'അവതാറി'നെ വിലക്കില്ല; എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് ലിബർട്ടി ബഷീർ
അവതാര്‍ ദ വേ ഓഫ് വാട്ടറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ഫെഡറേഷന് കീഴിലുള്ള എല്ലാ തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. കാമറൂൺ ചിത്രത്തിന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കേരളത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു.
വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് കൊണ്ടാണ് ഫിയോക് വിലക്കേര്‍പ്പെടുത്തിയത്. തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന കളക്ഷന്റെ 60 ശതമാനം നല്‍കണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. എന്നാൽ, നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന 50 ശതമാനമേ നൽകാൻ സാധിക്കൂ എന്ന നിലപാടിലാണ് ഫിയോക് . കളക്ഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മൂന്നാഴ്ചയെങ്കിലും തിയേറ്ററില്‍ ഓടണമെന്നതായിരുന്നു വിതരണക്കാരുടെ മറ്റൊരു ആവശ്യം.
വളരെയധികം പ്രേക്ഷക പ്രീതിയുള്ള സിനിമ എന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്നും എന്നാല്‍ 60 ശതമാനം എന്ന കണക്ക് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാനാവില്ലെന്ന നിലപാടായിരുന്നു തിയേറ്റര്‍ അസോസിയേഷന്റേത്. അതേസമയം ആരെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാല്‍ അത് വിലക്കില്ലെന്നും ഒരു സംഘടന എന്ന നിലയിലാണ് വ്യക്തമാക്കുന്നതെന്നും തിയേറ്റര്‍ ഉടമ അസോസിയേഷന്‍ (ഫിയോക്) പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.
'അവതാര്‍ ദ വേ ഓഫ് വാട്ടര്‍', മലയാളം ഉൾപ്പടെ അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് പ്രദർശനത്തിനെത്തുക. ടൈറ്റാനിക്കിന് ശേഷം ജെയിംസ് കാമറൂണും കേറ്റും ഒന്നിക്കുന്ന ചിത്രമാണ് അവതാർ 2. രണ്ടായിരം കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാർ 2 ലോക സിനിമ ചരിത്രത്തിൽ ഏറ്റവും സാമ്പത്തിക വരുമാനം നേടിയ ചിത്രമാണ്. ഡിസംബർ 16 നാണ് ചിത്രത്തിന്റെ റിലീസ്.