പ്രതിഭയുടെ തീപ്പൊരിക്ക് സമീപം

പ്രതിഭയുടെ തീപ്പൊരിക്ക് സമീപം

അസാധാരണമായ ശബ്​ദ നിയന്ത്രണം, ഇത്രയും പെർഫക്ഷനിൽ മറ്റൊരു നടനിലും കാണാൻ നമുക്ക് കഴിയില്ല
Updated on
3 min read

ഓർമകൾ മുപ്പത്തിരണ്ട് വർഷം പുറകിലോട്ട് പോകുമ്പോൾ തിളക്കംകൂടുകയാണ്, ആ ദിവസങ്ങൾക്ക്. മഹാനടൻ, മഹാപ്രതിഭ തുടങ്ങിയ വിശേഷങ്ങൾക്കുമപ്പുറത്താണ് തിലകൻ എന്ന മഹാനടന്റെ സ്ഥാനം. അഭിനയമെന്ന രാസപ്രക്രിയയിലൂടെ കഥാപാത്രമായി മാറുന്ന തിലകനെ അടുത്ത് നിന്ന് കാണുമ്പോൾ മനസിൽ വൈദ്യുതി സ്പർശമാണ് അനുഭവപ്പെട്ടത്. അത് ഇപ്പോഴും അതേ തീവ്രതയോടെ മനസിലുണ്ട്.

''മനോനില തെറ്റിയ കഥാപാത്രമല്ലേ. വി​​​​ഗ് വേണ്ട, തലമൊട്ടയടിക്കാം. പെരുന്തച്ചന് വേണ്ടി കുറച്ച് ഭാ​ഗത്തെ മുടി നേരത്തെ ഒഴിവാക്കിയിരുന്നു''- അദ്ദേഹത്തിന്റെ നിർദേശം.

''മൂക്കില്ലാരാജ്യത്ത്'' എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാവുമ്പോൾ തന്നെ കേശു എന്ന കഥാപാത്രത്തിന് തിലകനെ നിശ്ചയിച്ചിരുന്നു. അല്പം മാനസിക വിഭ്രാന്തിയുള്ള നാലുപേർ മാനസികരോ​ഗാശുപത്രിയിൽ നിന്ന് പുറത്തുചാടുന്നു. അതിലൊരാളാണ് കേശു. മൂന്നുപേർ ചെറുപ്പക്കാർ. മുകേഷ്, ജ​ഗതി ശ്രീകുമാർ, സി​ദ്ദീഖ് എന്നിവരായിരുന്നു ആ വേഷങ്ങളിൽ. മുതിർന്ന, കേശു എന്ന കഥാപാത്രത്തെ താൽപര്യത്തോടെയാണ് തിലകൻ സ്വീകരിച്ചത്. എം ടി വാസുദേവൻ നായർ എഴുതി അജയൻ സംവിധാനം ചെയ്ത ''പെരുന്തച്ചൻ'' എന്ന പ്രശസ്ത ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് തിലകൻ മൂക്കില്ലാരാജ്യത്ത് എത്തുന്നത്. ''മനോനില തെറ്റിയ കഥാപാത്രമല്ലേ. വി​​​​ഗ് വേണ്ട, തലമൊട്ടയടിക്കാം. പെരുന്തച്ചന് വേണ്ടി കുറച്ച് ഭാ​ഗത്തെ മുടി നേരത്തെ ഒഴിവാക്കിയിരുന്നു''- അദ്ദേഹത്തിന്റെ നിർദേശം.

സംവിധായകരായ അശോകനും താഹയ്ക്കും സ്വീകാര്യമായി. ആ കഥാപാത്രത്തിന് തിലകൻ തൽകിയ പ്രത്യേകമാനം അവിടെ തുടങ്ങുന്നു. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ തിലകൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നാടകം കടന്നുവരാൻ അനുവദിക്കാത്ത അഭിനയമാണ് പുറത്തെടുക്കുന്നത്. അത്യപൂർവവും അസാധാരണവുമായ പ്രതിഭയുള്ളവർക്കെ അതിന് കഴിയൂ. അതായിരുന്നു തിലകൻ. ​ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ വൻ പ്രേക്ഷക പ്രീതി നേടി നിൽക്കുന്ന സമയത്താണ് 'മൂക്കില്ലാരാജ്യത്തി'ൽ അദ്ദേഹം അഭിനയിക്കുന്നത്.

