പാൻഡോറയിലെ ദൃശ്യ വിസ്മയങ്ങൾ ഇനി മലയാളത്തിലും: അവതാർ 2 അഞ്ച് ഇന്ത്യൻ ഭാഷകളിൽ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടര്‍ മലയാളം ഉൾപ്പടെ അഞ്ച് ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ട്വിറ്ററിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഡിസംബർ 16ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിന്റെ കന്നഡ ട്രെയ്ലറും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ സംസ്കാരത്തിലെ വൈവിധ്യങ്ങൾ എന്നെ വിസ്മയിപ്പിക്കുന്നു എന്നും ജോണ്‍ ലാന്‍ഡോ ട്വിറ്ററിൽ കുറിച്ചു. " ‘നമസ്‌തേ ഇന്ത്യ! ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളില്‍ അവതാര്‍ ദി വേ ഓഫ് വാട്ടര്‍ നിങ്ങള്‍ അനുഭവിച്ചറിയും എന്നതിൽ ഞാന്‍ വളരെ ആവേശത്തിലാണ്. ഡിസംബര്‍ 16ന് പന്‍ഡോറയിലേക്കുള്ള മടക്കം നമുക്ക് ആഘോഷിക്കാം’, ജോണ്‍ ലാന്‍ഡോ പറഞ്ഞു.
സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുക. ചിത്രത്തിൽ കേറ്റ് വിന്‍സ്ലറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടൈറ്റാനിക്കിന് ശേഷം ജെയിംസ് കാമറൂണും കേറ്റും ഒന്നിക്കുന്ന ചിത്രമാണ് അവതാർ 2.
2009ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാർ 2 ലോക സിനിമ ചരിത്രത്തിൽ ഏറ്റവും സാമ്പത്തിക വരുമാനം നേടിയ ചിത്രമാണ്. അതിന് ശേഷം മറ്റു ചിത്രങ്ങളൊന്നും ഈ റെക്കോർഡ് തകർത്തിട്ടില്ല. 2.923 ബില്യണ്‍ ഡോളര്‍ ആയിരുന്നു ചിത്രം ആകെ നേടിയ വരുമാനം. നീണ്ട പതിമൂന്ന് വർഷത്തിന് ശേഷം അവതാർ 2 എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. നേരത്തെ പുറത്തിറങ്ങിയ അവതാർ 2 വിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാമറൂൺ ഒരുക്കുന്ന മറ്റൊരു ദൃശ്യവിസ്മയത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ.
ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ 2000 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബര്‍ 20നും നാലാം ഭാഗം 2026 ഡിസംബര്‍ 18 നും റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.