6 മുലകൾ, അളവുകൾ, അനുഭവങ്ങൾ; 'ബി 32 മുതൽ 44 വരെ' റിവ്യു

6 മുലകൾ, അളവുകൾ, അനുഭവങ്ങൾ; 'ബി 32 മുതൽ 44 വരെ' റിവ്യു

ശ്രുതി ശരണ്യം എന്ന സംവിധായിക അവരുടെ കഥാപാത്രങ്ങളെ മുലകളുടെ അളവിൽ പരിചയപ്പെടുത്തുമ്പോൾ തിരുത്തി എഴുതപ്പെടുന്നത് ഒരിക്കലും തിരുത്താനാകില്ലെന്ന് കരുതിയിരുന്ന പൊതു കാഴ്ചപ്പാട് കൂടിയാണ്
Updated on
2 min read

സമൂഹം വെറുമൊരു ഭോ​ഗവസ്തു മാത്രമായി കണ്ടിരുന്ന പെൺ മാറിനെ അവരിലെ ഐഡന്റിറ്റിയുടെ അടയാളമാക്കി മാറ്റുന്നു 'ബി 32 മുതൽ 44 വരെ' എന്ന സിനിമ. അളവുകൾ പലതാണ്, അനുഭവങ്ങൾ വ്യത്യസ്തമാണ്, അതിലേയ്ക്ക് അടുക്കാൻ അതിർവരമ്പുകളുണ്ട്, അവരിലെ പ്രശ്നങ്ങളും വേദനകളും പലതാണ്, അങ്ങനെ പെൺമാറിലെ വൈവിധ്യങ്ങൾ പരിമിതികൾക്കുളളിൽ നിന്നുകൊണ്ട് പറഞ്ഞു തീർക്കാൻ ശ്രമിക്കുകയാണ് ചിത്രം.

ശ്രുതി ശരണ്യം എന്ന സംവിധായിക അവരുടെ കഥാപാത്രങ്ങളെ മുലകളുടെ അളവിൽ പരിചയപ്പെടുത്തുമ്പോൾ തിരുത്തി എഴുതപ്പെടുന്നത് ഒരിക്കലും തിരുത്താനാകില്ലെന്ന് കരുതിയിരുന്ന ഒരു പൊതു കാഴ്ചപ്പാട് കൂടിയാണ്. കണ്മുന്നിൽ വന്നുപോയിരുന്ന മാറിടങ്ങളെ മനക്കണക്കിൽ അളവെടുത്ത് വിടാത്ത പുരുഷ ബാല്യം ഉണ്ടാകുമോ! എന്തിന് ബാല്യം മാത്രം, ഇന്നും തുടരുന്നവരുണ്ടല്ലോ. അവൾക്കൊരല്പം മുൻതൂക്കം കൂടുതലുണ്ടല്ലോ പോലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ ഇപ്പോഴും ചിലരുടെയൊക്കെ വർത്തമാനങ്ങളിൽ വന്നുപോകാറുണ്ട്. മുലയുടെ അളവിൽ ഒരു വ്യക്തിയുടെ മുൻ‌തൂക്കം അളക്കപ്പെടുന്ന നാട്ടിലേയ്ക്കാണ് 6 വ്യത്യസ്ത അളവുകളിൽ 6 പേരെ ശ്രുതി പരിചയപ്പെടുത്തുന്നത്. അതും, ഇപ്പോഴും എന്താണ് ജന്റർ എന്ന് ചോദിച്ചാൽ വിത്ത്‌ ബൂബ്സ്, വിതൗട്ട് ബൂബ്സ് (With boobs, without boobs) എന്ന് മറുപടി പറയുന്ന, പ്രായപൂർത്തിയാകാത്ത സമൂഹത്തിന് മുന്നിലേക്ക്.