തിരക്കഥാകൃത്തായ എന്റെയും സംവിധായകരുടെയും ആശങ്കയെ തകർത്തുകൊണ്ട് അദ്ദേഹം ആസ്വദിച്ചാണ് കേശുവായി അഭിനയിച്ചത്. സ്വന്തം അഭിനയപ്രതിഭയെ വെല്ലുവിളിക്കുന്ന അഭിനയമുഹൂർത്തങ്ങളുണ്ടോ എന്നല്ല അ​ദ്ദേഹം നോക്കിയത്. തന്നിലെ നടന്റെ 'റേഞ്ച്' ഏതുവരെ എത്തുന്നു എന്ന് കാണിച്ചുതന്നാണ് അദ്ദേഹം അത്ഭുതപ്പെടുത്തിയത്.

ഇന്ന് ട്രോളന്മാരുടെ ഇഷ്ടചിത്രമായി 'മൂക്കില്ലാരാജ്യത്ത്' സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിൽ തിലകനുള്ള പങ്ക് ചെറുതല്ല.

ഇന്നും ഏറെ ചിരിപ്പിക്കുന്ന 'വിദേശവസ്ത്ര ബഹിഷ്ക്കരണ' രം​ഗങ്ങൾ ശ്രദ്ധിക്കുക. സീരിയസ് കോമഡിയായിട്ടാണ് അദ്ദേഹം ആ രം​ഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഏതൊരു നടന്റെ കൈയിലും പാളിപ്പോകുമായിരുന്ന രം​ഗമാണത്. മനോനില തെറ്റിയ കഥാപാത്രത്തിന് അനുയോജ്യമായ മാനറിസങ്ങൾ ഓരോ രം​ഗത്തിനും ആവശ്യമായ രീതിയിൽ കണ്ടെത്തി അത് തനിക്ക് മാത്രം കഴിയുന്ന രീതിയിൽ ഭം​ഗിയായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ട്രോളന്മാരുടെ ഇഷ്ടചിത്രമായി 'മൂക്കില്ലാരാജ്യത്ത്' സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിൽ തിലകനുള്ള പങ്ക് ചെറുതല്ല.

''എഴുന്നേറ്റ് നിൽക്കാൻ ആരോ​ഗ്യമില്ലാത്ത ആ പാവം കൃഷ്ണൻകുട്ടി നായരെ നിങ്ങൾ വാടകക്കൊലയാളിയാക്കി അല്ലേ..'' പിന്നെ കുലുങ്ങിയൊരു ചിരി

ചിത്രീകരണത്തിന്റെ വിശ്രമവേളയിൽ തിലകൻ പറയും, ''എന്നെക്കൊണ്ട് നിങ്ങൾ കോമഡി ചെയ്യിക്കുകയാണ് അല്ലേ''. അദ്ദേഹം അനിഷ്ടം പ്രകടിപ്പിക്കുകയാണോ എന്ന് സംശയിച്ച് നിൽക്കുമ്പോൾ അടുത്ത വാചകം, ''എഴുന്നേറ്റ് നിൽക്കാൻ ആരോ​ഗ്യമില്ലാത്ത ആ പാവം കൃഷ്ണൻകുട്ടി നായരെ നിങ്ങൾ വാടകക്കൊലയാളിയാക്കി അല്ലേ..'' പിന്നെ കുലുങ്ങിയൊരു ചിരി. അദ്ദേഹം സം​ഗതികൾ ആസ്വദിക്കുകയാണെന്ന് മനസിലായത് അപ്പോഴാണ്.

ശാരീരിക അധ്വാനം ആവശ്യമുള്ള ധാരാളം രം​ഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അന്ന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ഒരു വൈമുഖ്യവും പ്രകടിപ്പിക്കാതെ ആ രം​ഗങ്ങൾ ഭം​ഗിയായി ചെയ്തിരുന്നു. ഒരു ​ഗാനരം​ഗത്ത് ബ്രേക്ക് ഡാൻസും അദ്ദേഹം ചെയ്തു. മുകേഷ്, ജ​ഗതി ശ്രീകുമാർ, സിദ്ദീഖ് എന്നിവർക്കൊപ്പം ടീഷർട്ടും ജീൻസുമണിഞ്ഞ് അദ്ദേഹം ബ്രേക്ക് ഡാൻസ് ചെയ്തു. എന്നിട്ട് പറഞ്ഞു, ''എന്നെക്കൊണ്ട് നിങ്ങൾ അതും ചെയ്യിച്ചു. ചെറുപ്പക്കാര് ചെയ്യും. ഞാൻ ചെയ്തത് ബ്രേക്ക് ഡാൻസാണോ അതിന്റെ പ്രേതമാണോ എന്ന് നോക്കണം''. വീണ്ടും കുലുങ്ങിച്ചിരി. അതായിരുന്നു തിലകൻ.

