുടെ പ്രതികരണത്തിനു പിന്നാലെ രമേശ് നാരായണനും മാധ്യമങ്ങളെ വീണ്ടും കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചു. പ്രത്യേക സാഹചര്യത്തില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചു പോയെന്നും അതു മനസിലാക്കി പ്രതികരിച്ചതിന് ആസിഫിനോടു നന്ദി പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ആസിഫുമായി ഫോണില്‍ സംസാരിച്ചെന്നും വൈകാതെ നേരില്‍ കാണുമെന്നും രമേശ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്റെ പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചാരണാർത്ഥം എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ എത്തിയപ്പോളും വിഷയത്തിൽ ആസിഫ് പ്രതികരിച്ചിരുന്നു. ആസിഫ് അലിക്ക് പിന്തുണ അർപ്പിച്ച് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ഉയർത്തിയിരുന്നു. എല്ലാവരും നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നായിരുന്നു ആസിഫിന്റെ പ്രതികരണം.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ല. സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തിയ രമേഷ് നാരായണൻ ആസിഫിന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജിൽനിന്ന് അത് സ്വീകരിക്കുകയായിരുന്നു.

'തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ ആക്കരുത്'; വിഷമമോ പരിഭവമോ ഇല്ലെന്ന് ആസിഫ് അലി
ചാക്കോ മാഷോ അനന്തൻ നമ്പ്യാരോ പെരുന്തച്ചനോ കേമൻ‍! ഇന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന തിലകവിസ്മയം

മോശം പെരുമാറ്റമാണ് രമേശ് നാരായണനിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. അതേസമയം ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞത്. കാര്യങ്ങൾ മനസിലാക്കാതെയുള്ള സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും ആദ്യമായാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നതെന്നും രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു. അപമാനിതനായി തോന്നിയെങ്കിൽ ആസിഫ് അലിയോട് മാപ്പ് ചോദിക്കുന്നുവെന്ന് പിന്നീട് മറ്റു മാധ്യമങ്ങളിലൂടെയും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in