6 മുലകൾ, അളവുകൾ, അനുഭവങ്ങൾ; 'ബി 32 മുതൽ 44 വരെ' റിവ്യു
ബി 32 മുതൽ 44 വരെ, ഇപ്പോൾ ഒടിടി റിലീസ് വേണ്ടെന്ന് കെഎസ്എഫ്ഡിസി; പ്രതികരണവുമായി സംവിധായിക

'ബി 32മുതൽ 44വരെ' എന്ന സിനിമയ്ക്ക് ഇക്കൂട്ടരെ ബോധവൽക്കരിച്ചേക്കാം എന്നൊരു പാഴ്മോഹമുള്ളതായി തോന്നിയില്ല. പെൺ ശരീരത്തെക്കുറിച്ചുള്ള എഴുത്തുകളെല്ലാം ആരെയെങ്കിലുമൊക്കെ നന്നാക്കാനുള്ള സെമിനാർ ക്ലാസ്സുകളുമല്ല. ബി ഒരു മികച്ച തീയേറ്റർ കാഴ്ച സമ്മാനിക്കുന്ന ചെറുസിനിമ മാത്രമാണ്. പക്ഷെ സിനിമയിൽ വന്നുപോകുന്നവർ ആരും വെറും സാങ്കല്പിക കഥാപാത്രങ്ങളല്ലെന്നത് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തിരിച്ചറിയാവുന്നതേയുള്ളൂ.

21 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കേണ്ടിവന്നിട്ടും സിനിമയിൽ അതിന്റെ സാമ്പത്തിക - സമയ പരിമിതികളൊന്നും തന്നെ അത്രകണ്ട് പ്രകടമായില്ല എന്നതൊരു മികവാണ്. മേക്കിങ്ങിൽ അപാകതകളില്ലാതെ, പിന്നാമ്പുറകഥകളുടെ സ്പൂൺ ഫീഡിങ്ങില്ലാതെ പറഞ്ഞുതീർത്ത അനുഭവങ്ങൾ. ആദ്യ ഫ്രെയിം മുതൽ ക്വാളിറ്റി ഉറപ്പ് നൽകിയ സുധീപ് ഇളമന്റെ ക്യാമറയും, വൈകാരികനിമിഷങ്ങളിലും പ്രണയകൈമാറ്റങ്ങളിലും ക്ലൈമാക്സിലെ ഉയിർത്തെഴുന്നേൽപ്പിലും ഇഴുകിച്ചേരും വിധമുളള സുധീപ് പാലനാടിന്റെ സം​ഗീതവും, മഹേഷ് നാരായണന്റെ നേതൃത്വത്തിൽ രാഹുൽ രാധാകൃഷ്ണന്റെ അധ്യായം തിരിച്ചുളള എഡിറ്റിങ്ങും എല്ലാം തീയേറ്ററിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുളള വക തരുന്നവയായിരുന്നു.

സംവിധായിക തന്നെ മുൻപ് പറഞ്ഞതുപോലെ തുടങ്ങിയാൽ പറഞ്ഞുതീരാത്തത്ര അനുഭവങ്ങൾ മുലയെ ചുറ്റിപ്പറ്റി സ്ത്രീകൾക്ക് പറയാനുണ്ടാകും

അർബുദം ബാധിച്ച സ്തനങ്ങൾ മുറിച്ചുമാറ്റപ്പെട്ടശേഷം ആ ശരീരത്തിന്മേൽ ഒരുവൾക്ക് തോന്നാനിടയുളള ഒരേയൊരു കഥ മാത്രമാണ് രമ്യയുടെ മാലിനിയിലൂടെ പറയുന്നത്. പക്ഷെ ഇത്തരം 10 സ്ത്രീകൾക്ക് 10 അനുഭവങ്ങളായിരിക്കാം, അവരിലെ മാനസിക സഞ്ചാരങ്ങൾ പലതാകാം. അതുപോലെ തന്നെയാണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ സാഹചര്യങ്ങളും. ഈ വിഷയങ്ങൾ പലരെയും പല വ്യാപ്തിയിലാകും ബാധിക്കുക. സംവിധായിക തന്നെ മുൻപ് പറഞ്ഞതുപോലെ തുടങ്ങിയാൽ പറഞ്ഞുതീരാത്തത്ര അനുഭവങ്ങൾ മുലയെ ചുറ്റിപ്പറ്റി സ്ത്രീകൾക്ക് പറയാനുണ്ടാകും. അതെല്ലാം ഒരു സിനിമയിൽ പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യം. പറഞ്ഞതിലുമേറെ പറയാനുള്ളത് എന്ന മട്ടിൽ വേണം ഈ വിഷയത്തെ മനസിലാക്കാൻ.