ഒരു മുഴുനീള കോമഡി ചിത്രമായ മൂക്കില്ലാരാജ്യത്തിൽ മൂന്ന് രം​ഗങ്ങൾ തിലകന് ​ഗൗരവമുള്ളതായി ചെയ്യണമായിരുന്നു. ഭ്രാന്താശുപത്രിയിൽ നിന്ന് പുറത്തുചാടിയ കേശു കൊച്ചുമകളെ കാണാൻ വീട്ടിലെത്തുന്നത്, ഹോട്ടലിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന കേശുവിനെ മരുമകൻ ആക്ഷേപിക്കുന്നത്, ജോലി നഷ്ടപ്പെട്ട കേശു മദ്യപിച്ച് വന്ന് കൂട്ടുകാരോട് ആ വിവരം പറയുന്നത്. ഈ മൂന്ന് രം​ഗങ്ങളിലും പ്രതിഭയുടെ തീപ്പൊരി ചിതറുന്നത് പ്രേക്ഷകർ കണ്ടു, കണ്ണ് നിറഞ്ഞു.

എണ്ണമറ്റ ചിത്രങ്ങളിലെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകന്റെ മനസിൽ കത്തിനിൽക്കുന്ന തിലകന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് മൂക്കില്ലാരാജ്യത്തെ കേശു. തിലകൻ എന്ന, അഭിനയകലയുടെ ആഴം അറിഞ്ഞ നടന്റെ റേഞ്ച് എന്താണെന്ന് ആ ചിത്രം കാണിച്ചു തന്നു. തിലകനെ കുറിച്ച് പഠിച്ച പ്രശസ്ത നിരൂപകരെല്ലാം ഈ കഥാപാത്രത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്.

സ്നേഹം പുറത്ത് പ്രകടിപ്പിക്കാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. പരുക്കൻ, മുരടൻ എന്നൊക്കെ പലരും പറഞ്ഞിരുന്നെങ്കിലും എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ഇടപെടലും തിരക്കഥാകൃത്തെന്ന നിലയിലുള്ള പരിചയവും നല്ല രീതിയിലായിരുന്നു. സ്നേഹവും കരുതലും ഉള്ളിലായിരുന്നു. മൂക്കില്ലാരാജ്യത്തിന് പുറമെ ഞാൻ തിരക്കഥയെഴുതിയ രണ്ട് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു- ആചാര്യൻ, വാരഫലം എന്നീ ചിത്രങ്ങൾ.

തിരക്കഥാകൃത്തിന്റെ ഭാവനയിലെ കഥാപാത്രങ്ങളെ ജീവനുറ്റതാക്കി തിരശ്ശീലയിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ തിലകനുള്ള കഴിവിനെ വെല്ലാൻ മറ്റാരുമില്ല

തിരക്കഥാകൃത്തിന്റെ ഭാവനയിലെ കഥാപാത്രങ്ങളെ ജീവനുറ്റതാക്കി തിരശ്ശീലയിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ തിലകനുള്ള കഴിവിനെ വെല്ലാൻ മറ്റാരുമില്ല. അസാധാരണമായ ശബ്​ദ നിയന്ത്രണം, ഇത്രയും പെർഫക്ഷനിൽ മറ്റൊരു നടനിലും കാണാൻ നമുക്ക് കഴിയില്ല. 'മൂക്കില്ലാരാജ്യത്ത് സീസൺ ടു' എന്ന പേരിൽ ഒരു രണ്ടാം ഭാ​ഗം ആ ചിത്രത്തിന് ആലോചിക്കുന്ന ഈ വേളയിൽ ആ നാട്യമുനിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ദുഃഖം വളരെ വലുതാണ്. ഒരുപാട് ഓർമകൾ ഇനിയും ബാക്കിയാണ്. വിട പറഞ്ഞിട്ട് പത്തുവർഷം ആയെങ്കിലും അർത്ഥപൂർണവും സംഭവബഹുലവുമായ ആ മഹാജീവിതത്തിന്റെ തിരുശേഷിപ്പുകളിൽ 'മൂക്കില്ലാരാജ്യത്തെ' കേശുവും ഉൾപ്പെടുന്നതിൽ തിരക്കഥാകൃത്ത് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.

logo
The Fourth
www.thefourthnews.in