പെൺവിഷയം എന്നുപറഞ്ഞ് ഒറ്റപ്പെടുത്തേണ്ടതല്ല 'ബി' എന്ന സിനിമയെ. പെൺ മനസുകളെയല്ല. പെൺശരീരത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അനാർക്കലിയുടെ സിയ പെൺശരീരത്തിൽ നിൽക്കുന്ന ആൺമനസാണ്. ഹോർമോൺ ചേഞ്ചിൽ മേൽച്ചുണ്ടിന് മുകളിൽ മീശ പൊടിഞ്ഞുതുടങ്ങിയ സിയയെ അനാർക്കലി ​ഗംഭീരമാക്കിയിട്ടുണ്ട്. തുറന്നുവച്ച മിഠായി ഉറുമ്പരിക്കും, പോലുളള അമിത വാഴ്ത്തിപ്പാടലുകളൊന്നും വകവയ്ക്കാതെയുളള ജയയുടെ രൂപമാറ്റത്തെ രേഷ്മയും ഭംഗിയായി ചെയ്തെടുത്തു. നമ്മുടെ അളവൊക്കെ ബ്രെയ്സിയർ കമ്പനികളല്ലേ തീരുമാനിക്കുന്നത്, എന്ന യാഥാർഥ്യം ഇമാനിലൂടെയാണ് ശ്രുതി പറയാൻ ശ്രമിച്ചത്. ആ കമ്പനികൾ നിശ്ചയിച്ച അളവിലുളള ബ്രെയ്സിയർ പാകമാകാത്ത ഒരു ഫ്രണ്ട് ഡസ്ക് സ്റ്റാഫിന് ആ ജോലി ചെയ്യാനുളള അർഹത പോലുമില്ലെന്നതും സറിൻ ഷിഹാബ് ചെയ്ത ഇമാൻ മനസിലാക്കിത്തരുന്നു.

തുറന്നുവച്ച മിഠായി ഉറുമ്പരിക്കും, പോലുളള അമിത വാഴ്ത്തിപ്പാടലുകളൊന്നും വകവയ്ക്കാതെയുളള ജയയുടെ രൂപമാറ്റത്തെ രേഷ്മയും ഭംഗിയായി ചെയ്തെടുത്തു

അനുമതിയില്ലാതെ അതിരുവിടുന്നവനോട് എങ്ങനെ പെരുമാറണമെന്ന് ക്രിഷ കുറുപ്പിന്റെ കഥാപാത്രമായ റേച്ചലിന് അറിയാം. പോലീസ് സ്റ്റേഷനിൽ അവൾ നേരിടുന്നതും പലർക്കും പരിചിതമായ അനുഭവങ്ങൾ തന്നെയാണ്. മാതാപിതാക്കളാൽ മുലയൂട്ടാനുളള അനുമതി നിഷേധിക്കപ്പെടുന്ന ഒരു +2ക്കാരി അമ്മയാണ് റൈന രാധാകൃഷ്ണന്റെ നിധി. നിധി എങ്ങനെ ആ അവസ്ഥയിലേയ്ക്ക് എത്തി എന്നതൊന്നും പറയാതെയുളള കഥപറച്ചിലാണ് അതിന്റെ ഭം​ഗിയും. എല്ലാം ചേർത്തുവെക്കുമ്പോൾ പഴുതടച്ചുളള തിരക്കഥയിൽ ജനിച്ച കെട്ടുറപ്പുള്ളൊരു സിനിമ തന്നെയാണ് 'ബി'.

logo
The Fourth
www.thefourthnews.in